Kannur
തിരിച്ചുവെച്ച സിസിടിവിയിൽ 'കഷണ്ടിത്തല' തെളിഞ്ഞു; വളപട്ടണം മോഷണത്തിൽ ലിജീഷിനെ കുടുക്കിയത് ഈ ദൃശ്യങ്ങൾ
ലിജീഷിനെ ഇന്ന് റിമാൻഡ് ചെയ്യും. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.
കണ്ണൂർ | വളപട്ടണത്ത് അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പ്രതി ലിജീഷിന് കുരുക്കായത് സിസിടിവി ദൃശ്യങ്ങൾ. സിസി ടിവി ദൃശ്യങ്ങളിൽ പെടാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തിയ പ്രതി ഒരു സി സി ടി വി ക്യാമറ തിരിച്ചുവെച്ചു. എന്നാൽ ഈ തിരിച്ചുവെച്ച ക്യാമറ തന്നെ പ്രതിക്ക് കെണിയായി മാറി. പ്രതി ക്യാമറ തിരിച്ചുവെച്ചതോടെ വീട്ടിലെ ഒരു മുറിയിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്ന വിധത്തിലായി അതിന്റെ സ്ഥാനം. വീട്ടിൽ കടന്ന പ്രതിയുടെ കഷണ്ടിത്തല സിസിടിവിയിൽ കുടുങ്ങി. ഇതാണ് അന്വേഷണത്തിൽ പ്രധാന തുമ്പായി മാറിയത്.
മോഷണം നടത്തിയത് വീടും പരിസരവും നന്നായി അറിയാവുന്ന ആളാണെന്ന് പോലീസ് ആദ്യം തന്നെ സംശയിച്ചിരുന്നു. തുടർന്ന് പോലീസ് നൂറോളം സിസിടിവി ദൃശ്യങ്ങളും 115 സി.ഡി.ആറുകളും പരിശോധിച്ചു. ഇതിൽ കഷണ്ടിയുള്ള ആളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. പക്ഷേ, മുഖം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പരിസര വാസികളായ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. ലിജീഷിനെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നി. ഇതോടെ വിശദമായി ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളവും പോലീസിന് കാര്യങ്ങൾ എളുപ്പമാക്കി.
മൂന്ന് മാസം മുൻപാണ് ലിജീഷ് ഗൾഫിൽ നിന്ന് വന്നത്. അഷ്‌റഫിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണത്തേയും സ്വര്‍ണത്തേയും കുറിച്ച് ലിജീഷിന് വ്യക്തമായ വിവരമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാർ യാത്ര പോയ സമയം നോക്കി പ്രതി മോഷണം ആസൂത്രണം ചെയ്തത്. 40 മിനുട്ട് സമയം കൊണ്ടാണ് ലിജീഷ് മോഷണം നടത്തി പുറത്തുകടന്നത്. മോഷണം നടത്തിയ ശേഷം ധരിച്ച ടീഷർട്ടും മാസ്കും കത്തിച്ചുകളഞ്ഞെന്ന് ലിജീഷ് പറഞ്ഞു. പണവും സ്വർണവും ബാഗിലും സഞ്ചിയിലുമായാണ് എടുത്തു കടത്തിയതെന്നും ഇയാൾ പോലീസിന് മൊഴി നൽകി.
അതിനിടെ, കീച്ചേരിയിലെ മറ്റൊരു കേസുമായി ഈ കേസിന് സാമ്യമുള്ളതായി പോലീസ് കണ്ടെത്തി. രണ്ട് കേസുകളിലും ജനൽ ഇളക്കിയാണ് പ്രതി വീടിനകത്ത് കടന്നതെന്ന് പോലീസിന് വ്യക്തമായി. പിന്നീട് വിരലടയാള പരിശോധന കൂടി നടത്തിയതോടെ രണ്ട് കേസുകളിലും പ്രതി ലിജീഷ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. കീച്ചേരിയിൽനിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്.
അഷ്റഫും കുടുംബവും 19ന് രാത്രി തമിഴ്നാട്ടിലെ മധുരയിൽ വിവാഹത്തിനു പോയ സമയത്തായിരുന്നു മോഷണം. 24ന് കുടുംബം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇരുപതംഗ പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
ലിജീഷിനെ ഇന്ന് റിമാൻഡ് ചെയ്യും. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും. ഇയാൾ മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും.