Prathivaram
നെഞ്ചിലെ റോസയും മുറ്റത്തെ ആമ്പലും
ഈ കുളത്തിന്റെ കഥക്കു പിന്നിലെ രണ്ട് വ്യക്തികളും മഹത്തുക്കളാണ്. ഒരാള്‍ നെഹ്‌റുവെങ്കില്‍ മറ്റൊരാള്‍ മലയാളം എക്കാലവും ഓര്‍ക്കുന്ന തോപ്പില്‍ ഭാസി. ഭാസിയും ഒരു രാഷ്ട്രീയക്കാരനായിരുന്നു.നാടകത്തിലൂടെ കൈരളിയുടെ അന്തരംഗത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഭാസിയിലെ രാഷ്ട്രീയക്കാരന്‍ പ്രഥമ പ്രധാനമന്ത്രിക്കു സ്വന്തം പുരയിടത്തില്‍ നല്‍കിയ സ്മാരകമാകുന്നു ഈ ജലസംഭരണി.
ഈ പറമ്പില്‍ ഒരു കൊച്ചു ജലസംഭരണിയുണ്ട്. അതില്‍ ആമ്പല്‍പ്പൂക്കല്‍ വിടര്‍ന്നു നില്‍പ്പുണ്ട്. ആ പൂക്കളുടെ പുഞ്ചിരി കണ്ടാല്‍ ഒരു മഹാന്റെ നെഞ്ചില്‍ ചിരിതൂകി നിന്ന റോസാ പൂവിനെ ഓര്‍മ വരാതിരിക്കില്ല. കാരണം ഈ കുളം ജവഹര്‍ലാല്‍ നെഹ്‌റുവെന്ന മഹാനായ നേതാവിന്റെ പാദസ്പര്‍ശമേറ്റ മണ്ണിലാകുന്നു. നെഹ്‌റു പ്രസംഗിച്ച വേദിയുടെ ഓര്‍മക്കായി മഹാനായൊരു കലാകാരൻ ഉണ്ടാക്കിയതാണ് ഈ ജലസംഭരണി.
ഈ കുളത്തിന്റെ കഥക്കു പിന്നിലെ രണ്ട് വ്യക്തികളും മഹത്തുക്കളാണ്. ഒരാള്‍ നെഹ്‌റുവെങ്കില്‍ മറ്റൊരാള്‍ മലയാളം എക്കാലവും ഓര്‍ക്കുന്ന തോപ്പില്‍ ഭാസി. ഭാസിയും ഒരു രാഷ്ട്രീയക്കാരനായിരുന്നു. നാടകത്തിലൂടെ കൈരളിയുടെ അന്തരംഗത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഭാസിയിലെ രാഷ്ട്രീയക്കാരന്‍ പ്രഥമ പ്രധാനമന്ത്രിക്കു സ്വന്തം പുരയിടത്തില്‍ നല്‍കിയ സ്മാരകമാകുന്നു ഈ കുളം.
1954ലെ തിരുവിതാംകൂര്‍ – കൊച്ചി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പാണ് നെഹ്‌റുവിനെ ഈ പുരയിടത്തില്‍ എത്തിച്ചത്. ആ തിരഞ്ഞെടുപ്പില്‍ തിരുവിതാംകൂറിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന തോപ്പില്‍ ഭാസി എന്ന കെ ഭാസ്‌കരപിള്ളയായിരുന്നു ആലപ്പുഴ ഭരണിക്കാവ് മണ്ഡലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി. എതിരെ മത്സരിച്ചത് കോണ്‍ഗ്രസിലെ കരുത്തനായ അഡ്വ. പുഷ്പത്തടം രാഘവനും.
ഉജ്ജ്വല പ്രാസംഗികരേയും നേതാക്കളെയുമൊക്കെ രംഗത്തിറക്കിയുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു ആ തിരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തി. വള്ളികുന്നത്തും അദ്ദേഹം പ്രസംഗിച്ചു. അവിടെ തോപ്പില്‍ വീടിന്റെ എതിര്‍വശത്തുള്ള സ്ഥലത്തായിരുന്നു യോഗം സംഘടിപ്പിച്ചത്. നെഹ്‌റു പ്രസംഗിച്ച വേദി ഉണ്ടായിരുന്ന മണ്ണ് പിന്നീട് തോപ്പില്‍ ഭാസിയുടെ വൈകാരിക സ്വത്തായി മാറുകയായിരുന്നു.
നെഹ്‌റു പ്രസംഗിക്കാനെത്തിയ ആ തിരഞ്ഞെടുപ്പില്‍ തോപ്പില്‍ ഭാസിയെന്ന സ്ഥാനാര്‍ഥിക്ക് മറക്കാന്‍ കഴിയാത്ത ഒരു സംഭവവും ഉണ്ടായിരുന്നു. രാഷ്ട്രീയ കാര്യങ്ങളും രാജ്യത്തിന്റെ അവസ്ഥകളെക്കുറിച്ചുമെല്ലാം അതിഗംഭീരമായി പ്രസംഗിച്ച നെഹ്‌റു തുടര്‍ന്നു ഭരണിക്കാവിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ യാത്രക്കു വഴിയൊരുക്കാനായി പോലീസുകാര്‍ വഴിയിലെ വാഹനങ്ങളെല്ലാം തടഞ്ഞു. എന്നാല്‍ അതിനെ വകവെക്കാതെ തോപ്പില്‍ ഭാസി തന്റെ പഴയ “ഓസ്റ്റിന്‍’ കാര്‍ റോഡിന് വിലങ്ങനെയിടാന്‍ ഡ്രൈവര്‍ ചെല്ലപ്പനോട് പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിയാണ് വരുന്നതെന്നും ഇതു അനുവദിക്കില്ലെന്നും പോലീസുകാര്‍ പറഞ്ഞപ്പോള്‍ “ഈ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ കാര്‍ മാറ്റാന്‍ ഒരു പ്രധാനമന്ത്രിക്കും അധികാരമില്ലെ’ന്നു പറഞ്ഞ തോപ്പില്‍ ഭാസി തന്റെ കാര്‍ അവിടെ തന്നെയിട്ടു.
തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ എതിര്‍ക്കുകയും കാര്യം സംഘര്‍ഷത്തിന്റെ വക്കുവരെയെത്തുകയും ചെയ്തു. എന്നാല്‍ വിവരം അറിഞ്ഞ നെഹ്്‌റു “താന്‍ പ്രധാനമന്ത്രി ആയിട്ടല്ല, കോണ്‍ഗ്രസുകാരനായിട്ടാണ് ഇവിടെ വന്നതെന്നും എതിര്‍സ്ഥാനാര്‍ഥിക്ക് ഒരു തടസ്സവും ഉണ്ടാകാന്‍ പാടില്ലെ’ന്നും അറിയിച്ചതോടെ രംഗം ശാന്തമായി. തുടര്‍ന്ന് സ്റ്റാര്‍ട്ടാകാന്‍ വൈകുമായിരുന്ന ഭാസിയുടെ പഴയ കാര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തള്ളി സ്റ്റാര്‍ട്ടാക്കിവിട്ട സംഭവവുമുണ്ടായി. എല്ലാവരും ഉറ്റുനോക്കിയ ആ തിരഞ്ഞെടുപ്പില്‍ വിജയിയായത് തോപ്പില്‍ ഭാസിയായിരുന്നു.
എന്നാല്‍ രാഷ്ട്രീയത്തിനതീതമായുള്ള നെഹ്‌റുവിന്റെ പ്രസംഗവും ഇടപെടലും ഏറെ ഇഷ്ടപ്പെട്ട തോപ്പില്‍ ഭാസിക്ക് നെഹ്്‌റുവിനോട് വലിയ ആദരവാണുണ്ടായത്. സംസ്ഥാനത്തെയാകെ ഇളക്കിമറിച്ച കെ പി എ സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പുതിയ ആകാശം പുതിയ ഭൂമി, സര്‍വേക്കല്ല്, മുടിയനായ പുത്രന്‍, അശ്വമേധം തുടങ്ങിയ ഒട്ടേറെ നാടകങ്ങള്‍ അക്കാലത്ത് സമൂഹത്തില്‍ ഏറെ സ്വാധീനം സൃഷ്ടിച്ചിരുന്നു. അതില്‍ “പുതിയ ആകാശം പുതിയ ഭൂമി’ എന്ന നാടകം ഡല്‍ഹിയില്‍ അവതരിപ്പിച്ചപ്പോള്‍ അതു കാണാന്‍ ജവഹര്‍ലാല്‍ നെഹ്‌റു എത്തിയിരുന്നു. കൂടാതെ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്‍, വി കെ കൃഷ്ണമേനോന്‍, ജഗജീവന്‍ റാം, ഷാനവാസ് ഖാന്‍, ഹുമയൂണ്‍ കബീര്‍ തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കളും സാമൂഹിക സാംസ്്കാരിക കലാരംഗത്തെ നിരവധി പേരും എത്തി.
തിരക്കിനിടെ അല്‍പ്പസമയം കാണാന്‍ വേണ്ടി മാത്രം എത്തിയ നെഹ്‌റു നാടകം പൂര്‍ണമായും കാണുകയും തുടര്‍ന്ന് തോപ്പില്‍ ഭാസിയെയും മറ്റു കലാകാരന്മാരേയും അഭിനന്ദിക്കുകയും ചെയ്തു. ഒപ്പം ഫോട്ടോയും എടുത്താണ് മടങ്ങിയത്. വള്ളികുന്നത്ത് പ്രസംഗിച്ചപ്പോള്‍ എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ അത് വെറുമൊരു തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്നും തോപ്പില്‍ ഭാസി എന്ന കലാകാരനോട് ഏറെ ആദരവുണ്ടെന്നും ഒരു ക്ഷമാപണത്തോടെ നെഹ്്‌റു പിതാവിനോട് പറഞ്ഞതായി തോപ്പില്‍ ഭാസിയുടെ മകന്‍ അജയന്‍ തന്റെ “മകുടത്തില്‍ ഒരു വരി ബാക്കി’ എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.
നെഹ്്‌റുവിനെ ഏറെ ആദരവോടെ കണ്ടിരുന്ന തോപ്പില്‍ ഭാസി ഡല്‍ഹിയില്‍ നിന്നും മടങ്ങി വന്നശേഷമാണ് എക്കാലവും പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന നെഹ്്‌റുവിന്റെ പാദസ്പര്‍ശമേറ്റ സ്ഥലം വിലയ്ക്കു വാങ്ങണമെന്ന് ആഗ്രഹിച്ചത്. മറ്റാരെങ്കിലും സ്വന്തമാക്കുന്നതിനു മുന്പ് തന്നെ അതു വാങ്ങണമെന്ന ആഗ്രഹവും മനസ്സില്‍ താലോലിച്ചു നടക്കുമ്പോള്‍ തന്റെ അമ്മയുടെ പല്ലനയിലുള്ള ഭൂമിവിറ്റ കാശും മറ്റു വരുമാനവും കൊണ്ടാണ് അച്ഛന്റെ ആഗ്രഹം സഫലമാക്കിയതെന്ന് ഭാസിയുടെ മകള്‍ മാലയുടെ “തെളിച്ചമുള്ള ഓര്‍മകള്‍’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രി പ്രസംഗിച്ച സര്‍പ്പക്കാവ് ഉള്‍പ്പെട്ട ആ സ്ഥലം വെട്ടിത്തെളിച്ചു അവിടെ ഒരു പുതിയ വീടു വെച്ചു. ആ വീടിനു “തോപ്പില്‍ വീട്’ എന്ന് നാമകരണം ചെയ്തു. തോപ്പില്‍ ഭാസി മരണം വരെയും അവിടെയായിരുന്നു താമസിച്ചിരുന്നത്. അന്ന് നെഹ്‌റുവിന് പ്രസംഗിക്കാനായി സ്റ്റേജ് കെട്ടിയ സ്ഥലത്ത് എല്ലാവരും കാണത്തക്ക വിധം ഒരു കുളത്തിനെ സ്മരിക്കുന്ന തലത്തില്‍ ഒരു വാട്ടര്‍ ടാങ്ക് നിര്‍മിച്ചിട്ടുണ്ട്. അതില്‍ എല്ലാ കാലാവസ്ഥയിലും പൂക്കുന്ന ആമ്പല്‍ച്ചെടിയും ചുറ്റിലും നെഹ്്‌റുവിന് ഏറെ ഇഷ്ടപ്പെട്ട റോസാച്ചെടിയും വളര്‍ത്തി. അക്കാലത്ത് തിരുവനന്തപുരം എര്‍പോര്‍ട്ടില്‍ നിന്നും തോപ്പില്‍ ഭാസി സംഘടിപ്പിച്ചു കൊണ്ടുവന്നതായിരുന്നു പിങ്ക് നിറത്തിലുള്ള ആമ്പല്‍ ചെടി.
മകള്‍ മാലയുടെ വിവാഹത്തിനായി കതിര്‍ മണ്ഡപം ഒരുക്കിയതും ഈ ടാങ്ക് നിര്‍മിച്ചിരിക്കുന്ന സ്ഥലത്തായിരുന്നു. നെഹ്്‌റുവിന്റെ പാദസ്പര്‍ശമേറ്റ സ്ഥലം എക്കാലവും സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹത്താല്‍ തോപ്പില്‍ ഭാസിയെപ്പോലെ മകള്‍ മാലയും ആ ടാങ്കും ആമ്പല്‍പ്പൂക്കളും ഇന്നും സംരക്ഷിച്ച് ആ ഓര്‍മ പുതുക്കുന്നു. അങ്ങനെ എല്ലാ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്‌നം കണ്ട നെഹ്്‌റുവും തോപ്പില്‍ ഭാസിയും ജനലക്ഷങ്ങളുടെ മനസ്സിലെന്ന പോലെ അവിടെയും പുഷ്പിച്ച് നില്‍ക്കുന്നു; മായാത്ത മറയാത്ത സൗഹൃദത്തിന്റെ കഥപറഞ്ഞ്.
ഈ അമ്പല്‍ കുളത്തിന്റെ കഥ തോപ്പില്‍ ഭാസിയുടെ മകള്‍ മാല പറയുമ്പോള്‍ അത് തന്റെ പിതാവിന് നെഹ്‌റുവിനോടുണ്ടായിരുന്ന ഇഷ്ടത്തിന്റെ വര്‍ണപ്പൂക്കളായി മാറുന്നു.
പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നംകണ്ട് കെ പി എ സിയുടെ “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന് ജന്മം നല്‍കുകയും തുടര്‍ന്നു സമൂഹത്തെ ആകെ മാറ്റിമറിക്കാന്‍ നിരന്തരം പോരാടുകയും ചെയ്ത തോപ്പില്‍ ഭാസി എന്ന മഹാനായ വിപ്ലവകാരിയുടെ ജീവിതത്തില്‍ അധികമാരും അറിയാതെ ആ കുളവും ആമ്പലും ഇന്നും തെളിഞ്ഞു നില്‍ക്കുന്നു.
സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിടുമ്പോഴും അതിനു മുന്‍നിരയില്‍ തന്നെ പ്രവര്‍ത്തിച്ച ജവഹര്‍ലാല്‍ നെഹ്്‌റുവിന്റെ ഓര്‍മകള്‍ തുളുമ്പുന്ന ആ ആമ്പല്‍ക്കുളം ഭാസിയുടെ മകള്‍ മാല ഇന്നും നിധിപോലെ സംരക്ഷിച്ചുപോരുന്നു.
തന്റെ തിരുമുറ്റത്ത് വളരുന്ന ആമ്പല്‍ പൂക്കളിലൂടെ ചാച്ചാനെഹ്്‌റു എന്ന ദാര്‍ശനികന്റെ ഓര്‍മയിലേക്കാണ് മനസ്സ് പായിച്ചതെങ്കില്‍ തോപ്പില്‍ ഭാസിയുടെ വേര്‍പാടിന് ശേഷം അദ്ദേഹത്തിന്റെ മകള്‍ മാലയും അതിലൂടെ പിതാവിനേയും ജവഹര്‍ലാല്‍ നെഹ്്‌റുവിനേയും നിത്യവും തിരുമുറ്റത്ത് കാണുന്നു.