Editorial
രക്ഷിതാക്കള്‍ക്കിടയിലെ കിടമത്സരം കാടുകയറുന്നു
രക്ഷിതാക്കള്‍ക്കിടയിലെ കിടമത്സരം എത്ര അപകടകരമായ രീതിയിലേക്ക് വളര്‍ന്നിരിക്കുന്നുവെന്ന് കാണിക്കുന്നതാണ് കഴിഞ്ഞ ദിവസം പുതുച്ചേരി കാരക്കല്‍ നെഹ്റു നഗറിലെ സ്‌കൂളില്‍ നടന്ന സംഭവം.
ക്ലാസ്സിലും പരീക്ഷയിലും മക്കളെ ഒന്നാമതെത്തിക്കാനുള്ള രക്ഷിതാക്കള്‍ക്കിടയിലെ കിടമത്സരം എത്ര അപകടകരമായ രീതിയിലേക്ക് വളര്‍ന്നിരിക്കുന്നുവെന്ന് കാണിക്കുന്നതാണ് കഴിഞ്ഞ ദിവസം പുതുച്ചേരി കാരക്കല്‍ നെഹ്റു നഗറിലെ സ്‌കൂളില്‍ നടന്ന സംഭവം. സ്‌കൂള്‍ പരീക്ഷയില്‍ സ്വന്തം മകളെ ഒന്നാമതെത്തിക്കാന്‍ കുട്ടിയുടെ മാതാവ്, മകളെക്കാള്‍ മിടുക്കനായ സഹപാഠി ബാലമണികണ്ഠനെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു. ജ്യൂസ് പാക്കറ്റില്‍ വിഷം കലര്‍ത്തിയ ശേഷം സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന്‍ മുഖേനയാണ് സഹായറാണി വിക്‌ടോറിയ എന്ന സ്ത്രീ ബാലമണികണ്ഠന് വിഷം നല്‍കിയത്. കുട്ടിയുടെ ബന്ധുവെന്ന വ്യാജേന സ്‌കൂളിലെത്തിയാണ് സുരക്ഷാ ജീവനക്കാരനെ അവര്‍ ജ്യൂസ് ഏല്‍പ്പിച്ചത്. ജീവനക്കാരന്‍ കഥയറിയാതെ അത് കുട്ടിക്ക് നല്‍കുകയും ചെയ്തു. ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയതോടെ മണികണ്ഠന്‍ ഛര്‍ദിച്ച് അവശനാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. പരിശോധനയില്‍ ഡോക്ടര്‍മാര്‍ വയറ്റില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹായറാണിയുടെ കൊടും ക്രൂരതയുടെ ചുരുളഴിയുന്നത്. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
എത്രമാത്രം സ്വാര്‍ഥവും മലിനവും ബീഭത്സവുമാണ് ആ സ്ത്രീയുടെ മനസ്സ്. അത്യപൂര്‍വവും ഒറ്റപ്പെട്ടതുമാണ് മേല്‍ സംഭവമെങ്കിലും പരീക്ഷകളില്‍ സ്വന്തം മക്കളെ ഒന്നാമതെത്തിച്ച് മറ്റുള്ളവര്‍ക്കിടിയില്‍ അവരെ ഉയര്‍ത്തിക്കാട്ടാനും അപ്പേരില്‍ മേനി നടിക്കാനുമുള്ള ത്വര രക്ഷിതാക്കള്‍ക്കിടയില്‍ വ്യാപകമാണ്. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ വളരെയേറെ പുരോഗതി നേടിയെങ്കിലും ആധുനിക ലോകത്ത് മനുഷ്യ മനസ്സുകള്‍ കൂടുതല്‍ കുടുസ്സായിക്കൊണ്ടിരിക്കുയാണ്. സ്വാര്‍ഥത വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുകയാണ് മനസ്സുകളെ. “ഞാനും എന്റെ കെട്ടിയോളും തട്ടാനും’ എന്ന മനഃസ്ഥിതിയോടെയാണ് പലരും ജീവിക്കുന്നത്. സ്വന്തം താത്പര്യ സംരക്ഷണത്തിനപ്പുറം മറ്റൊന്നുമില്ല അവരുടെ ചിന്തയിലും സങ്കല്‍പ്പത്തിലും. അതിനായി എന്തും കാണിക്കും. അപരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കും. അവിടെയും നില്‍ക്കാതെ തന്റെ അതിമോഹങ്ങള്‍ സാധിച്ചെടുക്കാന്‍ മറ്റുള്ളവരെ നിഷ്‌കാസനം ചെയ്യുന്ന ബീഭത്സമായ അവസ്ഥയിലേക്കും ഹൃദയ കാഠിന്യത്തിലേക്കും എത്തുകയായിരുന്നു സഹായറാണി. സ്വാര്‍ഥത വിനാശത്തിലേക്കാണ് സമൂഹത്തെ നയിക്കുക.
തന്റെ മക്കള്‍ എല്ലാ നല്ല കാര്യത്തിലും ഒന്നാമതെത്താന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടാകില്ല. അതിനായി സഹായറാണിയുടെ ചെയ്തി മറ്റുള്ളവരും നടപ്പാക്കാന്‍ തുടങ്ങിയാല്‍ എന്താകും വിദ്യാലയങ്ങളിലെ കുരുന്നുകളുടെ സ്ഥിതി. തനിക്ക് തന്റെ മകന്‍ പൊന്നോമനയാണെന്നതു പോലെ തന്നെ മറ്റു മാതാക്കള്‍ക്കും പിതാക്കള്‍ക്കും അവരുടെ മക്കളും പൊന്നിന്‍ കുടങ്ങളാണെന്ന് ഓരോ വ്യക്തിയും ഓര്‍ക്കേണ്ടതുണ്ട്. സ്വന്തത്തെയും സ്വന്തക്കാരെയും പ്രത്യേകം സ്‌നേഹിക്കുന്നതോടൊപ്പം മറ്റുള്ളവരെയും സ്‌നഹിക്കുകയെന്നത് മനുഷ്യധര്‍മമാണ്. സഹജീവി സ്‌നേഹം കാണിക്കാനുള്ള സന്മനസ്സുണ്ടാകുന്നില്ലെങ്കില്‍ മനുഷ്യത്വത്തിന് എന്തര്‍ഥം? സ്‌നേഹവും കാരുണ്യവും നമുക്ക് മറ്റുള്ളവരിലേക്ക് എത്രമാത്രം ചൊരിയാന്‍ കഴിയുന്നുവോ അത്രമാത്രം പല വഴിക്കായി തിരിച്ചു ലഭിച്ചുകൊണ്ടിരിക്കും. ശരീരത്തിന്റെ അഴകോ വസ്ത്രത്തിന്റെ പകിട്ടോ മറ്റു പുറംമോടികളോ അല്ല ഒരാളുടെ മികച്ച വ്യക്തിത്വം അടയാളപ്പെടുത്തുന്നത്, പാരസ്പര്യവും ഹൃദയത്തില്‍ തട്ടിവരുന്ന അയാളുടെ സ്‌നേഹ വായ്പും കാരുണ്യബോധവുമാണ്.് മാനവികതയുടെ മഹത്തായ വശമാണിത്.
എപ്പോഴും എവിടെയും വിജയിക്കണമെന്ന മനോഭാവം മാത്രം മക്കളില്‍ വളര്‍ത്തിയെടുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. ജീവിതത്തില്‍ എപ്പോഴും വിജയിക്കാനുള്ള സാഹചര്യങ്ങള്‍ മാത്രമല്ലല്ലോ നേരിടേണ്ടി വരുന്നത്. നഷ്ടങ്ങളെയും പരാജയങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും. “എപ്പോഴും പഠിക്കുക, നല്ല മാര്‍ക്ക് വാങ്ങുക, നല്ല ഗ്രേഡ് വാങ്ങുക എങ്കിലേ ഭാവിയില്‍ അങ്ങനെയൊക്കെ ആകാന്‍ പറ്റൂ’ എന്നിങ്ങനെ നിരന്തരം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ മക്കളെ മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. അതവരെ മാനസിക സംഘര്‍ഷത്തിലേക്കും മനോരോഗത്തിലേക്കു തന്നെയും എത്തിക്കും.
മക്കളെ ഒന്നാമതെത്തിക്കാനുള്ള കിടമത്സരത്തില്‍ കൂട്ടുകാരൊത്തു കളിക്കാനും ഉല്ലസിക്കാനുമുള്ള മക്കളുടെ അവകാശങ്ങള്‍ കൂടി കവര്‍ന്നെടുക്കുന്നവരുണ്ട്. ക്ലാസ്സുകള്‍ക്കും പഠന മുറികള്‍ക്കുമപ്പുറം കളിമുറ്റങ്ങളിലേക്ക് കുട്ടികളെ വിടില്ല. പാടത്തും പറമ്പിലും കളിച്ചും തിമിര്‍ത്തും വളര്‍ന്നവരാണ് ഇന്ന് ഉന്നത ശ്രേണികളില്‍ എത്തിപ്പെട്ടവരെന്ന കാര്യം പല രക്ഷിതാക്കളും മറക്കുകയാണ്. കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുമെന്ന ചിന്തയില്‍ മക്കളുമായി അധികം സംസാരിക്കാന്‍ പോലും വിസമ്മതിക്കുന്ന രക്ഷിതാക്കളുണ്ട്. മുത്തച്ഛനോ മുത്തശ്ശിയോ പേരക്കിടാവിന്റെ അടുത്തെത്തി എന്തെങ്കിലും പറയാന്‍ തുടങ്ങിയാല്‍ “നിനക്ക് പഠിക്കാനൊന്നുമില്ലേ’ എന്ന് ചോദിച്ച് കുട്ടികളെ കണ്ണുരുട്ടി ഭയപ്പെടുത്തുകയും ചെയ്യും. പ്രായമുള്ളവരുടെ നേരമ്പോക്കുകള്‍ കേട്ട് സമയം നഷ്ടമാക്കിയാല്‍ ക്ലാസ്സില്‍ പിന്തള്ളപ്പെടുമെന്നാണ് ഭയം. ക്ലാസ്സ് മുറികള്‍ക്കും ടെക്സ്റ്റ് ബുക്കുകള്‍ക്കുമപ്പുറം കടക്കാന്‍ രക്ഷിതാക്കള്‍ അനുവദിക്കാത്ത കുട്ടികള്‍ അവസാനം കമ്പ്യൂട്ടര്‍ ഗെയിമുകളിലും ഇന്റര്‍നെറ്റിന്റെ മാസ്മരിക ലോകത്തുമാണ് ആനന്ദം കണ്ടെത്തുന്നത്. കുടുംബാംഗങ്ങളോടുണ്ടാകേണ്ട അടുപ്പം വീടിനപ്പുറത്തേക്ക് നീളുകയും മയക്കു മരുന്ന് മാഫിയകളുടെ വലയില്‍ അകപ്പെടുകയും ചെയ്യുന്നവരും കുറവല്ല.
പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ചിന്തയില്‍ ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് സ്‌നേഹം നിഷേധിച്ചാല്‍ വളര്‍ന്നു വലുതാകുമ്പോള്‍ അവരില്‍ നിന്ന് തിരിച്ചു ലഭിക്കുന്നതും സ്‌നേഹനിരാസമായിരിക്കും. കിടപ്പാടവും ആഭരണങ്ങളും വിറ്റ് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമായി വളര്‍ത്തിയെടുത്ത മക്കള്‍ക്ക് മാതാപിതാക്കള്‍ അധികപ്പറ്റാകുകയും വൃദ്ധസദനത്തില്‍ കൊണ്ടുപോയി തള്ളുകയും ചെയ്ത സംഭവങ്ങള്‍ അനുദിനം കേട്ടുകൊണ്ടിരിക്കുകയാണല്ലോ.