Connect with us

From the print

ഹാജിമാരുടെ മടക്കയാത്ര പൂര്‍ത്തിയായി

ഇന്നലെ ഉച്ചക്ക് 12.50ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം ഹാജിമാരെയും വഹിച്ച് കരിപ്പൂരിലിറങ്ങിയതോടെയാണ് മടക്കയാത്രക്ക് സമാപനമായത്.

Published

|

Last Updated

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന അവസാന സംഘത്തെ കരിപ്പൂരില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് പോയ ഹാജിമാരുടെ മടക്കയാത്ര പൂര്‍ത്തിയായി. ഇന്നലെ ഉച്ചക്ക് 12.50ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം ഹാജിമാരെയും വഹിച്ച് കരിപ്പൂരിലിറങ്ങിയതോടെയാണ് മടക്കയാത്രക്ക് സമാപനമായത്.

ഈ മാസം ഒന്ന് മുതലാണ് കരിപ്പൂരിലെ മടക്കയാത്ര തുടങ്ങിയത്. ഈ വര്‍ഷം കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് യാത്രയും മടക്കയാത്രയും കരിപ്പൂരിലായിരുന്നു. മെയ് 21നായിരുന്നു കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്ക് തുടക്കമായത്. കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം ജൂണ്‍ ഒന്നിനും കൊച്ചിയില്‍ നിന്നുള്ള വിമാനം മെയ് 26നുമായിരുന്നു. കണ്ണൂരിലെ അവസാനസംഘം കഴിഞ്ഞ 19ന് തിരിച്ചെത്തിയിരുന്നു.

കൊച്ചിയില്‍ നിന്ന് പുറപ്പെട്ടവരുടെ മടക്കയാത്ര ഞായറാഴ്ച സമാപിച്ചു. 86 ഹാജിമാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. കൊച്ചിയിലും കണ്ണൂരിലും സഊദി എയര്‍ലൈന്‍സായിരുന്നു ഹജ്ജ് യാത്രാ കരാര്‍ ഏറ്റെടുത്തിരുന്നത്. കോഴിക്കോട് നിന്ന് 64, കൊച്ചി 16, കണ്ണൂരില്‍ നിന്ന് ഒമ്പതും വിമാനങ്ങളായിരുന്നു ഹജ്ജ് സര്‍വീസ് നടത്തിയിരുന്നത്. സംസ്ഥാനത്തെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നായി 18,200 പേരാണ് ഹജ്ജ് കര്‍മത്തിന് പുറപ്പെട്ടിരുന്നത്. ഇതില്‍ 17, 920 പേര്‍ സംസ്ഥാനത്ത് നിന്നുള്ളവരും 280 പേര്‍ ഇതര സംസ്ഥാനക്കാരുമായിരുന്നു. 90 ഹജ്ജ് വളണ്ടിയര്‍മാരായിരുന്നു ഈ വര്‍ഷം ഹാജിമാരെ അനുഗമിച്ചത്. കോഴിക്കോട് വഴി 10,515, കണ്ണൂരില്‍ നിന്ന് 3,028, കൊച്ചി വഴി 4,477 പേരുമാണ് ഹജ്ജിനു പുറപ്പെട്ടിരുന്നത്.

26 പേര്‍ വിശുദ്ധ ഭൂമിയില്‍ മരണപ്പെട്ടിരുന്നു. വാഴയൂര്‍ തിരുത്തിയാട് മണ്ണില്‍ കടവത്ത് മുഹമ്മദിനെ ജൂണ്‍ 15 മുതല്‍ മക്കയില്‍ കാണാതായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താനായില്ല. കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. കരിപ്പൂരിലെത്തിയ അവസാന സംഘത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അംഗങ്ങളായ മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ, കെ എം മുഹമ്മദ് ഖാസിം കോയ, അഡ്വ. പി മൊയ്തീന്‍കുട്ടി, ഉമര്‍ ഫൈസി മുക്കം, പി പി മുഹമ്മദ് റാഫി, പി ടി അക്ബര്‍, ഹജ്ജ് കാര്യ മന്ത്രിയുടെ ഓഫീസ് പ്രതിനിധി യൂസുഫ് പടനിലം, ഹജ്ജ് കമ്മിറ്റി അസ്സി. സെക്രട്ടറി എന്‍ മുഹമ്മദലി, പി കെ അസ്സയിന്‍, മുഹമ്മദ് ശഫീഖ്, മാനുഹാജി എന്നിവരും ഹജ്ജ് സെല്‍ അംഗങ്ങളും വളണ്ടിയര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു.

 

Latest