cover story
വേദനയുടെ ഇരമ്പം, സാന്ത്വനത്തിന്റെ തലോടൽ
ദുരന്തഭൂമിയിലും പുറത്തും സേവനം ചെയ്‌ത ഔദ്യോഗിക സംവിധാനങ്ങൾ ഏറെയുണ്ട്. പല സംഘടനകളെയും പ്രതിനിധീകരിച്ച് യൂനിഫോമണിഞ്ഞ് രക്ഷാ പ്രവർത്തനത്തിനിറങ്ങിയവർ വേറെയും. അവർ ചെയ്‌ത സേവനങ്ങളൊന്നും നിസ്സാരമല്ല. അവരാരും കാഴ്ച കാണാൻ വന്നവരല്ല, ഫോട്ടോ ഷൂട്ടിനും വന്നവരല്ല. നിലവിളിക്കുന്ന മനുഷ്യരെ തേടിയും, നിലവിളികൾ മുറിഞ്ഞുപോയ മനുഷ്യരെ തേടിയും പുറപ്പെട്ടു പോന്നവരാണ്. അവരെ കേരളം എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യട്ടെ.
പാതിരാവിൽ ഇരച്ചെത്തിയ ദുരന്തം രണ്ട് ഗ്രാമങ്ങളെ തുടച്ചുനീക്കി. കേരളത്തിന്റെ ഭൂപടത്തിൽ 2024 ജൂലൈ 30 വരെയും ആ രണ്ട് ഗ്രാമങ്ങൾ, ചൂരൽമലയും മുണ്ടക്കൈയും ഉണ്ടായിരുന്നു. അവിടെ അഞ്ഞൂറിലേറെ വീടുകൾ ഉണ്ടായിരുന്നു, ആ വീടുകളിൽ മനുഷ്യരുണ്ടായിരുന്നു, അവർക്ക് സ്വപ്‌നങ്ങളുണ്ടായിരുന്നു. അനേകം പെരുമഴക്കാലങ്ങൾ അവർ കടന്നുപോയിരുന്നു. മണ്ണും മലയും, മഴയും പുഴയുമൊക്കെയായി അവരുടെ ജീവിതം അവിടെ തളിർക്കുകയും പൂക്കുകയും ചെയ്‌തു. സാമ്പത്തികമായി ഉയർന്ന ശേഷിയുള്ളവരായിരുന്നില്ല അവരാരും. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടും അയൽക്കാർക്കിടയിൽ പരസ്‌പരം പങ്കിട്ടും അവർ സുഹൃത്തുക്കളായി ജീവിച്ചു. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിപോലും അവർ മല തുരന്നില്ല, പാറ പൊട്ടിച്ചില്ല, പ്രകൃതിയുടെ മടിശ്ശീല മാന്തിയില്ല.
വയനാട്ടിലെ മറ്റേതൊരു ഗ്രാമത്തെയും പോലെ വിവിധ മതക്കാർ ആ ഗ്രാമങ്ങളിൽ പാർത്തു. പല വിശ്വാസങ്ങളിൽ ജീവിച്ചു, പല ആരാധനാലയങ്ങളിൽ പോയി. ക്രിസ്മസും ഓണവും പെരുന്നാളും വിശ്വാസമനുസരിച്ച് അവർ ആഘോഷിച്ചു. അവരിൽ മിക്കവരെയും ഉരുൾ കൊണ്ടുപോയി. വീടുകളും കച്ചവടശാലകളും സ്ഥാപനങ്ങളും മലവെള്ളപ്പാച്ചിലിൽ മനുഷ്യർക്കൊപ്പം ഒലിച്ചുപോയി. വളരെ ചുരുക്കം പേർ മാത്രം ദുരന്തത്തെ അതിജീവിച്ചു. പ്രവചിക്കപ്പെട്ടതിനേക്കാൾ ഇരട്ടി അളവിൽ മഴ കുത്തിപ്പെയ്തപ്പോൾ മലയുടെ വേരറ്റു. മണ്ണിനടിയിൽ ഒളിച്ചു പാർത്ത ഭീമൻ കല്ലുകളിളകി വെള്ളത്തോടൊപ്പം താഴോട്ട് കുതിച്ചു.
വീടുകളിൽ ഉറങ്ങിക്കിടന്നവർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിക്കാൻ പോലും സമയമുണ്ടായില്ല. ഭീതിക്കും നിസ്സഹായതക്കും മുകളിലൂടെ പെരും കല്ലുകൾ മനുഷ്യരെ ചതച്ചു കടന്നുപോയി. ഉറച്ചുനിൽക്കാൻ ഇത്തിരി മണ്ണ് പോലും ബാക്കിയാകാതിരുന്ന വഴികളിലൂടെ മനുഷ്യർ നിലവിളിക്കാൻ പോലുമാകാതെ ഒഴുകിപ്പോയി. അവരിൽ ചിലരെ മണ്ണ് വിഴുങ്ങി, വേറെ ചിലർ വെള്ളപ്പാച്ചിലിന്റെ കഠിന പ്രവാഹത്തിൽ മൃതദേഹങ്ങളായി ചാലിയാറിലേക്കൊഴുകി. ഉടലും തലയും വേർപെട്ട നിലയിൽ ശരീരഭാഗങ്ങൾ തീരാത്ത നോവായി ബാക്കിനിന്നു. ആരുടെയെന്ന് തിരിച്ചറിയപ്പെടാത്തവിധം മൃതദേഹങ്ങൾ പലതിനും രൂപമാറ്റം സംഭവിച്ചിരുന്നു. അവ സർവമത പ്രാർഥനയോടെ സംസ്‌കരിക്കപ്പെട്ടു.
ചൂരൽമലയിൽ ഉരുൾപൊട്ടി എന്ന വാർത്ത കേൾക്കുമ്പോൾ, നേരം പുലരാനിരിക്കുന്നത് അചിന്ത്യമായ മഹാദുരന്തത്തിന്റെ തീരാമുറിവുകളിലേക്കാണെന്ന് ആർക്കുമറിയില്ലായിരുന്നു. വീടുകൾ നിന്നിടത്ത് അടയാളങ്ങൾ പോലും ബാക്കിയുണ്ടായില്ല. വീടും റോഡും പുഴയും വഴിയും തിരിച്ചറിയാനാകാത്ത വിധം മൃതിമണം കട്ടപിടിച്ചുനിന്ന ആ പുലർച്ചെയിൽ നെഞ്ചിൽ കനത്ത നോവിന്റെ പിറകെ സഞ്ചരിച്ച്, ജീവൻ ശേഷിച്ചവരെ രക്ഷപ്പെടുത്താനും മണ്ണിൽ പുതഞ്ഞുപോയ മൃതദേഹങ്ങൾ കണ്ടെടുക്കാനുമിറങ്ങി കേരളം. സർക്കാർ, സൈന്യം, പോലീസ്, ഫയർഫോഴ്‌സ്, വനപാലകർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘങ്ങൾ എല്ലാവരും ചേർന്ന് നടത്തിയ ഐതിഹാസികമായ രക്ഷാപ്രവർത്തനം. അതിപ്പോഴും തുടരുകയാണ്. കേരളമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ലെന്ന് ബോധ്യപ്പെടുത്തുന്ന മഹാ ദൗത്യം.
അപകടവാർത്ത അറിഞ്ഞയുടനെ വയനാട്ടിലേക്ക് ഓടിയെത്തി ഇപ്പോഴും രക്ഷാപ്രവർത്തനത്തിൽ തുടരുന്നുണ്ട് വയനാട്ടിലെയും സമീപ ജില്ലകളിലെയും സാന്ത്വനം പ്രവർത്തകർ. എസ് വൈ എസിനു കീഴിൽ സജ്ജീകരിച്ച സാന്ത്വനം ടീമിന്റെ ഭാഗമായി ആദ്യനാൾ തന്നെ ദുരന്തബാധിത പ്രദേശത്ത് എത്തിയ കോഴിക്കോട് കുണ്ടുങ്ങലിൽ നിന്നുള്ള മനാഫ് പറയുന്നതിങ്ങനെ: “അവിടത്തെ ആദ്യ കാഴ്‌ച മറക്കാനാകില്ല. ഭീകരമായിരുന്നു ആ ദൃശ്യം. വീഡിയോയിൽ കണ്ടാലൊന്നും അതിന്റെ ഭീകരത മനസ്സിലാകില്ല’. മനസ്സുലച്ച ആ കാഴ്ചയിലേക്കും മണ്ണിന്റെ ആഴങ്ങളിലേക്കും, പൊട്ടിവന്ന കണ്ണീരിന് ചിറകെട്ടിയിറങ്ങുകയായിരുന്നു സാന്ത്വനം ടീം. കുത്തിയൊലിക്കുന്ന വെള്ളം. കൂറ്റൻ പാറക്കല്ലുകൾ. ഇവിടെ ജനവാസമുണ്ടായിരുന്നോ എന്ന് അതിശയിക്കുമാറ് അപ്രത്യക്ഷമായ ഗ്രാമം. എവിടെ നിന്ന് തുടങ്ങണം എന്ന് ആലോചിച്ചു സമയം കളയുക പോലും ചെയ്യാതെ പ്രതികൂല സാഹചര്യത്തിലും, സാധ്യമായത് അതിവേഗം ചെയ്യുക എന്നതിൽ ശ്രദ്ധയൂന്നി രക്ഷാപ്രവർത്തനം.
ജീവനോടെ ബാക്കിയായവരെ രക്ഷപ്പെടുത്തുക, അവരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുക, പരുക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുക, ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ മൃതദേഹം കണ്ടെത്തുക, പോസ്റ്റ്മോർട്ടം വേഗപ്പെടുത്തുക, അതിജീവിച്ചവർക്ക് ഭക്ഷണവും വസ്ത്രവും ഉറപ്പാക്കുക, അവരുടെ മാനസികാരോഗ്യം സംരക്ഷിക്കുക തുടങ്ങി പലതായി മുന്നോട്ടുകൊണ്ടു പോകേണ്ട പ്രവർത്തനമായിരുന്നു നടക്കേണ്ടിയിരുന്നത്. എല്ലാം ചിട്ടയോടെ നടന്നു. സാന്ത്വനം വളണ്ടിയർമാർ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ദുരന്തഭൂമിയിൽ സജീവമായി. മൃതദേഹങ്ങൾ കണ്ടെടുക്കാനും രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനും അവരുണ്ടായിരുന്നു. പോസ്റ്റ് മോർട്ടം നടക്കുന്ന കേന്ദ്രങ്ങളിൽ അവർ സദാസമയമുണ്ടായി. വിശ്വാസികളുടെ മയ്യിത്തുകൾ കുളിപ്പിക്കാനും ഖബറുകൾ തയ്യാറാക്കാനും അവർ മുന്നിൽ നിന്നു. അന്ത്യയാത്രക്കൊരുങ്ങിയ മൃതദേഹങ്ങൾക്ക് ആദരപൂർവം വിടനൽകി സാന്ത്വനം പ്രവർത്തകർ. സംഘടനയുടെ കീഴിലുള്ള ആംബുലൻസുകൾ ഈ നാളുകളിൽ വയനാടിനായി ഓടി.
ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്ക് നിത്യേന രാവിലെ ചായയും ലഘുകടിയും നൽകിയത് കോഴിക്കോട് ജില്ലയിലെ പൂനൂർ സോണിലെ ബുസ്താനാബാദ് യൂനിറ്റിൽ നിന്നുള്ള സാന്ത്വനം പ്രവർത്തകരായിരുന്നു. ദുരന്തഭൂമിക്ക് പുറത്ത് വയനാട് ജില്ലയിലെ പ്രസ്ഥാന കുടുംബം സജ്ജീകരിച്ച വിഭവ സമാഹരണ കേന്ദ്രത്തിലേക്ക് സാധന സാമഗ്രികളുടെ ഒഴുക്കായിരുന്നു. ഔദ്യോഗിക കേന്ദ്രങ്ങൾ വേണ്ടെന്നു വിലക്കിയിട്ടും ചുരം കേറി വാഹനങ്ങളെത്തി. അതിൽ നിറയെ സാധനങ്ങളും. ഓരോ ദിവസവും ദുരന്തമുഖത്ത് സാന്ത്വനം പ്രവർത്തകരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. വയനാട് ജില്ലയിലെ പ്രസ്ഥാന നേതൃത്വം പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. ദുരന്തത്തിൽ സ്തബ്ധരായി നിൽക്കാതെ അവർ വിശ്രമമില്ലാതെ പ്രവർത്തിച്ചു. മനുഷ്യർ മാത്രമല്ല, വളർത്തു മൃഗങ്ങളും സാന്ത്വനത്തിന്റെ കരുതൽ അനുഭവിച്ചു. ദുരന്തഭൂമിയിൽ അകപ്പെട്ട, ചലിക്കാൻ പോലുമാകാതെ പ്രയാസപ്പെടുന്ന വളർത്തുമൃഗങ്ങളെ വെറ്ററിനറി ഡോക്ടർമാരുടെ അടുത്തെത്തിച്ചും പരിചരിച്ചും സാന്ത്വനം ടീം മാതൃകയായി.
ദുരന്തഭൂമിയിൽ തിരച്ചിലിനിടെ കൈയിൽ കിട്ടിയ അമ്പത് പവൻ സ്വർണാഭരണം കഴുകി വൃത്തിയാക്കി ഉടമയെ ഏൽപ്പിച്ച് സാന്ത്വനം വളണ്ടിയർമാർ നാടിന്റെ അഭിമാനമായി. മന്ത്രിമാർ കെ രാജനും പി എ റിയാസും ഈ സത്യസന്ധതയെ നല്ല വാക്കുകൾ കൊണ്ട് വാഴ്ത്തി. സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി ഉൾപ്പെടെ സമുന്നത നേതൃത്വം ദുരന്തഭൂമിയിൽ ആശ്വാസവുമായെത്തി. എസ് വൈ എസ് സംസ്ഥാന നേതാക്കൾ സയ്യിദ് ത്വാഹാ സഖാഫിയും ഡോ. അബ്ദുൽ ഹകീം അസ്ഹരിയും ദുരിതബാധിതരെയും രക്ഷാപ്രവർത്തകരെയും നേരിൽ കാണാനെത്തി.
നടക്കാനിരിക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് സർക്കാറിനൊപ്പം സുന്നി പ്രസ്ഥാനമുണ്ടാകുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം ഉസ്‌താദ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ദുരന്തബാധിതർ ഒറ്റക്കല്ല, അതിജീവിക്കാൻ ഞങ്ങളൊന്നാകെ കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ഇടപെടലുകൾ പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നു. വീണുകിടക്കുന്നവരുടെ കൈപിടിക്കുകയെന്ന മഹത്തായ ധർമം നിർവഹിച്ചുകൊണ്ടേയിരിക്കുന്നു സുന്നി സംഘടനകൾ.
ദുരന്തഭൂമിയിലും പുറത്തും സേവനം ചെയ്‌ത ഔദ്യോഗിക സംവിധാനങ്ങൾ ഏറെയുണ്ട്. പല സംഘടനകളെയും പ്രതിനിധീകരിച്ച് യൂനിഫോമണിഞ്ഞ് രക്ഷാ പ്രവർത്തനത്തിനിറങ്ങിയവർ വേറെയും. അവർ ചെയ്‌ത സേവനങ്ങളൊന്നും നിസ്സാരമല്ല. അവരാരും കാഴ്ച കാണാൻ വന്നവരല്ല, ഫോട്ടോ ഷൂട്ടിനും വന്നവരല്ല. നിലവിളിക്കുന്ന മനുഷ്യരെ തേടിയും, നിലവിളികൾ മുറിഞ്ഞുപോയ മനുഷ്യരെ തേടിയും പുറപ്പെട്ടു പോന്നവരാണ്. അവരെ കേരളം എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യട്ടെ.