khel ratna renameing
ഖേല്‍ രത്‌നയുടെ പേര് മാറ്റിയത് ജനങ്ങളുടെ ആവശ്യപ്രകാരമല്ല; മന്ത്രാലയം നടപടി തുടങ്ങിയത് മോദിയുടെ ട്വീറ്റിന് ശേഷം മാത്രമെന്ന് രേഖകള്‍
41 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ മെഡല്‍ നേടിയതിനു പിന്നാലെയാണ്, നിരവധിപേരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് രാജീവ് ഗാന്ധിയുടെ പേരിലുള്ള ഖേല്‍ രത്‌ന അവാര്‍ഡ് ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ പേരിലേക്ക് മാറ്റുകയാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്
ന്യൂഡല്‍ഹി | ഇന്ത്യയിലെ കായിക താരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌നയുടെ പേര് മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താത്പര്യത്തില്‍ മാത്രം എന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. രാജീവ് ഗാന്ധി ഖേല്‍ രത്‌നയുടെ പേര്, ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന എന്ന് പുനര്‍നാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് തനിക്ക് പൊതു ജനങ്ങളില്‍ നിന്ന് നിരന്തരം നിര്‍ദ്ദേശം ലഭിച്ചെന്നാണ് പേര് മാറ്റുന്നതിന്റെ വിവിരം അറിയിച്ചുകൊണ്ട് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഈ അവകാശവാദത്തെ പാടെ തള്ളിക്കളയുന്ന വിവരാവകാശ രേഖകളാണ് ദി വയര്‍ പുറത്ത് വിട്ടത്.
ജനങ്ങളുടെ ആവശ്യപ്രകാരമാണ് ഖേല്‍ രത്‌നക്ക് ധ്യാന്‍ ചന്ദിന്റെ പേര് നല്‍കുന്നത് എന്ന് പ്രധാനമന്ത്രി ആവകാശപ്പെട്ടെങ്കിലും ഈ ആവശ്യവുമായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ യാതൊരു തരത്തിലുമുള്ള കത്തുകളും ലഭിച്ചിട്ടില്ല. ഇത്തരം ആവശ്യമുന്നയിച്ച് രേഖപ്രകാരമുള്ള കത്തുകള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട മന്ത്രാലയത്തിലേക്ക് കത്ത് കൈമാറുന്ന പതിവും ഉണ്ട്. ഇത്തരത്തില്‍ ഒരു നിവേദനവും കായിക- യുവജന ക്ഷേമ മന്ത്രാലയത്തിന്റെ ഓഫീസിലും ലഭിച്ചിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
ഖേല്‍ രത്‌നയുടെ പേര് മാറ്റാന്‍ എത്രപേര്‍ ആവശ്യപ്പെട്ടുവെന്നും ഇതിന്റെ രേഖകള്‍ ലഭ്യമാണോ എന്നും വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ ഇതിന്റെ രേഖകള്‍ ലഭ്യമല്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. മാത്രമല്ല, നരേന്ദ്ര മോദിയുടെ ട്വീറ്റിന് ശേഷം മാത്രമാണ് മന്ത്രാലയം പേര് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
41 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ മെഡല്‍ നേടിയതിനു പിന്നാലെയാണ്, നിരവധിപേരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് രാജീവ് ഗാന്ധിയുടെ പേരിലുള്ള ഖേല്‍ രത്‌ന അവാര്‍ഡ് ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ പേരിലേക്ക് മാറ്റുകയാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.