jamaathe islami- rss discussion
ചര്‍ച്ച ആവശ്യപ്പെട്ടത് ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവരെന്ന് ആര്‍ എസ് എസ് നേതാവ്; ജില്ലാതലങ്ങളിൽ വരെ ചർച്ച
രാജ്യത്തെ കോടതികള്‍ പോലും തള്ളിക്കളഞ്ഞ സംഘ്പരിവാര്‍ പ്രചാരണായുധമായ 'ലൗ ജിഹാദ്' അടക്കമുള്ള വിഷയങ്ങള്‍ ആര്‍ എസ് എസിന് ഉന്നയിക്കാനും സമ്മതിപ്പിക്കാനുമുള്ള ഒരു വേദിയായി ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുമായുള്ള രഹസ്യ ചര്‍ച്ച മാറി.

കോഴിക്കോട് | ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മുസ്ലിം സംഘടനകളാണ് തങ്ങളുമായി ചര്‍ച്ച ആവശ്യപ്പെട്ടതെന്ന് ആര്‍ എസ് എസ് ദേശീയ സമിതിയംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. മുസ്ലിം രാഷ്ട്രീയ മഞ്ച് ഈ സംഘടനകളുമായി സംസാരിക്കുകയും ആര്‍ എസ് എസിനെ ക്ഷണിക്കുകയുമായിരുന്നു. ആര്‍ എസ് എസുമായി ദേശീയാടിസ്ഥാനത്തിലുള്ള ചര്‍ച്ചയാണ് അവര്‍ ആഗ്രഹിച്ചതെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ആര്‍ എസ് എസ്സാണ് ചര്‍ച്ചക്ക് മുന്‍കൈ എടുത്തതെന്നും രഹസ്യ ചര്‍ച്ച അല്ലെന്നുമുള്ള ജമാഅത്തെ ഇസ്ലാമി ജന. സെക്രട്ടറിയും കേരള മുന്‍ അമീറുമായ ടി ആരിഫലി ഇന്നലെ പറഞ്ഞത് തള്ളുന്നതുമാണ് ഇന്ദ്രേഷ് കുമാറിന്റെ വാക്കുകള്‍.
സംസ്ഥാന, ജില്ലാ തലങ്ങളിലും ഇത്തരം ചര്‍ച്ചകള്‍ നടക്കുമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ മണിപ്പൂര്‍ വരെയും രാജ്യത്തുടനീളം നൂറുകണക്കിന് സ്ഥലങ്ങളില്‍ രാഷ്ട്രീയ സ്വയം സേവക് മഞ്ച് ഇത്തരം ചര്‍ച്ചകള്‍ നടത്തും. ഹിന്ദു- മുസ്ലിം സമുദായങ്ങളിലെ ഭിന്നത പരിഹരിക്കുകയാണ് അവരുടെ ലക്ഷ്യം. ജനുവരി 30, 31 തീയതികളില്‍ ജെ എന്‍ യുവില്‍ സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളുമായും ആര്‍ എസ് എസ് ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് മതവിശ്വാസികളെ കാഫിര്‍ എന്ന് വിളിക്കരുതെന്നാണ് മുസ്ലിം സംഘടനകളോട് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. രാജ്യത്തെ എല്ലാവരും വിശ്വാസികളാണ്. അതിനാല്‍ അവരെ കാഫിര്‍ എന്ന് വിളിക്കുന്നത് തെറ്റാണ്. ബോംബുമായി നടക്കുന്നയാളെ എങ്ങനെ മനുഷ്യനെന്ന് വിളിക്കുമെന്ന വിഷയമാണ് രണ്ടാമത് ആര്‍ എസ് എസ് ഉയര്‍ത്തിയത്. അവര്‍ തീവ്രവാദികളും അപലപിക്കപ്പെടേണ്ടവരുമാണ്. മറ്റ് എല്ലാ മതങ്ങളെയും മുസ്ലിംകള്‍ ബഹുമാനിക്കണം. ലൗ ജിഹാദ് അല്ലെങ്കില്‍ മറ്റേതെങ്കിലും വഴികളിലൂടെയുള്ള മതംമാറ്റ പ്രവര്‍ത്തനത്തില്‍ ഇടപഴകില്ലെന്ന് മുസ്ലിംകള്‍ പ്രതിജ്ഞ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തിനെതിരെ എന്തിനാണ് ഇത്ര വെറുപ്പ് പ്രകടിപ്പിക്കുന്നത്? ഇതിനെ എന്തിനാണ് മുസ്ലിം സംഘടനകള്‍ എതിര്‍ക്കുന്നത്? പശുകശാപ്പും ഉന്നയിച്ചു. കാശി, മഥുര മസ്ജിദ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തോയെന്ന് ചോദിച്ചപ്പോള്‍, ആരാധനാലയങ്ങള്‍ പൊളിക്കുന്നത് ശരിയായ കാര്യമല്ലെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ മറുപടി.
ചുരുക്കത്തില്‍, രാജ്യത്തെ കോടതികള്‍ പോലും തള്ളിക്കളഞ്ഞ സംഘ്പരിവാര്‍ പ്രചാരണായുധമായ ‘ലൗ ജിഹാദ്’ അടക്കമുള്ള വിഷയങ്ങള്‍ ആര്‍ എസ് എസിന് ഉന്നയിക്കാനും സമ്മതിപ്പിക്കാനുമുള്ള ഒരു വേദിയായി ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുമായുള്ള രഹസ്യ ചര്‍ച്ച മാറി. ഹിന്ദു സമൂഹത്തെ ആകമാനം പ്രതിനിധാനം ചെയ്യുന്നത് തങ്ങളാണെന്ന ആര്‍ എസ് എസിന്റെ കാലങ്ങളായുള്ള വാദത്തിന് മുസ്ലിം ഭാഗത്തുനിന്ന് അംഗീകാരം നല്‍കുന്നത് കൂടിയാകുകയാണ് ജമാഅത്ത് ഇസ്ലാമി ഉള്‍പ്പെട്ട ഈ ചര്‍ച്ച. ആര്‍ എസ് എസ് ഹിന്ദു സമൂഹത്തെയല്ല, രാഷ്ട്രീയ ലക്ഷ്യത്തോടെയും അക്രമസ്വഭാവത്തിലുമുള്ള ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രത്തെയെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന മതനിരപേക്ഷ സമൂഹത്തിന്റെ നിലപാടിനെയും വാദങ്ങളെയും അട്ടിമറിക്കുന്നത് കൂടിയായി ഈ ചര്‍ച്ച. അതുകൊണ്ടുതന്നെയാണ് മതനിരപേക്ഷ സമൂഹം ഇതിനെ എതിര്‍ക്കുന്നതും.