Connect with us

From the print

മുലപ്പാൽ വിൽപ്പന അനുവദിക്കില്ല; മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അതോറിറ്റി

മുലപ്പാൽ അധിഷ്ഠിതമായ ഉത്പന്നങ്ങൾ വിൽക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും കേന്ദ്ര, സംസ്ഥാന അധികൃതർ ഇതിന് ലൈസൻസ് നൽകരുതെന്നും എഫ് എസ് എസ് എ ഐ അറിയിച്ചു

Published

|

Last Updated

ന്യൂഡൽഹി | മുലപ്പാലിന്റെ വാണിജ്യവത്കരണത്തിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ് എസ് എസ് എ ഐ). മുലപ്പാൽ അധിഷ്ഠിതമായ ഉത്പന്നങ്ങൾ വിൽക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും കേന്ദ്ര, സംസ്ഥാന അധികൃതർ ഇതിന് ലൈസൻസ് നൽകരുതെന്നും എഫ് എസ് എസ് എ ഐ അറിയിച്ചു. ഈ മാസം 24നാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.

മുലപ്പാൽ, മുലപ്പാൽ അധിഷ്ഠിത ഉത്പന്നങ്ങൾ എന്നിവയുടെ വാണിജ്യവത്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. നിയമലംഘനം കണ്ടെത്തിയാൽ നടത്തിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മുലപ്പാൽ സംസ്‌കരിക്കുന്നതിനോ വിൽക്കുന്നതിനോ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന ലൈസൻസിംഗ് അധികൃതരോടും ആവശ്യപ്പെട്ടു.
മുലപ്പാൽ വാണിജ്യവത്കരിക്കാൻ രജിസ്റ്റർ ചെയ്ത സൊസൈറ്റികളിൽ നിന്ന് നിരവധി അഭ്യർഥനകൾ ലഭിക്കുന്നതായി ഭക്ഷ്യ സുരക്ഷാ അതോറിറ്റി ചൂണ്ടിക്കാട്ടി. ഇത് കർശനമായി നിരോധിച്ചിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലെ നവജാതശിശുക്കൾക്കും ശിശുക്കൾക്കും നൽകാൻ മാത്രമേ ഉപയോഗിക്കാവൂവെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി വ്യക്തമാക്കി.

മുലപ്പാൽ സ്വമേധയാ ദാനം ചെയ്യാവുന്നതാണ്. എന്നാൽ, ദാതാവിന് പണമോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിക്കാൻ കഴിയില്ല. 2006ലെ എഫ് എസ് എസ് ആക്ട് പ്രകാരം മുലപ്പാൽ സംസ്‌കരിക്കുന്നതും വിൽക്കുന്നതും അനുവദിച്ചിട്ടില്ല. മുലയൂട്ടുന്ന മാതാക്കളിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബേങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിന്റെ ഓൺലൈൻ വിൽപ്പന വർധിച്ചിരുന്നു. ഓൺലൈനിൽ മുലപ്പാൽ ഉത്പന്നങ്ങൾ തിരയുന്നതും സാമൂഹിക മാധ്യമങ്ങളിൽ പരസ്യം വരുന്നതും ഉയരുകയും ചെയ്തു. ആരോഗ്യമുള്ള ദാതാക്കളിൽ നിന്ന് ശേഖരിക്കുന്ന പാൽ സംസ്‌കരിച്ച് ശീതീകരിച്ചാണ് വിൽപ്പനയെന്നും വിൽപ്പനക്കാർ അവകാശപ്പെടുന്നുണ്ട്. സർക്കാർ ആശുപത്രികളോട് ചേർന്നുള്ള മിക്ക പാൽ ബേങ്കുകളിലും മുലപ്പാൽ സൗജന്യമായി നൽകുന്നുണ്ട്.

Latest