Kozhikode
പ്രിയ ഗുരുവിന് ഊർജം നൽകി സഖാഫികൾ സംഗമിച്ചു
മണിചെയിൻ ഇടപാടുകളിൽ നിന്ന് മാറി നിൽക്കണം: കാന്തപുരം
കോഴിക്കോട് | മർകസ് കോളജ് ഓഫ് ശരീഅഃയിൽ നിന്ന് പഠനം പൂർത്തിയാക്കിയ പണ്ഡിതരുടെ കൂട്ടായ്മയായ സഖാഫി ശൂറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഇസ്നാദ്-23’ സ്കോളേഴ്സ് സമ്മിറ്റിൽ പങ്കെടുക്കാൻ ഇത്തവണ പതിവിലും കൂടുതൽ സഖാഫികളെത്തി. അൽപകാലത്തെ വിശ്രമത്തിനുശേഷം പൊതുവേദികളിൽ പ്രസാദത്തോടെ സാന്നിധ്യമറിയിച്ചുതുടങ്ങിയ പ്രിയഗുരു കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ മനസ്സുനിറയെ കാണണമെന്നും ഉള്ളുനിറയെ കേൾക്കണമെന്നുമുള്ള ആഗ്രഹത്താൽ പലദിക്കുകളിൽ നിന്നെത്തി അവർ ഒന്നിച്ചിരുന്നു.
പ്രിയഗുരുവിൻ്റെ അർഥഗർഭമായ സാരോപദേശങ്ങളും പ്രാർഥനകളും കേട്ടും സഹപാഠികളെ കണ്ടും വിശേഷങ്ങൾ കൈമാറിയും മർകസ് നോളേജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിലെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ അവർ ഏറെ നേരമിരുന്നു. ഒപ്പം പ്രമുഖരുടെ മൂല്യവത്തായ സെഷനുകൾക്കും സഖാഫി ശൂറയുടെയും വിവിധ ബാച്ചുകളുടെയും നേതൃത്വത്തിലുള്ള വിവിധ പദ്ധതികളുടെ പ്രകാശനത്തിനും അവർ സാക്ഷിയായി. ശിഷ്യരുടെ സ്നേഹവും സാന്നിധ്യവും ഉസ്താദിനും വളരെയധികം ഉന്മേഷവും ഊർജവും നൽകി. മർകസിൻ്റെ പ്രാരംഭകാലം മുതൽ അവസാന വർഷം പുറത്തിറങ്ങിയവരെയടക്കം കണ്ട സന്തോഷത്തിൽ ഉസ്താദ് കൂടുതൽ ആവേശത്തോടെ സംസാരിച്ചു. ശിഷ്യർക്കുമാത്രം കരുതിവെച്ച ഉപദേശങ്ങളും പ്രാർഥനകളും നൽകി അവരെ സത്കരിച്ചു. ഉള്ളിൽ സന്തോഷത്തിൻ്റെയും സഫലീകരണത്തിൻ്റെയും ഒരുപിടി നല്ലനിമിഷങ്ങൾ ശേഖരിച്ചാണ് സ്കോളേഴ്സ് സമ്മിറ്റിൽ നിന്ന് ഓരോ പണ്ഡിതരും മടങ്ങിയത്.
രണ്ടു ദിവസങ്ങളിലായി നടന്ന സമ്മിറ്റിൽ ഒമ്പതിനായിരത്തോളം പണ്ഡിതരാണ് ഒരുമിച്ചുകൂടിയത്. രണ്ടാം ദിവസമായ ഇന്ന് 2010 മുതൽ 2022 ബാച്ച് വരെയുള്ളവരാണ് സംഗമിച്ചത്.
മണിചെയിൻ ഇടപാടുകളിൽ നിന്ന് മാറി നിൽക്കണം: കാന്തപുരം
മത ധാർമിക രംഗത്ത് സമൂഹം ഏറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് സഖാഫികളടക്കമുള്ള മതപണ്ഡിതർ സമൂഹത്തിന് മാതൃകയാകണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടന്ന സഖാഫി സ്കോളേഴ്സ് സമ്മിറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുക്കന്മാരിൽ നിന്നും ആർജിച്ച യഥാർഥ മതത്തിൽ നിന്ന് വ്യതിചലിക്കാതെ ജീവിക്കാനും ചുറ്റുമുള്ളവർക്ക് അറിവ് പകർന്ന് കൊടുക്കാനും പണ്ഡിതർക്ക് സാധിക്കണം.
നിഷ്കളങ്കരെ വീഴ്ത്തുന്ന ഒട്ടേറെ കെണികൾ ഇപ്പോൾ സമൂഹത്തിലുണ്ട്. മണിചെയിൻ ബിസിനസ്സിൽ പണ്ഡിതരെ കരുവാക്കി പലരും തട്ടിപ്പുകൾ നടത്തുന്നുണ്ട്. അവയിലൊന്നും അകപ്പെടാതെ സൂക്ഷ്മതയോടെ ജീവിക്കാൻ സാധിക്കണം. സാധാരണ വിശ്വാസികൾ വീണുപോകുന്ന ഇത്തരം അധാർമിക പ്രവണതകളുടെ ഗൗരവത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കേണ്ടത് പണ്ഡിതരുടെ ചുമതലയാണ്. തിരുനബിയെ അനുധാവനം ചെയ്യുന്നതിനും സുന്നത്ത് ജമാഅത്തിൽ ഉറച്ചുനിൽക്കുന്നതിലും ഉത്സാഹിക്കണം- കാന്തപുരം ഉണർത്തി. സ്കോളേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത മുഴുവൻ സഖാഫി പണ്ഡിതരോടും സന്തോഷം അറിയിച്ച അദ്ദേഹം മർകസിൻ്റെ പൂർവകാല പ്രവർത്തകരെയും ഉസ്താദുമാരെയും ചടങ്ങിൽ അനുസ്മരിച്ചു.
പേരോട് അബ്‌ദുർറഹ്‌മാൻ സഖാഫി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ചരിത്രം, കർമം, ജീവിതം, സന്ദേശം, പദ്ധതി തുടങ്ങിയ സെഷനുകളിൽ സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്‌ഹരി, ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, സിപി ഉബൈദുല്ല സഖാഫി വിഷയമവതരിപ്പിച്ചു.
കെകെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ത്വാഹ സഖാഫി തളീക്കര, ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ, എപി അബ്ദുൽ കരീം ഹാജി ചാലിയം, ബാദുശ സഖാഫി ആലപ്പുഴ, ഹസൻ സഖാഫി തറയിട്ടാൽ, ഇബ്‌റാഹീം സഖാഫി താത്തൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ലത്വീഫ് സഖാഫി പെരുമുഖം, ദുൽകിഫിൽ സഖാഫി സംബന്ധിച്ചു.