Connect with us

Articles

കൊളീജിയം വിമര്‍ശത്തിലെ നെല്ലും പതിരും

ന്യായാധിപരെ ന്യായാധിപര്‍ തന്നെ തിരഞ്ഞെടുക്കുന്നു എന്ന ആക്ഷേപം കൊളീജിയം സംവിധാനത്തിനെതിരെ ഉയര്‍ത്താമെങ്കിലും ഭരണഘടനക്കും അത് വ്യാഖ്യാനിക്കേണ്ട ജുഡീഷ്യറിക്കും മുകളിലാണ് പാര്‍ലിമെന്റ് എന്ന് പറയാനാകില്ല. അങ്ങനെ താഴ്മേല്‍ ചര്‍ച്ച നടത്താന്‍ പാകത്തിലല്ല ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമായ അധികാര വിഭജനം എന്നുമോര്‍ക്കണം.

Published

|

Last Updated

കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി കൊളീജിയവുമായി നിരന്തരം തുടരുന്ന ഏറ്റുമുട്ടല്‍ പുതിയ തലത്തിലെത്തിയിരിക്കുന്നത് നെല്ലും കല്ലും വേര്‍തിരിക്കാന്‍ എളുപ്പം നല്‍കുന്നുണ്ടെന്നത് നിഷേധിക്കാനാകില്ല. ജനുവരി 11ന് ജയ്പൂരില്‍ വെച്ച് നടന്ന 83ാമത് ആള്‍ ഇന്ത്യാ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോണ്‍ഗ്രസ്സിലെ തന്റെ സംസാരത്തില്‍ സുപ്രീം കോടതി കൊളീജിയത്തെ വിമര്‍ശിച്ചു തുടങ്ങി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഭരണഘടനയുടെ മൗലിക ഘടനാ സിദ്ധാന്തത്തെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കൊളീജിയം ഭര്‍ത്സനം അവസാനിച്ചത്. പരമോന്നത നീതിപീഠം വിവിധ വിധിതീര്‍പ്പുകളില്‍ മൗലിക ഘടനയുടെ ഭാഗമായി മുന്നോട്ടുവെച്ച ഭരണഘടനയുടെ പരമാധികാരം, പരമാധികാര ജനാധിപത്യ റിപബ്ലിക്, മതനിരപേക്ഷത, ഫെഡറലിസം, അധികാര വിഭജനം, നീതിന്യായ പുനഃപരിശോധന, നിയമവാഴ്ച തുടങ്ങിയ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങള്‍ ഭേദഗതി ചെയ്യാനുള്ള അധികാരം പാര്‍ലിമെന്റിനില്ല എന്ന് ഉദ്ഘോഷിക്കുന്ന തത്ത്വമാണ് മൗലിക ഘടനാ സിദ്ധാന്തം. 1973ലെ കേശവാനന്ദ ഭാരതി കേസാണ് അത്തരമൊരു സംരക്ഷണ കവചം ഭരണഘടനക്ക് ഒരുക്കുന്നതിന് ഹേതുവായ നിയമ വ്യവഹാരം. ഇവിടെ ഉപരാഷ്ട്രപതിയുടെ കൊളീജിയം വിമര്‍ശം ഭരണഘടനയുടെ മൗലിക ഘടനയില്‍ എത്തിച്ചേര്‍ന്നതില്‍ അതിശയോക്തി തീരെ ഇല്ല. ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലിമെന്റിനാണ് പരമാധികാരം എന്ന് ആവര്‍ത്തിക്കുകയായിരുന്നു ഉപരാഷ്ട്രപതി തന്റെ സമീപകാല കൊളീജിയം വിമര്‍ശങ്ങളിലെല്ലാം. അതിനാല്‍ കൊളീജിയം സംവിധാനം നടത്തുന്ന ജുഡീഷ്യല്‍ നിയമനങ്ങള്‍ ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച നിയമനിര്‍മാണ സഭാംഗങ്ങളുടെ തീരുമാന പ്രകാരം ഉണ്ടാകേണ്ടതാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നിരുപദ്രവമെന്ന് തോന്നുമെങ്കിലും ഇന്ത്യയുടെ ഭരണഘടനാ ജനാധിപത്യത്തെ പാടെ നിഷേധിക്കുന്ന നിലപാടാണ് ഉപരാഷ്ട്രപതി സ്ഥാനത്തിരുന്ന് അദ്ദേഹം പ്രകടിപ്പിക്കുന്നത്. നമ്മുടെ ഭരണഘടനാ ജനാധിപത്യത്തില്‍ ജുഡീഷ്യറിക്കും എക്സിക്യൂട്ടീവിനും ലെജിസ്ലേച്ചറിനും മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു ഭരണഘടന. അതിന്റെ ആശയങ്ങളുടെ സംരക്ഷണ ചുമതല വഹിച്ചുകൊണ്ടുള്ള രക്ഷാകര്‍തൃത്വം ജുഡീഷ്യറിയാകുന്ന സുപ്രീം കോടതിക്കാണ്. ന്യായാധിപരെ ന്യായാധിപര്‍ തന്നെ തിരഞ്ഞെടുക്കുന്നു എന്ന പാതിവെന്ത ഒരു ആക്ഷേപം കൊളീജിയം സംവിധാനത്തിനെതിരെ ഉയര്‍ത്താമെങ്കിലും ഭരണഘടനക്കും അത് വ്യാഖ്യാനിക്കേണ്ട ജുഡീഷ്യറിക്കും മുകളിലാണ് പാര്‍ലിമെന്റ് എന്ന് പറയാനാകില്ല. അങ്ങനെ താഴ്മേല്‍ ചര്‍ച്ച നടത്താന്‍ പാകത്തിലല്ല ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമായ അധികാര വിഭജനം എന്നുമോര്‍ക്കണം. വേറിട്ട അധികാര പരിധിയാണ് നീതിന്യായ സംവിധാനത്തിനും കാര്യനിര്‍വഹണ വിഭാഗത്തിനും നിയമനിര്‍മാണ സഭക്കുമിടയിലുള്ളത്. അങ്ങനെയിരിക്കെ പാര്‍ലിമെന്റിന് പരമാധികാരം കല്‍പ്പിക്കുന്നത് ഭരണഘടനാപരമല്ല.

ഈയിടെ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു സുപ്രീം കോടതി കൊളീജിയം സംവിധാനത്തിനെതിരെ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നത് കൊളീജിയം ഭരണഘടനാപരമല്ലെന്നും പാര്‍ലിമെന്റിലൂടെ ഉണ്ടാകേണ്ട ജനാഭിലാഷം അവഗണിക്കപ്പെടുകയാണെന്നുമാണ്. ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ആര്‍ എസ് സോധി ഒരു അഭിമുഖത്തില്‍ സുപ്രീം കോടതി കൊളീജിയത്തെ വിമര്‍ശിച്ചത് ഇക്കഴിഞ്ഞ ശനിയാഴ്ച ട്വീറ്റ് ചെയ്തിട്ടുണ്ട് കേന്ദ്ര നിയമ മന്ത്രി. ന്യായാധിപരെ നിയമിക്കാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് പറയുന്നതിലൂടെ സുപ്രീം കോടതി ഭരണഘടനയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നാണ് ഡല്‍ഹി ഹൈക്കോടതി മുന്‍ ന്യായാധിപന്റെ വിമര്‍ശം. ഭൂരിപക്ഷം ആളുകള്‍ക്കും സമാനമായ, വിവേകമുള്ള വീക്ഷണമാണുള്ളതെന്ന കേന്ദ്ര മന്ത്രിയുടെ ട്വീറ്റ് രാജ്യത്ത് ഏതാണ്ടെല്ലാ മേഖലകളിലും പിടിമുറുക്കിയ ‘ഭൂരിപക്ഷ’ത്തിന് നീതിപീഠവും വഴങ്ങേണ്ടി വരുമെന്നാണ് പറയാതെ പറയുന്നത്. പാര്‍ലിമെന്റിലെ തങ്ങളുടെ ഭൂരിപക്ഷമുപയോഗിച്ചാണ് ഭരണഘടനാപരമല്ലാത്തതും ജനാധിപത്യവിരുദ്ധവുമായ നിയമനിര്‍മാണങ്ങള്‍ പലതും ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ആ ഭൂരിപക്ഷത്തിന്റെ അപ്രമാദിത്വത്തിന് ജുഡീഷ്യറി വഴങ്ങണമെന്നാണ് പാര്‍ലിമെന്റിന് പരമാധികാരം ചാര്‍ത്തി ഉപരാഷ്ട്രപതി മറ്റൊരു വിധത്തില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. രണ്ടും ഒട്ടും മെറിറ്റില്ലാത്ത വാചാടോപങ്ങള്‍ മാത്രമാണ്.

ഭരണകൂടത്തിന്റെ കടുത്ത സമ്മര്‍ദത്തിന് സുപ്രീം കോടതി കൊളീജിയം വഴങ്ങുന്നു എന്ന വിമര്‍ശം ജനുവരി 17ന് കൊളീജിയം നടത്തിയ ന്യായാധിപ നിയമന ശിപാര്‍ശയുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. അഞ്ച് അഭിഭാഷകരെയും മൂന്ന് ജുഡീഷ്യല്‍ ഓഫീസര്‍മാരെയും മദ്രാസ് ഹൈക്കോടതി ന്യായാധിപരായി നിയമിക്കുന്നതിന് കൊളീജിയം കേന്ദ്ര സര്‍ക്കാറിനയച്ച ശിപാര്‍ശയിലെ ഒരംഗത്തെ ചൊല്ലിയാണ് വിമര്‍ശം ഉയരുന്നത്. അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയും ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശിപാര്‍ശ ചെയ്ത പട്ടികയിലുണ്ട്. മഹിളാ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ അവരുടെ നീതിന്യായ യോഗ്യതയെ പ്രതി സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ് നടക്കുന്നത്. ഭരണകൂടത്തിന്റെ ഇംഗിതത്തിന് കൊളീജിയം വഴങ്ങുകയായിരുന്നു എന്ന വിമര്‍ശം ഉയരുമ്പോഴും മദ്രാസ് ഹൈക്കോടതിയിലേക്ക് തന്നെ കൊളീജിയം നേരത്തേ കേന്ദ്ര സര്‍ക്കാറിന് നാമനിര്‍ദേശം നടത്തിയ ജോണ്‍ സത്യന്റെ ശിപാര്‍ശ വീണ്ടുമയച്ച കൊളീജിയം പുതിയ നിലപാട് കൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതി ന്യായാധിപരായി പുതുതായി നാമനിര്‍ദേശം ചെയ്യപ്പെട്ടവരേക്കാള്‍ ജോണ്‍ സത്യന് സീനിയോരിറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ നാമനിര്‍ദേശം കൊളീജിയം കേന്ദ്ര സര്‍ക്കാറിന് വീണ്ടും അയച്ചിരിക്കുന്നത്. 2022 ഫെബ്രുവരി 16നാണ് അഭിഭാഷകനായ ജോണ്‍ സത്യനെ ആദ്യമായി സുപ്രീം കോടതി കൊളീജിയം മദ്രാസ് ഹൈക്കോടതിയിലേക്ക് ശിപാര്‍ശ ചെയ്തത്. കൊളീജിയം ശിപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുന്നത് ന്യായാധിപരുടെ സീനിയോരിറ്റിയെ ബാധിക്കുന്നു എന്ന പ്രശ്നം കുറെക്കാലമായി നിലനില്‍ക്കുമ്പോഴാണ് കൊളീജിയത്തിന്റെ പുതിയ ഇടപെടല്‍. അത് ഭരണകൂടത്തിന് ഒതുക്കമുള്ള സൂചനയല്ല നല്‍കുന്നത്.

ജനുവരി 21ന് ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കവെ മൗലിക ഘടനാ സിദ്ധാന്തം ഭരണഘടനയുടെ വ്യാഖ്യാനത്തിന് വഴികാട്ടുന്ന ധ്രുവനക്ഷത്രമാണെന്ന പരാമര്‍ശം നടത്തിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉപരാഷ്ട്രപതിയുടെ മൗലിക ഘടനാ തത്ത്വ വിമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. അതുവഴി ഭരണഘടന തന്നെയാണ് പ്രമാണമെന്ന് സുപ്രീം കോടതി കൊളീജിയത്തിന് നേതൃത്വം നല്‍കുന്ന മുഖ്യ ന്യായാധിപന്‍ ഊന്നിപ്പറയുന്നു.

സുപ്രീം കോടതി കൊളീജിയം നാമനിര്‍ദേശം നടത്തിയ ചിലരുടെ കാര്യത്തിലെ കേന്ദ്ര സര്‍ക്കാറിന്റെ വിയോജിപ്പ് കഴിഞ്ഞ വാരം പുറത്തുവിട്ടിരുന്നു കൊളീജിയം. പ്രസ്തുത വിയോജിപ്പ് തള്ളുന്ന, കൊളീജിയം മുന്നോട്ടുവെച്ച കാര്യകാരണ ബന്ധങ്ങളോടെയുള്ള വിശദീകരണവും വെളിപ്പെടുത്തിയ കൊളീജിയം കൃത്യമായ സന്ദേശം നല്‍കുന്നുണ്ട്. സുപ്രീം കോടതി കൊളീജിയം വീണ്ടും അയക്കുന്ന നാമനിര്‍ദേശങ്ങള്‍ പോലും അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്തലല്ല കാരണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിലൂടെ കൊളീജിയം ലക്ഷ്യമിടുന്നത്. പ്രത്യുത നാമനിര്‍ദേശങ്ങള്‍ വീണ്ടുമയക്കുന്ന തങ്ങളുടെ തീരുമാനത്തിന്റെ മെറിറ്റ് പൊതുജനത്തെ അറിയിക്കാനാണ്. കൊളീജിയത്തിന് ഇല്ലെന്ന് വിമര്‍ശിക്കപ്പെടുന്ന സുതാര്യത വര്‍ധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതൊരു ശുഭസൂചന തന്നെയാണ്.

 

---- facebook comment plugin here -----

Latest