editorial
വഞ്ചിതരായി മുനന്പം നിവാസികൾ
പ്രശ്‌നം ഇനിയും നീട്ടിക്കൊണ്ടുപോകാതെ ന്യായമായ പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. ഭൂമി വഖ്ഫ് സ്വത്താണെന്ന് രേഖകളൊന്നടങ്കം പറയുന്ന സാഹചര്യത്തില്‍ വഖ്ഫ് നിയമങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം പരിഹാരം.

ഞെട്ടലോടെയാണ് മുനമ്പം പ്രശ്‌നം സംബന്ധിച്ച കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്്താവന കേരളീയ ക്രൈസ്്തവ നേതൃത്വവും മുനമ്പം സമര സമിതി ഭാരവാഹികളും കേട്ടത്. വഖ്ഫ് ഭേദഗതി നിയമം മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും ഇക്കാര്യത്തില്‍ മുനമ്പത്തെ കുടിയേറ്റക്കാര്‍ സുപ്രീം കോടതി വരെ നീളുന്ന നിയമപോരാട്ടം നടത്തേണ്ടി വരുമെന്നുമാണ് വഖ്ഫ് നിയമ ഭേദഗതി ബില്ല് അംഗീകരിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി പ്രകടിപ്പിക്കാനെന്ന പേരില്‍ മുനമ്പത്ത് സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ മന്ത്രി കിരണ്‍ റിജിജു പറഞ്ഞത്.
ബില്ല് നിയമമാകുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുകയും മുനമ്പത്തെ സമരപ്പന്തല്‍ പൊളിച്ചു മാറ്റി വീടുകളിലേക്ക് മടങ്ങാമെന്നുമായിരുന്നു സമരക്കാരുടെ പ്രത്യാശ. ഈ വിശ്വാസത്തിലാണ് വഖ്ഫ് ഭേദദഗതി ബില്ലിന് കേരളത്തിലെ ക്രിസ്്ത്രീയ നേതൃത്വം പിന്തുണ പ്രഖ്യാപിച്ചതും പാര്‍ലിമെന്റില്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ എം പിമാരോട് ആവശ്യപ്പെട്ടതും. ഞങ്ങള്‍ ചതിക്കപ്പെട്ടുവെന്നാണ് മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്്താവനയോടുള്ള മുനമ്പം സമര സമിതി കണ്‍വീനര്‍ ജോസഫ് ബെന്നിയുടെ പ്രതികരണം. “വളരെയേറെ പ്രതീക്ഷയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. കിരണ്‍ റിജിജുവിന്റെ പ്രസ്്താവന അത് നഷ്്്ടമാക്കി. ബി ജെ പി നേതാക്കള്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇനിയെവിടെ നിന്നാണ് നീതി ലഭ്യമാവുക? എത്ര കടമ്പ കടക്കണം നീതി ലഭിക്കണമെങ്കില്‍. ഇനിയങ്ങോട്ട് ദീര്‍ഘമായ നിയമപോരാട്ടം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകുന്നില്ലെ’ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീറോ മലബാര്‍ സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കരയും മുനമ്പം സമര സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യറും മാധ്യങ്ങളോട് തങ്ങളുടെ നിരാശ അറിയിച്ചു. വഖ്ഫ് നിയമ ഭേദഗതിയില്‍ മുന്‍കാല പ്രാബല്യം കൊണ്ടുവരികയെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാതിരുന്നത് നിരാശാജനകമാണ്.വഖ്ഫ് നിയമഭേദഗതി കൊണ്ട് മുനമ്പത്തെ പ്രശ്‌നങ്ങള്‍ പരിഹിരിക്കപ്പെടില്ല.ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ നിയമപരമായി മാത്രമേ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാനാവുകയുള്ളൂ.നിയമപരമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞത്. ഇതേ സ്വരത്തിലായിരുന്നു ഫാ. ആന്റണി സേവ്യറുടെ പ്രതികരണവും.
“ഇന്ന് രാത്രി മുതല്‍ ഭൂമിയുടെ റവന്യൂ അധികാരം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. നാളെ തൊട്ട് നിങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളില്‍ പോയി ഭൂമിയുടെ കരമൊടുക്കാ’മെന്നായിരുന്നു വഖ്ഫ് ഭേദഗതി ബില്ല് പാര്‍ലിമെന്റ്അംഗീകരിച്ചതിന് പിന്നാലെ മുനമ്പത്തുകാരോട് ബി ജെ പി നേതാക്കളുടെ പ്രഖ്യാപനം. ഇതില്‍ വിശ്വസിച്ച് മുനമ്പത്തുകാര്‍ ആഹ്ലാദ പ്രകടനം നടത്തുകയും നന്ദി പ്രകാശനമായി ഏതാനും പേര്‍ ബി ജെ പിയില്‍ അംഗത്വമെടുക്കുകയും ചെയ്തു.എല്ലാം അബദ്ധമായെന്നും തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും സമരസമിതിക്കും ക്രിസ്്തീയ നേതൃത്വത്തിനും ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കണം. ബി ജെ പിയെ വിശ്വസിച്ച് ബില്ലിനെ പിന്തുണക്കുന്നത് ഖേദത്തിനിടയാക്കുമെന്ന് ചില ക്രിസ്്തീയ പുരോഹിതന്മാര്‍ തന്നെ സഭാ നേതൃത്വത്തെ ഉണര്‍ത്തിയിരുന്ന താണ്. അന്ന് സഭാ നേതൃത്വം അത് ഗൗരവമായെടുത്തില്ല.
നിയമ പോരാട്ടം തുടരാനാണ് മുനമ്പം കുടിയേറ്റക്കാരുടെ തീരുമാനമെങ്കിലും ഈ വഴി അത്ര സുഗമമല്ലെന്നാണ് വിവാദ ഭൂമിയെക്കുറിച്ച് ഫാറൂഖ് കോളജ് പറവൂര്‍ സബ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും വഖ്ഫ് ബോര്‍ഡ് ടൈബ്യൂണലില്‍ നല്‍കിയ മൊഴിയും വ്യക്തമാക്കുന്നത്. മുനമ്പം ഭൂമി വഖ്ഫ് സ്വത്താണെന്ന് ഫാറൂഖ് കോളജ് സബ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സംശയത്തിനിടമില്ലാതെ പറയുന്നു. മുനമ്പത്തെ ആധാരത്തില്‍ രണ്ട് സ്ഥലങ്ങളില്‍ ഭൂമി വഖ്ഫാണെന്ന് പരാമര്‍ശിക്കുന്നതായി ടൈബ്യൂണലിലെ വഖ്ഫ് ബോര്‍ഡിന്റെ മൊഴിയും വ്യക്തമാക്കുന്നു. 1964 നവംബര്‍ 14ന് നിയമസഭയില്‍ ഒരു അടിയന്തര പ്രമേയത്തിനുള്ള മറുപടിയില്‍ അന്നത്തെ ആഭ്യന്തര മന്ത്രി പി ടി ചാക്കോയും മുനമ്പം ഭൂമി വഖ്ഫ് സ്വത്താണെന്നും 1950ല്‍ ഇടപ്പള്ളി എസ് ആര്‍ ഒ ഓഫീസില്‍ വഖ്ഫായാണ് 404.76 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നും വെളിപ്പെടുത്തിയിരുന്നു.
ബി ജെ പി നേതൃത്വത്തിനും അറിയാത്തതല്ല, പുതിയ നിയമം കൊണ്ട് മുനമ്പം പ്രശ്‌നം പരിഹൃതമാവുകയില്ലെന്ന്. ബില്ലിന് ക്രിസ്്തീയ നേതൃതത്വത്തിന്റെ പിന്തുണ നേടുന്നതിന് സഭാ നേതൃത്വത്തെയും സമരക്കാരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം. ബില്ല് അവതരണ വേളയില്‍ മന്ത്രി കിരണ്‍ റിജിജുവും പാര്‍ലിമെന്റിലെ ചര്‍ച്ചാവേളയില്‍ കേരളത്തില്‍ നിന്നുള്ള ബി ജെ പി പ്രതിനിധി സുരേഷ്‌ഗോപിയും “മുനമ്പം മുനമ്പം’ എന്ന് ആവര്‍ത്തിച്ചു പറഞ്ഞത് തനി തട്ടിപ്പായിരുന്നുവെന്ന് വ്യക്തം. സംസ്ഥാനത്ത് സാമുദായിക വിഭജനം സൃഷ്്ടിച്ച് കലക്കുവെള്ളത്തില്‍ നിന്ന് മീന്‍പിടിക്കുക മാത്രമാണ് ബി ജെ പിയുടെ ലക്ഷ്യം. അതിലപ്പുറം മുനമ്പത്തുകാരോടോ, ക്രിസ്്തീയ സമൂഹത്തോടോ ഒരു താത്പര്യവുമില്ല. കേരളത്തില്‍ ക്രിസ്്തീയ വിഭാഗവുമായി ചങ്ങാത്തത്തിന് ശ്രമിക്കുമ്പോള്‍ തന്നെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കടുത്ത അതിക്രമമാണ് ക്രിസ്്ത്യന്‍ വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരെ ബി ജെ പി ഭരണകൂടങ്ങളും സംഘ്പരിവാര്‍ സംഘടനകളും നടത്തി വരുന്നത്. കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ക്രിസ്്തീയ വിശ്വാസികള്‍ക്ക് കുരുത്തോല പ്രദര്‍ശനത്തിനുള്ള അനുമതി പോലും നിഷേധിക്കപ്പെട്ടു.
പ്രശ്‌നം ഇനിയും നീട്ടിക്കൊണ്ടുപോകാതെ ന്യായമായ പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. ഭൂമി വഖ്ഫ് സ്വത്താണെന്ന് രേഖകളൊന്നടങ്കം പറയുന്ന സാഹചര്യത്തില്‍ വഖ്ഫ് നിയമങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം പരിഹാരം. വഖ്ഫ് സ്വത്തുക്കള്‍ വില്‍ക്കാനോ മറ്റാര്‍ക്കും അന്യാധീനപ്പെടുത്താനോ പാടില്ലെന്ന നിയമം പാലിക്കപ്പെടണം. അതേസമയം വസ്്തു ത അറിയാതെ ഭൂമി വിലയ്ക്ക് വാങ്ങിയ മുനമ്പത്തെ താമസക്കാരെ വഴിയാധാരമാക്കുകയും അരുത്. അവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയാവിഷ്‌കരിച്ച് 404.76 ഏക്കർ ഭൂമി വഖ്ഫായി നിലനിര്‍ത്തുകയാണ് ന്യായയുക്തമായ പരിഹാരം.