Connect with us

Kerala

നല്ല വസ്ത്രം ധരിച്ചെത്തി പറയുന്ന കളവിന് വിശ്വാസ്യതയുണ്ടെന്നത് ഗവേഷണ ഫലം; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപം ആവര്‍ത്തിച്ച് എ വിജയരാഘവന്‍

നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണെന്നും നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഇട്ടുവരുന്നവരെ സൂക്ഷിക്കണം എന്നുമായിരുന്നു കഴിഞ്ഞ ദിവസം വിജയരാഘവന്‍ പൊതുവേദിയില്‍ പറഞ്ഞത്

Published

|

Last Updated

പാലക്കാട്  | മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപം ആവര്‍ത്തിച്ച് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഗവേഷണങ്ങളില്‍ തെളിഞ്ഞതാണ്. നല്ല വസ്ത്രം ധരിച്ച് വന്ന് പറയുന്ന കളവിന് വിശ്വാസ്യതയുണ്ടെന്ന് ഗവേഷണഫലം ഉണ്ടെന്നുമായിരുന്നു വിജയരാഘവന്റെ ഇന്നത്തെ പ്രതികരണം. മാധ്യമ പ്രവര്‍ത്തകര്‍ നല്ല വസ്ത്രം ധരിക്കണം എന്ന എന്റെ അഭിപ്രായമാണ് ആദ്യം രേഖപ്പെടുത്തുന്നത്. ഇതിനെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ ഉണ്ട്. വെറുതെ പറയുന്നതല്ല. എങ്ങനെയാണ് മാധ്യമ പ്രവര്‍ത്തകന്റെ വാക്കുകള്‍ സ്വീകരിക്കപ്പെടുകയെന്നതില്‍ ഒരുപാട് ഗവേഷണങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്. നല്ല ഭക്ഷണം, നല്ല വസ്ത്രധാരണം, നല്ല അലങ്കാരങ്ങള്‍ ആ നിലയില്‍ പ്രവര്‍ത്തിക്കുകയും കളവ് കുറച്ചുമാത്രം പറയുകയും വേണം. നിങ്ങളോട് എനിക്ക് ആഴത്തിലുള്ള സ്നേഹമാണ്. നിങ്ങളെ കാണുന്നത് തന്നെ സന്തോഷമാണ്- വിജയരാഘവന്‍ പറഞ്ഞു.

നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണെന്നും നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഇട്ടുവരുന്നവരെ സൂക്ഷിക്കണം എന്നുമായിരുന്നു കഴിഞ്ഞ ദിവസം വിജയരാഘവന്‍ പൊതുവേദിയില്‍ പറഞ്ഞത്. പ്രസ്താവനക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയിരുന്നു.. വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വസ്ത്രധാരണം നോക്കി സ്വഭാവഹത്യ ചെയ്യുന്ന പ്രതികരണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും വിജയരാഘവന്‍ മാപ്പ് പറയണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് വിജയരാഘവന്‍ അധിക്ഷേപം ആവര്‍ത്തിച്ചത്.