Connect with us

Editorial

യു പിയില്‍ മരിച്ചുവീഴുന്നത് നിയമവാഴ്ച

യോഗി ആദിത്യ നാഥിന് കീഴില്‍ യു പിയുടെ ക്രമസമാധാനനില എവിടെയെത്തിയിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ അരുംകൊല മാത്രം മതിയാകും. നിയമരാഹിത്യമാണ് അരങ്ങുവാഴുന്നത്. ഒരു സുരക്ഷിതത്വവുമില്ല. രാജ്യത്തെ ഒരു സംസ്ഥാനത്ത് ഈ നിലക്ക് ക്രമസമാധാനം തകര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാറിന് ഒരു അനക്കവുമില്ല.

Published

|

Last Updated

യു പിയില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ എം പിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അതീഖ് അഹ്‌മദിനെയും സഹോദരന്‍ അശ്‌റഫ് അഹ്‌മദിനെയും വാര്‍ത്താ ലേഖകര്‍ക്ക് മുന്നില്‍, വന്‍ പോലീസ് വലയത്തിനുള്ളില്‍ അതിക്രൂരമായി വെടിവെച്ച് കൊന്നതില്‍ ഏറ്റവും ശക്തമായ പ്രതികരണം വന്നത് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലില്‍ നിന്നാണ്. അദ്ദേഹം ട്വീറ്റ് ചെയ്തു: രണ്ട് കൊലപാതകങ്ങള്‍ നടന്നിരിക്കുന്നു- ഒന്ന്, അതീഖ് അഹ്‌മദും സഹോദരനും. രണ്ട്, നിയമവാഴ്ച. ഒരു പ്രദേശത്ത് നിയമവാഴ്ച തകര്‍ന്നാല്‍ മാരക ആയുധങ്ങളാകും ഭരിക്കുക.

യോഗി ആദിത്യ നാഥിന് കീഴില്‍ യു പിയുടെ ക്രമസമാധാനനില എവിടെയെത്തിയിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ അരുംകൊല മാത്രം മതിയാകും. നിയമരാഹിത്യമാണ് അരങ്ങുവാഴുന്നത്. ഒരു സുരക്ഷിതത്വവുമില്ല. ഗുണ്ടാ സംഘങ്ങള്‍ പരസ്പരം ആയുധം പ്രയോഗിച്ച് മരിക്കുകയാണ്. അവര്‍ക്ക് ഇഷ്ടമില്ലാത്ത ആരും ഏത് നിമിഷവും തോക്കിനിരയാകും. കേസുകളിലെ സാക്ഷികള്‍ ഏത് നിമിഷവും വണ്ടിയിടിച്ച് മരിക്കും. ഭയമോ പക്ഷപാതിത്വമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരുടെ ജീവനും അപകടത്തിലാണ്. പോലീസ് തന്നെയും കൊലയാളികളാണ്. കോടതിക്കും വിചാരണക്കും കാത്തുനില്‍ക്കാതെ കുറ്റം ചുമത്തുന്നു, വധശിക്ഷ നടപ്പാക്കുന്നു. രാജ്യത്തെ ഒരു സംസ്ഥാനത്ത് ഈ നിലക്ക് ക്രമസമാധാനം തകര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാറിന് ഒരു അനക്കവുമില്ല.

പിരിച്ചുവിട്ടുകളയുമെന്ന ഭീഷണിയില്ല. യു പി ഭരിക്കുന്നവര്‍ക്കെതിരെ ഒരു കേന്ദ്ര ഏജന്‍സിയും ചെല്ലുന്നില്ല. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാറെന്നാല്‍ ഇതാണോ? ഗൂഢമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ വഴിതിരിച്ചു വിടാനുള്ള വമ്പന്‍ പ്ലാനിന്റെ ഭാഗവുമാകാമിത്.

തത്സമയ ക്യാമറകള്‍ മിഴിതുറന്ന് നില്‍ക്കെയായിരുന്നു കൊലപാതകം. പോലീസ് വലയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് വെടിവെപ്പ്. നേരത്തേ യു പി പോലീസ് ഏറ്റമുട്ടലിലൂടെ വധിച്ച മകന്റെ അന്ത്യകര്‍മങ്ങളില്‍ അതീഖ് അഹ്‌മദിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയാണ് ഒരാള്‍ അദ്ദേഹത്തിന്റെ തലയിലേക്ക് പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചത്. തൊട്ടടുത്ത നിമിഷം തന്നെ സഹോദരന് നേരേയും വെടിവെപ്പുണ്ടായി. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനയാണ് അക്രമികള്‍ അതീഖിനും സഹോദരനും സമീപമെത്തിയതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം അക്രമികള്‍ “ജയ് ശ്രീറാം’ വിളിക്കുകയും ചെയ്തു. ഉമേഷ്പാല്‍ വധക്കേസില്‍ പോലീസ് റിമാന്‍ഡില്‍ കഴിയുന്ന ഇരുവര്‍ക്കും ദിവസവും മെഡിക്കല്‍ പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വൈദ്യപരിശോധനക്കായി പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്.

കൊലപാതകത്തിന് പിറകെ യു പിയിലെ മന്ത്രിമാരടക്കമുള്ള ഉന്നതര്‍ നടത്തിയ പ്രതികരണങ്ങള്‍ നോക്കിയാല്‍ പ്രശ്‌നത്തിന്റെ പ്രഭവ കേന്ദ്രം മനസ്സിലാകും. അക്രമത്തെ പരസ്യമായി ന്യായീകരിക്കുകയും എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് അവര്‍ ചെയ്തത്. “നന്മ – തിന്മകളുടെ ഫലം ഈ ജന്മത്തില്‍ തന്നെ ലഭിക്കും’ – ഉത്തര്‍ പ്രദേശ് മന്ത്രിയും ബി ജെ പി നേതാവുമായ സ്വതന്ത്രദേവ് സിംഗ് ട്വീറ്റ് ചെയ്തു. “കുറ്റകൃത്യം അതിന്റെ കൊടുമുടിയില്‍ എത്തിനില്‍ക്കുമ്പോള്‍, ഇതാണ് പ്രകൃതിയുടെ നിയമം’ എന്നായിരുന്നു മറ്റൊരു മന്ത്രി സുരേഷ് കുമാര്‍ ഖന്നയുടെ പ്രസ്താവന. അതീഖ് അഹ്‌മദിന്റെയും സഹോദരന്റെയും പേരിലുള്ള കേസുകളിൽ നിയമ വ്യവസ്ഥ നൽകുന്ന ശിക്ഷ അവർ ഏറ്റുവാങ്ങേണ്ടത് തന്നെയാണ്. ആ ശിക്ഷയുടെ കാഠിന്യം എത്ര വേണമെന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. അവരും കുടുംബവും ശിക്ഷ അനുഭവിക്കുന്നുമുണ്ട്.

അതിനിടക്ക് കൊന്നുതള്ളാന്‍ ആരാണ് അക്രമികള്‍ക്കും പോലീസിനും അധികാരം നല്‍കിയത്? നന്മ, തിന്മയുടെ ഫലമെന്ന് ഈ കൊലപാതകത്തെ മന്ത്രി വിശേഷിപ്പിക്കുമ്പോള്‍ നിരവധി ചോദ്യങ്ങളുയരും. മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തില്‍ അവിടെയെത്താനും അതീഖിനും സഹോദരനും തൊട്ടടുത്ത് എത്താനും അക്രമിക്ക് എവിടെ നിന്നെങ്കിലും ഒത്താശ ലഭിച്ചോ? ഇപ്പോള്‍ പിടിക്കപ്പെട്ടവര്‍ വെറും നടത്തിപ്പുകാര്‍ മാത്രമാണോ? കൊലപാതകത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ മറഞ്ഞിരിക്കുകയാണോ? പ്രകൃതി നിയമമാണ് നടന്നതെന്ന് തന്റെ ക്യാബിനറ്റിലെ ഒരു അംഗം വിളിച്ചു കൂവുമ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എന്ത് പറയാനുണ്ട്? ഇവിടെ ഒരു കാര്യം കൂടി പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അക്രമികള്‍ കൃത്യം നിര്‍വഹിച്ചശേഷം ജയ് ശ്രീറാം വിളിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മനുഷ്യരെ പച്ചക്ക് കൊന്ന ശേഷം മുഴക്കാവുന്ന ആക്രോശ വാക്യമായി ജയ് ശ്രീറാം സംഭവിക്കുന്നത് യഥാര്‍ഥ രാമഭക്തര്‍ എങ്ങനെ സഹിക്കും?

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് കൊലപാതകം നടന്നത്. വന്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയമടക്കമുള്ള പശ്ചാത്തലം പരിശോധിക്കണം. ഒപ്പം യു പിയില്‍ ഈയിടെ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും അന്വേഷിക്കണം. യു പിയില്‍ ഓരോ 13 ദിവസത്തിലും ഒരു ഏറ്റുമുട്ടല്‍ കൊല നടക്കുന്നുവെന്നാണ് കണക്ക്. ബി എസ് പി നേതാവ് മായാവതി ചൂണ്ടിക്കാട്ടിയ പോലെ, സംസ്ഥാന ഏജന്‍സികള്‍ ഇതൊക്കെ അന്വേഷിച്ചാല്‍ എങ്ങുമെത്തില്ല. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സമഗ്രമായ അന്വേഷണമാണ് വേണ്ടത്.

Latest