Kerala
അനീതികള്‍ക്കെതിരെ ചോദ്യം ചോദിക്കാനുള്ള അവകാശം അപകടത്തില്‍; രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനാകില്ല: : പ്രിയങ്കാ ഗാന്ധി
ചോദ്യം ചോദിക്കുന്ന ഒരു മനുഷ്യനെ അപമാനിക്കാനും ആക്രമിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്
കല്‍പ്പറ്റ | അനീതികള്‍ക്കെതിരെ ചോദ്യം ചോദിക്കാനുള്ള അവകാശമാണ് ഇന്ന അപകടത്തിലായിരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി . രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനും നിരായുധനാക്കാനും ഭരണകൂടം ശ്രമിക്കുമ്പോള്‍ വയനാടന്‍ ജനതയും രാജ്യം മുഴുവനും രാഹുലിനൊപ്പം നില്‍ക്കുമെന്നും വയനാട്ടില്‍ റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം പ്രിയങ്ക ഗാന്ധി പറഞ്ഞു. മറ്റാരേക്കാളും നന്നായി നിങ്ങള്‍ക്ക് രാഹുലിനെ അറിയാം എന്ന് എനിക്കുറപ്പുണ്ട്. രാഹുല്‍ ധീരനാണ്. ആര്‍ക്കും രാഹുലിനെ നിശ്ശബ്ദനാക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക പറഞ്ഞു. നിങ്ങള്‍ എപ്പോഴും താങ്ങും തണലുമായി ഉണ്ട് എന്ന് എനിക്കറിയാം. നിങ്ങള്‍ അദ്ധേഹത്തെ തിരഞ്ഞെടുത്തു. എന്നാല്‍ ഗുജറാത്ത് കോടതി അദ്ധേഹത്തെ അയോഗ്യനാക്കി. ഇന്ന് നിങ്ങളുടെ എംപിയുടെ ഭാവി കോടതിയുടെ കൈകളിലാണ്. അനീതികള്‍ക്കെതിരെ ചോദ്യം ചോദിക്കാനുള്ള അവകാശമാണ് ഇന്ന് അപകടത്തിലായിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ചോദ്യം ചോദിക്കുന്ന ഒരു മനുഷ്യനെ അപമാനിക്കാനും ആക്രമിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. നുണ പറയുന്നവര്‍ക്ക് സത്യത്തെ സഹിക്കാനാകില്ല. ബിജെപിയും കേന്ദ്ര സര്‍ക്കാരും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. അതും അദാനി എന്ന ഒരു വ്യക്തിയെ സംരക്ഷിക്കാന്‍ വേണ്ടി. ഈ രാജ്യത്തിന്റെ സ്വത്തെല്ലാം ഒരു വ്യക്തിക്ക് എഴുതിക്കൊടുക്കാനാണ് നീക്കം.
ഇന്ത്യ തങ്ങളുടെ തറവാട്ട് സ്വത്താണ് എന്നാണ് മോദിയും ബിജെപിയും കരുതുന്നത്. ഭരണ സംവിധാനങ്ങള്‍ തകരുമ്പോള്‍ ജനാധിപത്യ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു എന്നും പ്രിയങ്ക പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ദ്ധിക്കുമ്പോള്‍ പ്രധാനമന്ത്രി ചോദ്യങ്ങളോട് നിശ്ശബ്ദത പാലിക്കുന്നു. ഞങ്ങള്‍ ഇനിയും ചോദ്യങ്ങള്‍ ചോദിക്കുമെന്നും പ്രിയങ്ക പറഞ്ഞു.