Articles
നിയമവാഴ്ച തന്നെയാണ് പ്രധാനം
സംശയാസ്പദമായ ഒരു ഒരു മരണം (അസ്വാഭാവിക മരണം ) നടന്നതായി കണ്ടാല്‍ മരണ കാരണം, മരണ സമയം , അത് നടന്ന സ്ഥലം മുതലായവ നിര്‍ണയിച്ച് രേഖപ്പെടുത്തണം എന്നത് രാജ്യത്തു നിലനില്‍ക്കുന്ന ഒരു നിയമമാണ്. അത് എല്ലാ വിശ്വാസക്കാര്‍ക്കും ബാധകവുമാണ്. ശവക്കല്ലറകള്‍ തുറന്ന് ഇത്തരം പരിശോധനകള്‍ നടത്തിയ നിരവധി സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.
നെയ്യാറ്റിന്‍കരയില്‍ കാവുവിളാകം ശ്രീ കൈലാസനാഥ മഹാക്ഷേത്രം ആചാര്യന്‍ ബ്രഹ്മശ്രീ ഗോപന്‍ സ്വാമി സമാധി ആയി എന്നും അദ്ദേഹത്തെ തങ്ങളുടെ ആചാരമനുസരിച്ച് കര്‍പ്പൂരവും ‘ഭസ്മവും ചന്ദനവും മറ്റും ഇട്ടു ഒരു കല്‍ക്കെട്ടു കൊണ്ട് അടിച്ചു പൂട്ടി എന്നതും കേരളം മുഴുവന്‍ ചര്‍ച്ചയായി. ഏതെങ്കിലും ഒരു മനുഷ്യന്, വിഭാഗം മനുഷ്യര്‍ക്ക് തങ്ങളുടെ അന്ത്യകര്‍മ്മങ്ങള്‍ ഏതു വിധമായിരിക്കണം എന്ന് തീരുമാനിക്കാന്‍ അവകാശമുണ്ട്. ഭരണഘടനയും നിയമവും അത് ഉറപ്പു നല്‍കുന്നുമുണ്ട്. പക്ഷേ ഇവിടെ മൃതശരീരത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ചല്ല ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഇത് കേവലം ആചാരത്തിന്റെ പ്രശ്നം മാത്രമല്ല എന്നര്‍ഥം. ഈ സ്വാമി യഥാര്‍ഥത്തില്‍ മരിക്കുന്നതിന് മുമ്പ് അടക്കം ചെയ്തുവോ എന്നത് ഒരു ക്രിമിനല്‍ വിഷയമാണ്. അത് പരിശോധിക്കാന്‍ രാജ്യത്തെ നിയമ സംവിധാനത്തിന് അധികാരമുണ്ട്.
ഗോപന്‍ സ്വാമി എന്നയാളെ കാണാനില്ല എന്ന ഒരു പരാതിയില്‍ നിന്നാണ് ഈ വാര്‍ത്തയുടെ തുടക്കം. ഇത്തരത്തില്‍ ഒരു (മാന്‍ മിസ്സിംഗ്) പരാതി കിട്ടിയാല്‍ അതില്‍ പരാമര്‍ശിക്കുന്ന ആളെ കണ്ടെത്താന്‍ പോലീസിന് കടമയുണ്ട്. അതനുസരിച്ച് മേല്‍പ്പറഞ്ഞ വ്യക്തി താമസിക്കുന്ന വീട്ടില്‍ പോലീസ് എത്തുന്നു. ആ വീട്ടില്‍ ഉള്ള സ്വാമിയുടെ ഭാര്യ സുലോചനയും മക്കളായ സനന്ദനും രാജാസേനനും പറയുന്നത് സ്വാമി ഇക്കഴിഞ്ഞ ജനുവരി ഒമ്പതിന് സ്വര്‍ഗവാതില്‍ ഏകാദശി ദിവസം സമാധി ആയി എന്നും അദ്ദേഹത്തിന്റെ ശരീരം കല്ലറയില്‍ അടക്കി എന്നുമാണ്. താന്‍ സമാധി ആകാന്‍ പോകുന്നു എന്ന് മക്കളെ അറിയിച്ചു കൊണ്ട് ഒരു കല്‍പ്പീഠത്തില്‍ അദ്ദേഹം കയറി ഇരുന്നു എന്നും എന്തൊക്കെയോ ശ്വാസ നിശ്വാസ ക്രമങ്ങള്‍ക്കു ശേഷം സമാധി ആയി അദ്ദേഹത്തിന്റെ ആത്മാവ് മേലോട്ട് പോയി എന്നും മറ്റുമാണ് പോലീസിന് ലഭിച്ച മറുപടി. ഷുഗറും രക്തസമ്മര്‍ദവും കാഴ്ചയില്ലായ്മയും പോലുള്ള ഗുരുതര രോഗങ്ങള്‍ ബാധിച്ച ഇദ്ദേഹം എങ്ങനെ 50 മീറ്റര്‍ ദൂരെയുള്ള പീഠത്തിലേക്കു നടന്നു കയറി തുടങ്ങിയ സംശയങ്ങള്‍ പരാതിക്കാരായ നാട്ടുകാര്‍ ഉന്നയിച്ചിരുന്നു.
ഇതില്‍ ഗൗരവതരമായ നിയമപ്രശ്ങ്ങള്‍ ഉണ്ടെന്നു കണ്ട പോലീസും മറ്റു അധികാരികളും ഈ കല്ലറ പൊളിക്കണമെന്നും അദ്ദേഹത്തിന്റെ ശരീരം തന്നെയാണോ അതെന്നു തീര്‍ച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഈ മക്കളും ഭാര്യയും പറയുന്ന കാര്യങ്ങള്‍ ശാസ്ത്രീയമായ അറിവുകളനുസരിച്ച് അസാധ്യമാണെന്നും പോലീസ് കരുതുന്നു. തന്നെയുമല്ല ഇത്തരത്തില്‍ സംശയാസ്പദമായ ഒരു ഒരു മരണം (അസ്വാഭാവിക മരണം ) നടന്നതായി കണ്ടാല്‍ മരണ കാരണം, മരണ സമയം , അത് നടന്ന സ്ഥലം മുതലായവ നിര്‍ണയിച്ച് രേഖപ്പെടുത്തണം എന്നത് രാജ്യത്തു നിലനില്‍ക്കുന്ന ഒരു നിയമമാണ്. അത് എല്ലാ വിശ്വാസക്കാര്‍ക്കും ബാധകവുമാണ്. ശവക്കല്ലറകള്‍ തുറന്നു ഇത്തരം പരിശോധനകള്‍ നടത്തിയ നിരവധി സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. സത്യം കണ്ടെത്താനുള്ള താത്പര്യം വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഉണ്ട്.
ഇത്തരത്തില്‍ കല്ലറ പൊളിച്ച് പരിശോധിക്കുന്നതിനെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. ഒരു ഘട്ടത്തില്‍ മകന്‍ ആത്മഹത്യാ ഭീഷണി വരെ മുഴക്കി. അവരെ നീക്കി നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ പോലീസ് തുനിഞ്ഞപ്പോള്‍ കുടുംബത്തിന്റെ അ’ി’ാഷകനും ചില മത സംഘടനകളും രംഗത്തു വന്നതോടെ പ്രശ്നത്തിന് പുതിയ മാനങ്ങള്‍ കൈവന്നു. ഈ ക്ഷേത്രത്തിനെതിരായി നാട്ടുകാരില്‍ ചിലര്‍ മുമ്പ് തന്നെ ഇടപെട്ടിട്ടുണ്ടെന്നും അതിനു പിന്നില്‍ ചില പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണെന്നും കൂടി വന്നതോടെ പ്രശ്ങ്ങള്‍ ഗുരുതരമായി. എന്തും വര്‍ഗീയവിഷയമാക്കി മാറ്റാന്‍ കഴിയുന്ന ഒരു സാമൂഹിക സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്ന് നമുക്കറിയാം. അങ്ങനെ വര്‍ഗീയത ആളിക്കത്തിക്കാന്‍ ഈ വിഷയം ഉപയോഗിക്കപ്പെട്ടേക്കാം എന്ന സംശയം ഉയര്‍ന്നപ്പോള്‍ പോലീസ് ഉന്നതാധികാരികളുമായി ബന്ധപ്പെട്ടു. ജില്ലാ കലക്ടര്‍ ഇടപെട്ടു. മജിസ്ട്രേറ്റിന്റെ കൂടി ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനായ സബ്കലക്ടര്‍ നേരിട്ട് വന്ന് കുടുംബവുമായി സംസാരിച്ചു. നാട്ടുകാരെയും ഈ വീട്ടുകാരെയും അവരെ പിന്തുണക്കുന്നവരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ച് പോലീസ് സമവായ ചര്‍ച്ചക്ക് ശ്രമം നടത്തി. ആ ചര്‍ച്ചയുടെ ഫലമായി കല്ലറ പൊളിക്കല്‍ തത്കാലം മാറ്റിവെച്ചു. പൊളിക്കുന്നതിനു മുമ്പ് വീട്ടുകാര്‍ക്ക് നോട്ടീസ് കൊടുത്തില്ല എന്ന ഒരു നിയമപ്രശ്നവും അവിടെ ഉന്നയിക്കപ്പെട്ടു. ഇതിനിടയില്‍ ചില പ്രധാന ഹിന്ദു സംഘടനക്കാര്‍ തന്നെ ഈ വിഷയത്തില്‍ നിയമപരമായ നടപടികള്‍ തടസപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടിരുന്നു. കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും കല്ലറ പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യാന്‍ പറ്റില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി.
പോലീസും അധികാരികളും തങ്ങളുടെ നടപടികള്‍ ഇന്നലെ രാവിലെ ആരംഭിച്ചു. കുടുംബത്തിന്റെ ആത്മഹത്യാ’ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ പോലീസ് സന്നാഹം അവിടെ ഉണ്ടായിരുന്നു. കല്ലറ പൊളിച്ചപ്പോള്‍ അതിനകത്ത് ഗോപന്‍ സ്വാമിയുടെ ശരീരം ഉണ്ടെന്നും കുടുംബം പറഞ്ഞത് പോലെ ഇരിക്കുന്ന അവസ്ഥയിലാണ് ശരീരം ഉള്ളതെന്നും അതില്‍ നിറയെ ഭസ്മവും ചന്ദനവും കര്‍പ്പൂരവും നിറച്ചിട്ടുണ്ടെന്നും കണ്ടു . ശരീരം ഇന്‍ക്വസ്റ്റ് നടത്തി തിരുവനന്തപുരം മെഡിക്കല്‍ കോജേിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി. മരണം സ്വാഭാവികമായിരുന്നുവോ, എപ്പോഴാണ് നടന്നത് തുടങ്ങിയ വിവരങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിലൂടെ കണ്ടെത്തിയതിനു ശേഷം മാത്രമേ മറ്റു നിയമ നടപടികളിലേക്കു കടക്കാന്‍ കഴിയുകയുള്ളൂ. മരുന്ന് അധിക ഡോസ് കഴിച്ചത് മൂലമുള്ള മരണമാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. സത്യം പുറത്ത് വരട്ടെ. പരിശോധനകള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പക്ഷെ അശുദ്ധമാക്കിയ ശരീരമവര്‍ ഏറ്റുവാങ്ങുമോ എന്ന സംശയം ചിലര്‍ ഉന്നയിക്കുന്നുമുണ്ട്. എന്തായാലും ഒരു ഭരണകൂടം എന്ന രീതിയില്‍ അതിന്റെ നിയമപരമായ കടമകള്‍ നിര്‍വഹിക്കാനായി എന്ന് ആശ്വസിക്കാം.
ഈ പ്രശ്നം പരിഹരിക്കപ്പെട്ടാലും നിരവധി ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ആരുടെ വിശ്വാസപ്രകാരം ആണെങ്കിലും ഒരു ക്രിമിനല്‍ നടപടി ന്യായീകരിക്കപ്പെടാമോ? ഈ മരണം അല്ലെങ്കില്‍ സമാധി സംഭവിച്ചു എങ്കില്‍ ആ കുടുംബം ആദ്യം ചെയ്യേണ്ടിയിരുന്നത് മരണം ശാസ്ത്രീയമായി സ്ഥിരീകരിക്കുക എന്നതല്ലേ? നാഡീസ്പന്ദനവും ശ്വാസോച്ഛ്വാസവും നിലച്ചാലും യഥാര്‍ഥ മരണം സംഭവിച്ചിരിക്കണം എന്നില്ല എന്ന് വൈദ്യശാസ്ത്രം പറയുന്നു. യോഗ്യതയുള്ള ഒരു ഡോക്ടറെ കൊണ്ട് പരിശോധന നടത്താന്‍ അവര്‍ തയ്യാറായില്ല എന്നത് ഗൗരവതരമായ ഒരു കുറ്റമാണ്. മരണം സ്ഥിരീകരിക്കാന്‍ ഒരു ഡോക്ടറെ വിളിച്ചാല്‍ അയാള്‍ സ്പര്‍ശിച്ച് ‘ഭൗതിക ശരീരം ആശുദ്ധമാകും എന്നും ഏതോ പുണ്യ സമയം തെറ്റുമെന്നും മറ്റുമുള്ള വാദങ്ങള്‍ ഒരിക്കലും നിലനില്‍ക്കില്ല. സ്വാമി വിവേകാനന്ദന്‍ മരിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നും ഒരു ഡോക്ടര്‍ വന്നു മരണം സ്ഥിരീകരിച്ച ശേഷമാണ് സംസ്‌കരിച്ചത്. 120 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വലിയ സ്വാമിയുടെ കാര്യത്തില്‍ ചെയ്യാമായിരുന്ന കാര്യങ്ങള്‍ ലോകം ഇത്രയും മുന്നോട്ടു പോയിട്ടും ഇന്ന് ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. മരണം നടന്ന ശേഷം ആ ശരീരം മൂടാനുള്ള ചന്ദനവും കര്‍പ്പൂരവും കല്ലും സിമന്റുമെല്ലാം പുറത്തു നിന്നും വാങ്ങിക്കൊണ്ട് വന്നു എന്നും അവര്‍ സമ്മതിക്കുന്നു. ഇതിനൊക്കെ വേണ്ട സമയം ആവശ്യമില്ലല്ലോ ഒരു ഡോക്ടറെ വിളിക്കാന്‍ എന്ന ചോദ്യം പ്രസക്തമാണ്.
സ്വാമി മരിച്ചിട്ടില്ലായിരുന്നെങ്കില്‍ ഇത് ഒരു കൊലക്കേസാണ്. എന്ത് വിശ്വാസത്തിന്റെ പേരിലായാലും ഒരു മനുഷ്യനെ കൊല്ലുക എന്നതിനെ ആര്‍ക്കു ന്യായീകരിക്കാന്‍ കഴിയും? അതുകൊണ്ട് തന്നെ മരണ കാരണം കണ്ടെത്തേണ്ടത് നിയമ സംവിധാനത്തിന്റെ ആവശ്യമാണ്. അല്ലെങ്കില്‍ നരബലി പോലും ന്യായീകരിക്കപ്പെടാന്‍ സാധ്യതയില്ലേ? കുറച്ചു കാലം മുമ്പാണല്ലോ പത്തനംതിട്ടയില്‍ ഇത്തരത്തില്‍ രണ്ട് പേരെ ബലി കൊടുത്തത്. അതൊന്നും ഒരു വിശ്വാസത്തിന്റെ പേരിലും ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. ക്രിമിനല്‍ നിയമത്തെ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. മറ്റുള്ളവരെ ബാധിക്കാതെ ഒരാള്‍ക്ക് ഏതു വിശ്വാസവും ആചാരവും കൊണ്ട് നടക്കാന്‍ ഇവിടെ നിയമം അനുവദിക്കുന്നുണ്ടല്ലോ.
ഇതൊരു കൊലപാതകമാകാന്‍ സാധ്യതയുണ്ടെന്നാണു പലരും പറയുന്നത്. അതിനു ചില ലക്ഷ്യങ്ങള്‍ ഉണ്ട് എന്നും പറയുന്നു. സ്വാമി ദൈവികമായി സമാധി ആയി എന്നത് സമൂഹത്തിലൊരു വിഭാഗത്തെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞാല്‍ അവിടെ ഒരു ആള്‍ദൈവത്തിനും ക്ഷേത്രത്തിനും സാധ്യതയുണ്ട്. അതെല്ലാം ഇന്ന് പല രൂപത്തിലുമുള്ള വരുമാന സാധ്യതയാണ്. അത്തരം സ്വാര്‍ഥതാത്പര്യങ്ങള്‍ ഉള്ളത് കൊണ്ടാകാം മറ്റാരെയും അറിയിക്കാതെ അടക്കം ചെയ്തത് എന്ന വാദങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ല. ഈ സംഭവത്തെ വര്‍ഗീയ ചേരിതിരിവിന് ഉപയോഗിക്കാന്‍ അനുവദിക്കരുത്. അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ എടുക്കണം. നിയമവാഴ്ച ഉറപ്പാക്കണം. നിയമപരമായി ചെയ്യേണ്ട അന്വേഷണങ്ങളെല്ലാം നടത്തണം . അതിനു ശേഷം അവരുടെ വിശ്വാസപ്രകാരമുള്ള അടക്കല്‍ നടത്തിക്കൊള്ളട്ടെ. മരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ ന്യായമായ വിചാരണക്കും ശിക്ഷക്കും വിധേയരാകണം.