mullapperiyar
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി
മുന്‍ക്കാല വിധികള്‍ നിയമപരമായി തെറ്റെന്നും വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ആവശ്യം

ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. 2006, 2014 വര്‍ഷങ്ങളിലെ വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിന് ഡാമില്‍ അവകാശമുണ്ടെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
മുന്‍ക്കാല വിധികള്‍ നിയമപരമായി തെറ്റെന്നും വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയുമായി അഭിഭാഷകന്‍ മാത്യു നെടുംമ്പാറ ആണ് സുപ്രിംകോടതിയില്‍ എത്തിയത്. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജ്യണല്‍ ചീഫ് എന്‍ജിനീയര്‍ എസ് രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനം.