Connect with us

From the print

മത നിയമങ്ങൾ പറയാനുള്ള അവകാശം പണ്ഡിതർക്ക് വിട്ടുകൊടുക്കണം: കാന്തപുരം

സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ പോലും ഭാരവാഹിത്വങ്ങൾ പുരുഷന്മാർ കൈയടക്കുകയാണ്

Published

|

Last Updated

ആലപ്പുഴ | അന്യസ്ത്രീ- പുരുഷന്മാർ കൂടിക്കലരുന്ന പരിപാടികൾ ഇസ്‌ലാംവിരുദ്ധമാണെന്നത് 40 പേർ ഉൾക്കൊള്ളുന്ന സമസ്ത മുശാവറ (കൂടിയാലോചനാ സമിതി)യുടെ പ്രമേയമാണെന്ന് സമസ്ത ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇത് ഇപ്പോൾ നടക്കുന്ന വ്യായാമത്തിന്റെ പേരിലാക്കി തന്റെ മാത്രം പ്രസ്താവനയെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ലജ്നത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ഡോ. എം എം ഹനീഫ് മൗലവി അനുസ്മരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിന്റെ നിയമങ്ങൾ പറയാൻ പണ്ഡിതർക്കാണ് അവകാശം. അത് അവർക്ക് വിട്ടുകൊടുക്കണം. സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ പോലും ഭാരവാഹിത്വങ്ങൾ പുരുഷന്മാർ കൈയടക്കുകയാണ്. ഏരിയാ കമ്മിറ്റികളുടെ പട്ടിക പരിശോധിച്ചാൽ പോലും ഇത് ബോധ്യമാകുന്നതാണ്. യാത്രാ വാഹനങ്ങളിലും പൊതുശൗചാലയങ്ങളിലുമെല്ലാം സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. അത് അങ്ങനെ തന്നെ വേണം.

സ്ത്രീകളെ അടിച്ചമർത്താനോ തരം താഴ്ത്താനോ ഇസ്‌ലാം തയ്യാറല്ല. സ്വത്തവകാശം ഉൾപ്പെടെ സ്ത്രീകൾക്ക് നിരവധി അവകാശങ്ങൾ ഇസ്‌ലാം നൽകുന്നുണ്ട്.
അടിച്ചമർത്തിയോ ഭീഷണിപ്പെടുത്തിയോ അല്ല ലോകത്ത് ഇസ്‌ലാം പ്രചരിപ്പിച്ചത്. സത്‌സ്വഭാവവും വിനയവും മുഖമുദ്രയാക്കിയാണ് പ്രവാചകനും അനുചരരും ഇസ്‌ലാം പ്രചരിപ്പിച്ചതെന്നും അത് തന്നെയാണ് ഇപ്പോഴും മുസ്‌ലിംകൾ ഇപ്പോഴും തുടരുന്നതെന്നും കാന്തപുരം പറഞ്ഞു.
സമസ്ത കേന്ദ്രമുശാവറ അംഗം എ ത്വാഹാ മുസ്‌ലിയാർ കായംകുളം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ ജില്ലാ പ്രസിഡന്റ്സയ്യിദ് എച്ച് അബ്ദുന്നാസർ തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ എ ഹകീം, മുൻ എം പി. എ എം ആരിഫ്, മുൻ എം എൽ എ. എ എ ഷുക്കൂർ, പി കെ മുഹമ്മദ് ബാദ്ഷാ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയംഗം പി എ ഹൈദ്രോസ് ഹാജി, ലജ്നത്തുൽ മുഹമ്മദിയ പ്രസിഡന്റ്എ എം നസീർ പ്രസംഗിച്ചു.

Latest