Editorial
രക്ഷാദൗത്യം അന്തിമഘട്ടത്തില്‍
ശ്രമകരമായിരുന്നു യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി. വിഷമഘട്ടങ്ങളില്‍ പ്രവാസികളായ നമ്മുടെ പൗരന്മാരെ തിരികെയെത്തിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെങ്കിലും വളരെ ആലോചിച്ചും തിരിച്ചുവരുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തിയും വേണം അത് നിര്‍വഹിക്കാന്‍. ഇക്കാര്യത്തില്‍ മോദി സര്‍ക്കാറിന്റെ സേവനം അഭിനന്ദനാര്‍ഹമാണ്.
ആശ്വാസകരമായ വാര്‍ത്തയാണ് എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളും സുമിയില്‍ നിന്ന് രക്ഷപ്പെട്ട് യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി കടന്നുവെന്നത്. പോരാട്ടം രൂക്ഷമായ സുമിയില്‍ 200ഓളം മലയാളികളടക്കം 694 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കുടുങ്ങിയിരുന്നത്. യുദ്ധമേഖലയില്‍ നിന്ന് അവരെ ഒഴിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. റഷ്യയുടെ വെടിനിര്‍ത്തലിന് യുക്രൈന്‍ പച്ചക്കൊടി കാട്ടിയതോടെയാണ് പലതവണ മുടങ്ങിയ സുമിയിലെ രക്ഷാപ്രവര്‍ത്തനം വിജയത്തിലെത്തിയത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി റഷ്യ സുമി മുതല്‍ പോള്‍ട്ടോവ വരെ മാനുഷിക ഇടനാഴി അനുവദിച്ചത് ഇതിനു സഹായകമായി. വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ സുരക്ഷിത ഇടനാഴി അനുവദിക്കാത്തതില്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ ആശങ്ക അറിയിച്ചതിനു പിന്നാലെയായിരുന്നു റഷ്യ ഇടനാഴി ഒരുക്കിയത്.
യുക്രൈന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് ഇന്ത്യ പലവട്ടം റഷ്യന്‍ ഭരണകൂടത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി എന്നിവരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. തുടക്കത്തില്‍ റഷ്യ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് പുനഃപരിശോധിക്കേണ്ടി വരുമെന്ന് റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയതോടെയാണ് വിഷയത്തില്‍ പുടിന്‍ അനുകൂല നിലപാട് സ്വീകരിച്ചതെന്നാണ് റിേപാര്‍ട്ട്. ഇന്ത്യയുടെ ഒഴിപ്പിക്കല്‍ നടപടിക്ക് യുക്രൈന്റെ പൂര്‍ണ സഹകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുമിയിലെ വിദ്യാര്‍ഥികള്‍ കൂടി നാട്ടിലെത്തുന്നതോടെ ഓപറേഷന്‍ ഗംഗക്ക് അവസാനമാകും. ഇതോടെ 20,000ത്തിലധികം പേരെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. വ്യാവസായിക, വാണിജ്യ മേഖലകളിലും മറ്റും ഏര്‍പ്പെട്ട ഏതാനും ഇന്ത്യക്കാരാണ് ഇനി അവശേഷിക്കുന്നത്. അവര്‍ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിക്കാത്തതു കൊണ്ട് ഓപറേഷന്‍ ഗംഗയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇനിയും മറ്റേതെങ്കിലും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചാല്‍ അവരെ കൂടി നാട്ടിലെത്തിക്കുന്നതിന് സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. വലിയ രാജ്യങ്ങള്‍ പോലും പൗരന്മാരെ ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഇന്ത്യക്ക് ഇത് സാധിച്ചത് വലിയ വിജയമാണെന്നും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം മൂലമാണ് ഇത് സാധ്യമായതെന്നുമാണ് ഓപറേഷന്‍ ഗംഗയുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വിദേശകാര്യ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ കൈകോര്‍ത്താണ് യുക്രൈനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയത്. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി, സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നിയമ മന്ത്രി കിരണ്‍ റിജിജു, സിവില്‍ വ്യോമയാന സഹമന്ത്രി വി കെ സിംഗ് തുടങ്ങിയവര്‍ യുക്രൈനോട് ചേര്‍ന്നുള്ള രാജ്യങ്ങളില്‍ ക്യാമ്പ് ചെയ്താണ് ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. 12 ബസുകളിലായി ഇന്ത്യന്‍ എംബസിയുടെയും റെഡ് ക്രോസിന്റെയും വാഹനങ്ങളുടെ അകമ്പടിയോടെ പോള്‍ട്ടോവ വഴിയാണ് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് വിദ്യാര്‍ഥികളെ എത്തിച്ചത്. അവിടെ അവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. വിദേശ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം യുദ്ധത്തിനു മുമ്പ് എണ്ണായിരത്തോളം ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടിരുന്നു. പഠനം മുടങ്ങുമെന്ന ആശങ്ക മൂലമാണ് അന്ന് വിദ്യാര്‍ഥികള്‍ അവിടെ തന്നെ തങ്ങാന്‍ കാരണം.
നമ്മുടെ പൗരന്മാര്‍ക്കൊപ്പം പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരെയും ഓപറേഷന്‍ ഗംഗയുടെ ഭാഗമായി നാടണയാന്‍ സഹായിക്കുന്നുണ്ട് ഇന്ത്യ. തങ്ങളുടെ ഒമ്പത് വിദ്യാര്‍ഥികളെ നാട്ടിലെത്താന്‍ സഹായിച്ചതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന നരേന്ദ്ര മോദി സര്‍ക്കാറിന് നന്ദി രേഖപ്പെടുത്തുകയുണ്ടായി. അസ്മ ശഫീഖ് എന്ന പാക് വിദ്യാര്‍ഥിനി, യുക്രൈനില്‍ നിന്ന് തന്നെ രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ എംബസിക്കും സാമൂഹിക മാധ്യമങ്ങളിലൂടെ നന്ദി രേഖപ്പെടുത്തി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. യുദ്ധഭൂമിയില്‍ തങ്ങളെ രക്ഷപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ഭരണകൂടം ഒന്നും ചെയ്തില്ലെന്നും ഇന്ത്യന്‍ ഇടപെടലാണ് രക്ഷയായതെന്നും വെളിപ്പെടുത്തി യുക്രൈനിലെ നാഷനല്‍ എയ്‌റോസ്‌പേസ് യൂനിവേഴ്‌സിറ്റിയിലെ പാക് വിദ്യാര്‍ഥിനി മിശ അര്‍ഷാദും രംഗത്തു വരികയുണ്ടായി. പാക്കിസ്ഥാന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ പതാക ഉപയോഗിച്ചാണ് യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്കു കടന്നതെന്ന് വാര്‍ത്തയുണ്ടായിരുന്നു.
59 ദിവസം കൊണ്ട് 488 വിമാനങ്ങളിലായി 1,70,000 പേരെ ഇന്ത്യയിലെത്തിച്ച ഇറാഖിന്റെ കുവൈത്ത് അധിനിവേശകാലത്തെ രക്ഷാപ്രവര്‍ത്തനത്തോളം ദുഷ്‌കരമല്ലെങ്കിലും, ശ്രമകരമായിരുന്നു യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി. യുദ്ധനിയമങ്ങളെയും അന്താരാഷ്ട്ര ചട്ടങ്ങളെയും കാറ്റില്‍ പറത്തി റഷ്യ യുക്രൈനെ ആക്രമിക്കുകയും ജനവാസ കേന്ദ്രങ്ങളിലടക്കം കനത്ത ബോംബിംഗ് നടത്തുകയും ചെയ്യുന്നതിനിടെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഈ ദൗത്യം. വിഷമഘട്ടങ്ങളില്‍ പ്രവാസികളായ നമ്മുടെ പൗരന്മാരെ തിരികെയെത്തിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെങ്കിലും വളരെ ആലോചിച്ചും തിരിച്ചുവരുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തിയും വേണം അത് നിര്‍വഹിക്കാന്‍. ഇക്കാര്യത്തില്‍ മോദി സര്‍ക്കാറിന്റെ സേവനം അഭിനന്ദനാര്‍ഹമാണ്.