From the print
ഹാജിമാരുടെ മടക്കയാത്ര പൂര്‍ത്തിയായി
ഇന്നലെ പുലര്‍ച്ചെ 1:24ന് അവസാന വിമാനം കരിപ്പൂരില്‍ എത്തിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് യാത്രയും മടക്കവും പൂര്‍ത്തിയായി.
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്കയാത്ര പൂര്‍ത്തിയായി. ഇന്നലെ പുലര്‍ച്ചെ 1:24ന് അവസാന വിമാനം കരിപ്പൂരില്‍ എത്തിയതോടെ ഈ വര്‍ഷത്തെ ഹജ്ജ് യാത്രയും മടക്കവും പൂര്‍ത്തിയായി. അവസാന വിമാനത്തിലെ തീര്‍ഥാടകരെ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി മൊയ്തീന്‍ കുട്ടി, ഡോ. ഐ പി അബ്ദുല്‍ സലാം, കെ പി സുലൈമാന്‍ ഹാജി, അക്ബര്‍ പി ടി, എക്സിക്യൂട്ടീവ് ഓഫീസര്‍ ഹമീദ് പി എം, അസ്സയിന്‍ പുളിക്കില്‍, മുഹമ്മദ് ശഫീഖ് പി കെ, മുഹമ്മദ് റഊഫ് യു, ഹജ്ജ് സെല്‍ അംഗങ്ങള്‍, സന്നദ്ധ സേവകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ജൂലൈ 13 മുതലാണ് ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചിരുന്നത്. മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്കയാത്ര. കണ്ണൂരില്‍ 14നും കൊച്ചിയില്‍ 18നുമാണ് മടക്കയാത്രക്ക് തുടക്കമായിരുന്നത്. 11,556 പേരാണ് ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജിന് പുറപ്പെട്ടിരുന്നത്. ഇതില്‍ 11,252 പേര്‍ കേരളത്തില്‍ നിന്നുള്ളവരും 304 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. കോഴിക്കോട് 7,045, കണ്ണൂര്‍ 2,030, കൊച്ചി 2,481 എന്നിങ്ങനെയായിരുന്നു മൂന്ന് എമ്പാര്‍ക്കേഷനില്‍ നിന്നുമായി ഹാജിമാര്‍ യാത്ര പുറപ്പെട്ടിരുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പുറപ്പെട്ടിരുന്ന പത്ത് പേര്‍ വിശുദ്ധ ഭൂമിയില്‍ മരിച്ചിരുന്നു. ഈ വര്‍ഷം കേരളത്തില്‍ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങള്‍ അനുവദിച്ചത് ഹാജിമാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. വീടിന് ഏറ്റവും അടുത്തുള്ള പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്ന് യാത്രയാകാനായത് വലിയ സൗകര്യമായതായി ഹാജിമാര്‍ പറഞ്ഞു. മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നായി മൊത്തം 70 വിമാനങ്ങള്‍ ഹാജിമാരെയും വഹിച്ച് വിശുദ്ധ ഭൂമിയിലേക്ക് പുറപ്പെട്ടു. ഇതില്‍ കരിപ്പൂര്‍, കണ്ണൂര്‍ എന്നീ പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സും കൊച്ചിയില്‍ നിന്ന് സഊദി എയര്‍ലൈന്‍സുമാണ് യാത്രാ കരാര്‍ ഏറ്റെടുത്തിരുന്നത്.
കരിപ്പൂരില്‍ 49 ഉം കണ്ണൂരില്‍ 14 ഉം കൊച്ചിയില്‍ ഏഴും സര്‍വീസുകള്‍ നടന്നു. ഹാജിമാര്‍ക്ക് മൂന്ന് ഹജ്ജ് ക്യാമ്പുകളിലും പുറപ്പെടല്‍ കേന്ദ്രങ്ങളിലും കുറ്റമറ്റ സംവിധാനമാണ് ഹജ്ജ് കമ്മിറ്റിയും സംസ്ഥാന സര്‍ക്കാറും ഒരുക്കിയിരുന്നത്. മക്കയിലും മദീനയിലും ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിന് ഈ വര്‍ഷം 28 ഹജ്ജ് വളണ്ടിയര്‍മാരെ വിശുദ്ധ ഭൂമിയില്‍ നിയോഗിച്ചിരുന്നു. കൂടാതെ മക്കയിലും മദീനയിലും ഏകോപനം നടത്തുന്നതിനായി മുന്‍ ഹജ്ജ് എക്സിക്യൂട്ടീവ് ഓഫീസറും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജാഫര്‍ മാലികിനെ നോഡല്‍ ഓഫീസറായും സര്‍ക്കാര്‍ നിയമിച്ചിരുന്നു. മടങ്ങിയെത്തുന്ന ഹാജിമാരുടെ സേവനത്തിനായി 11 ഉദ്യോഗസ്ഥരെയും പ്രത്യേകം നിയോഗിച്ചിരുന്നു.
ജൂണ്‍ മൂന്നിനായിരുന്നു ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് ആരംഭിച്ചിരുന്നത്. ഹജ്ജ് യാത്രയും മടക്കവും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് സഹായിച്ച മുഴുവന്‍ ഏജന്‍സികള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നന്ദി അറിയിച്ചു.