Connect with us

National

റിസ്ക് കൂടുതൽ; ഇന്ത്യയിലെ കമ്പനിയിലേക്ക് വിവാഹിതരായ സ്ത്രീകളെ വേണ്ടെന്ന് ആപ്പിൾ

വിവാഹിതരായ സ്ത്രീകൾക്ക് കൂടുതൽ കുടുംബ ഉത്തരവാദിത്തം ഉണ്ടെന്നും അത് തൊഴിലിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയിലെ ആപ്പിൾ കമ്പനിയിലേക്ക് വിവാഹിതരായ സ്ത്രീകളെ ജോലിക്ക് എടുക്കുന്നില്ലെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്ത ഏജൻസി റോയിട്ടേഴ്‌സ് ആണ് വാർത്ത പുറത്തുവിട്ടത്.

ഇന്ത്യയിലെ ആപ്പിൾ കമ്പനിക്കായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് ഫാക്സ്കോൺ ഇന്ത്യ എന്ന സ്ഥാപനമാണ്. ഇവർ വിവാഹിതരായ സ്ത്രീകളെ ഇന്റർവ്യൂവിൽ നിന്ന് ഒഴിവാക്കുന്നതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവാഹിതരായ സ്ത്രീകൾക്ക് പിന്നീട് കുട്ടികൾ ഉണ്ടാവുന്ന അവസരത്തിൽ ജോലിക്ക് നിയോഗിക്കാനാവില്ല എന്നാണ് കമ്പനി ഇതിന് കാരണമായി പറയുന്നത്. വിവാഹിതരായ സ്ത്രീകൾക്ക് കൂടുതൽ കുടുംബ ഉത്തരവാദിത്തം ഉണ്ടെന്നും അത് തൊഴിലിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടിയെന്ന് കമ്പനിയുടെ മുൻ ഹ്യൂമൻ റിസോഴ്സ് എക്സിക്യൂട്ടീവ് വെളിപ്പെടുത്തി.

എന്നാൽ ആപ്പിളും ഫാക്സ്കോണും ഇത്തരത്തിൽ സ്ത്രീകളോട് വിവേചനം കാണിക്കുന്നില്ല എന്നാണ് കമ്പനികളുടെ അവകാശവാദം. ആരോപണം നിഷേധിച്ച് അവർ വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.
തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് ആപ്പിളിന്റെ ഐഫോൺ അസംബ്ലി പ്ലാന്റ് പ്രവർത്തിക്കുന്നത്. ആപ്പിളിനായി ഫാക്സ്കോൺ എന്ന സ്ഥാപനമാണ് ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്നത്. ഈ സ്ഥാപനത്തിലേക്കുള്ള ജോലി ഒഴിവിലേക്കാണ് വിവാഹിതരായ സ്ത്രീകളെ നിയോഗിക്കുന്നില്ലെന്ന റിപ്പോർട്ട് പുറത്തുവന്നത്. സംഭവം വിവാദമായതോടെ കേന്ദ്ര തൊഴിൽ മന്ത്രാലയം തമിഴ്നാട് ഗവൺമെന്റിനോട് വിശദ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Latest