Connect with us

articles

സംഘ്പരിവാറിൻ്റെ ഗാന്ധി വിരോധം

തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയും തങ്ങളെ വിമര്‍ശിക്കുന്നവരെയും തങ്ങളുടെ പ്രത്യയശാസ്്ത്രങ്ങളോട് വിയോജിക്കുന്നവരെയും ശത്രുക്കളായി കണ്ട് ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് രാഷ്്ട്രീയമാണ് സംഘ്പരിവാറിനെ നയിക്കുന്നത്. അതിനെതിരായ വിപുലമായ പ്രതിരോധവും പൊതുജനാഭിപ്രായവും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഫാസിസത്തെയും അതിന്റെ കാലാള്‍പ്പടയെയും ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കേണ്ടതുണ്ട്.

Published

|

Last Updated

നെ യ്യാറ്റിന്‍കരയില്‍ ഗാന്ധിജിയുടെ പേരക്കുട്ടിയും ലോകം ശ്രദ്ധിക്കുന്ന സോഷ്യല്‍ ആക്്ടിവിസ്റ്റുമായ തുഷാര്‍ ഗാന്ധിക്ക് നേരെ നടന്ന ആര്‍ എസ് എസ് ആക്രമണം ഗാന്ധിയെ കൊന്നിട്ടും കൊന്നിട്ടും പക അവസാനിക്കാത്ത ഗോഡ്സെയിസത്തിന്റെ ക്രൂരമായ പ്രകടനമാണ്.

അത് ഇന്ത്യന്‍ മതനിരപേക്ഷതക്കും ജനാധിപത്യത്തിനുമെതിരായ കടന്നാക്രമണമാണ്. തുഷാര്‍ ഗാന്ധി കേരളത്തിലെത്തിയത് വര്‍ക്കല ശിവഗിരിയിലെ ഗാന്ധി ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും കേരളത്തിലെ പ്രശസ്്തനായ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാനുമായിരുന്നു. ഗാന്ധി ഘാതകരുടെ പ്രസ്ഥാനം അദ്ദേഹം ആര്‍ എസ് എസിനെ വിമര്‍ശിച്ചുവെന്നും അതിന് മാപ്പ് പറയണമെന്നും ആക്രോശിച്ചുകൊണ്ടാണ് തുഷാര്‍ ഗാന്ധിക്ക് നേരെ കടന്നാക്രമണം നടത്തിയത്.

സംഭവത്തില്‍ പ്രതികളായ മുനിസിപല്‍ കൗണ്‍സിലര്‍ അടക്കം അഞ്ച് ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുഷാര്‍ ഗാന്ധി സഞ്ചരിച്ച വാഹനത്തിന് മുമ്പില്‍ തടസ്സം സൃഷ്്ടിച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനാണ് പ്രതികള്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. അര മണിക്കൂറോളമാണ് തുഷാര്‍ ഗാന്ധിയെ നടുറോഡില്‍ തടഞ്ഞിട്ട് ഗോഡ്സെയുടെ മാനസികാവസ്ഥയില്‍ കഴിയുന്ന സംഘ്പരിവാറുകാര്‍ മുദ്രാവാക്യം വിളിച്ചത്. നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ആര്‍ എസ് എസിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും ആര്‍ എസ് എസാണ് രോഗം പടര്‍ത്തുന്നതെന്നുമായിരുന്നു തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതില്‍ പ്രകോപിതരായാണ് ആര്‍ എസ് എസുകാര്‍ തുഷാര്‍ ഗാന്ധിക്ക് നേരെ മുദ്രാവാക്യം മുഴക്കി അദ്ദേഹത്തിന്റെ വാഹനം തടഞ്ഞത്.

ഇത് ആള്‍ക്കൂട്ട ഭീകരത അഴിച്ചുവിട്ട് അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കില്ലെന്ന ഫാസിസ്റ്റ് നടപടിയാണ്. ഇതൊന്നും ഒരു ജനാധിപത്യസമൂഹത്തിനും അനുവദിക്കാവുന്നതല്ല. കേരളം പോലൊരു സമൂഹം ആര്‍ എസ് എസിന്റെ ആള്‍ക്കൂട്ട ഭീകരതക്കെതിരെ, തുഷാര്‍ ഗാന്ധിയെ പോലെ ലോകം ശ്രദ്ധിക്കുന്ന ഒരു സോഷ്യല്‍ ആക്്ടിവിസ്റ്റിനെതിരെ നടന്ന ആക്രമണത്തിനെതിരെ വിപുലമായ തലങ്ങളില്‍ പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരണം. ഗോഡ്സെയിസ്റ്റുകളെ സാമൂഹിക ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തണം.

വ്യത്യസ്്ത അഭിപ്രായങ്ങളും ഭിന്ന നിലപാടുകളും പാടില്ലെന്ന സംഘ്പരിവാറിന്റെ ഫാസിസ്റ്റ് അജൻഡക്കെതിരെ ഒന്നിച്ചുനിന്ന് പ്രതിരോധമുയര്‍ത്തണം. നമ്മുടെ സംസ്‌കാരം മുഖ്യമന്ത്രി തന്റെ പത്രക്കുറിപ്പില്‍ സൂചിപ്പിച്ച പോലെ വിരുദ്ധാഭിപ്രായങ്ങളെയും നിലപാടുകളെയും ബഹുമാനിക്കുന്നതാണെന്ന കാര്യം സംഘ്പരിവാര്‍ പോലുള്ള ഫാസിസ്റ്റ് സംഘടനയിലെ അംഗങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതല്ല.

ആര്‍ എസ് എസുകാരുടെ പ്രകോപനങ്ങള്‍ക്ക് മുമ്പില്‍ ഒട്ടും കൂസാതെ ഗാന്ധിജിക്ക് ജയ് വിളിച്ച് സംയമനപൂര്‍വം മടങ്ങുകയാണ് തുഷാര്‍ ഗാന്ധി ചെയ്തത്. കേരളത്തിലെത്തുന്ന ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ വഴി തടയാനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കാവുന്നതല്ലെന്ന കാര്യം മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഭിന്നിപ്പിക്കാനും അസ്ഥിരീകരിക്കാനുമുള്ള വര്‍ഗീയ അജൻഡയിലാണ് സംഘ്പരിവാര്‍ അതിന്റെ ജന്മകാലം മുതല്‍ മുഴുകിയിട്ടുള്ളത്. അവരുടെ രാഷ്്ട്രീയം ബ്രാഹ്്മണ മേധാവിത്വ സമൂഹത്തെ സൃഷ്്ടിക്കുകയെന്നതാണ്. അതാണവരുടെ പ്രത്യയശാസ്്ത്രം. ആര്‍ എസ് എസിന്റെ ഈ രാഷ്്ട്രീയ തന്ത്രത്തെ തുറന്നെതിര്‍ത്തതിനാണ് തുഷാര്‍ ഗാന്ധി ആക്രമിക്കപ്പെട്ടത്. ഗാന്ധിജിയെ അവര്‍ വധിച്ചതും അവരുടെ ഹിന്ദു രാഷ്്ട്ര വാദത്തെ എതിര്‍ത്തതുകൊണ്ടാണ്.

1920കളില്‍ ഖിലാഫത്ത് നിസ്സഹകരണ സമരം അലയടിക്കുകയും ഹിന്ദുക്കളും മുസ്്ലിംകളും ഒന്നിച്ച് ബ്രിട്ടനെതിരായി സമരരംഗത്തിറങ്ങുകയും ചെയ്ത ഘട്ടത്തിലാണ് കൊളോണിയല്‍ അധികാരികളുടെ ഉപകരണമായി ഹിന്ദു- മുസ്്ലിം ഭിന്നതയുണ്ടാക്കാനുള്ള നീക്കങ്ങള്‍ ഹിന്ദുമഹാസഭ ആരംഭിക്കുന്നതും ആര്‍ എസ് എസ് രൂപവത്കരിക്കുന്നതും. ഹിന്ദു- മുസ്്ലിം മൈത്രിയില്ലാതെ സ്വരാജ് സാധ്യമല്ലെന്ന് പറഞ്ഞ ഗാന്ധിജിയെ ഹിന്ദുക്കളുടെ ശത്രുവായി പ്രഖ്യാപിച്ചുകൊണ്ടാണ് 1925ല്‍ ആര്‍ എസ് എസിന് ജന്മം നല്‍കുന്നത്. ഹിന്ദുക്കളും മുസ്്ലിംകളും ഒരു രാഷ്്ട്രമല്ലെന്നും ഹിന്ദുക്കള്‍ ഒരു സംസ്‌കാരമാണെന്നും സംസ്‌കാരമാണ് ദേശീയതയെന്നും വാദിച്ചുകൊണ്ടാണ് സവര്‍ക്കറും മുഞ്ജെയും ഹെഡ്ഗേവാറും രാഷ്്ട്രീയ സ്വയം സേവക് സംഘമെന്ന മതരാഷ്്ട്രവാദ സംഘടന രൂപവത്കരിക്കുന്നത്.

മറുപുറത്ത് ഇന്ത്യയില്‍ മുസ്്ലിംകൾ സുരക്ഷിതരായിരിക്കില്ലെന്ന വാദമുയര്‍ത്തിക്കൊണ്ടാണ് സര്‍വേന്ത്യാ മുസ്്ലിം ലീഗ് മുസ്്ലിംകള്‍ക്ക് പ്രത്യേക രാഷ്്ട്രമെന്ന ആവശ്യം ഉയര്‍ത്തിയത്. ഗാന്ധിയാവട്ടെ മതമല്ല രാഷ്്ട്രത്തിന്റെ അടിസ്ഥാനമെന്ന മതനിരപേക്ഷ കാഴ്ചപ്പാടിനെയാണ് ഉയര്‍ത്തിപ്പിടിച്ചത്. ദ്വിരാഷ്്ട്രവാദം അധികാരക്കൈമാറ്റത്തിലേക്കെത്തുമ്പോഴേക്കും രക്തരൂക്ഷിതമായ കാലപങ്ങളിലേക്ക് രാജ്യത്തെ തള്ളിവിട്ടു. ദശലക്ഷങ്ങള്‍ ഹിന്ദുവിന്റെയും മുസ്്ലിമിന്റെയും പേരില്‍ പരസ്പരം വെട്ടി മരിച്ചു. 1947ലെ ഈ രക്തരൂക്ഷിതമായ വിഭജനകലാപത്തിന്റെ നാളുകളില്‍ ഹിന്ദു- മുസ്്ലിം ഐക്യത്തിനും അഹിംസക്കും വേണ്ടി നിലകൊണ്ട ഗാന്ധിജിയെ ആര്‍ എസ് എസ് ഹിന്ദുക്കളുടെ ശത്രുവായി കണ്ടു. രാജ്യത്തിന്റെ ഐക്യത്തിനും ഹിന്ദു- മുസ്്ലിം മൈത്രിക്കും വേണ്ടി ജീവന്‍ അര്‍പ്പിച്ച ഗാന്ധിജിയെ ഒരുകാലത്തും ആര്‍ എസ് എസ് അംഗീകരിച്ചിട്ടില്ല.

ഗോഡ്സെ മുതല്‍ മോഹന്‍ഭാഗവത് വരെ നീണ്ടുനില്‍ക്കുന്ന ആര്‍ എസ് എസിന്റെ ഇന്നുവരെയുള്ള ഒരു പ്രവര്‍ത്തകനും ഒരു നേതാവും ഗാന്ധി വധത്തെ നിരാകരിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ സഹിഷ്ണുതയുടെയും മൈത്രിയുടെയും മതനിരപേക്ഷതയുടെയും ഗാന്ധിയന്‍ പാരമ്പര്യത്തെയോ അതിന്റെ തുടര്‍ച്ചയില്‍ നിലകൊള്ളുന്ന പ്രസ്ഥാനങ്ങളെയോ വ്യക്തികളേയോ ആര്‍ എസ് എസിന് ഒരിക്കലും സഹിക്കാനാകില്ല. അതാണ് തുഷാര്‍ ഗാന്ധിക്കെതിരായി നടന്ന നെയ്യാറ്റിന്‍കരയിലെ സംഘ്പരിവാര്‍ കടന്നാക്രമണത്തിലൂടെ നാം കണ്ടത്. അസഹിഷ്ണുതയും അക്രമോത്സുകതയുമാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ കാലാള്‍പ്പടയായ ആര്‍ എസ് എസിന്റെ രാഷ്്ട്രീയവും സംസ്‌കാരവും. ദാബോൽക്കറും ഗോവിന്ദ പന്‍സാരെയും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷുമെല്ലാം ഹിന്ദുത്വത്തിന്റെ അസഹിഷ്ണുതയുടെയും അക്രമോത്സുകതയുടെയും ഇരകളായി ജീവന്‍ നഷ്്ടപ്പെടേണ്ടിവന്ന മഹത്് വ്യക്തിത്വങ്ങളാണ്.

തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയും തങ്ങളെ വിമര്‍ശിക്കുന്നവരെയും തങ്ങളുടെ പ്രത്യയശാസ്്ത്രങ്ങളോട് വിയോജിക്കുന്നവരെയും ശത്രുക്കളായി കണ്ട് ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് രാഷ്്ട്രീയമാണ് സംഘ്പരിവാറിനെ നയിക്കുന്നത്. അതിനെതിരായ വിപുലമായ പ്രതിരോധവും പൊതുജനാഭിപ്രായവും വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഫാസിസത്തെയും അതിന്റെ കാലാള്‍പ്പടയെയും ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കേണ്ടതുണ്ട്.

രാജ്യസുരക്ഷ പോലും അപകടപ്പെടുത്തി അമേരിക്കക്കും ഇലോണ്‍ മസ്‌കിനെ പോലുള്ള ഫിനാന്‍സ് പ്രഭുക്കന്മാര്‍ക്കും അടിയറ വെക്കുന്ന നയങ്ങളാണ് ഹിന്ദുത്വവാദികളുടെ ഗവണ്‍മെന്റ്അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. അതിവേഗ ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനത്തിന്റെ പേരില്‍ തന്ത്രപ്രധാന സൈനിക പ്രതിരോധ സംവിധാനങ്ങള്‍ വരെ അമേരിക്കന്‍ കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കുയാണ് മോദി സര്‍ക്കാര്‍. കടുത്ത ദേശീയത ഇളക്കിവിടുന്നവര്‍ എത്രത്തോളം നവ സാമ്രാജ്യത്വ മൂലധനത്തിന്റെ നടത്തിപ്പുകാരും ആഗോള നിയോഫാസിസ്റ്റ് ശക്തികളുടെ ശിങ്കിടികളുമാണെന്നാണ് ഈ സംഭവങ്ങളെല്ലാം കാണിക്കുന്നത്.

ഹിന്ദുത്വവാദികളുടെ ചരിത്രവും വര്‍ത്തമാനവും എന്നും വൈദേശിക മൂലധനശക്തികള്‍ക്ക് അടിപ്പെട്ടുകൊടുത്തതിന്റേതാണ്. ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷ് ഭരണകൂടത്തെ ശത്രുവായി കാണാതെ വിദേശ ആക്രമികളായ മുസ്്ലിംകള്‍ക്കെതിരായി ദേശീയത പറഞ്ഞ് വര്‍ഗീയ ഭീകരത വളര്‍ത്താനാണ് ആര്‍ എസ് എസ് അതിന്റെ ജന്മകാലം മുതല്‍ ശ്രദ്ധിച്ചിട്ടുള്ളത്. മുസ്്ലിംകളെയും ദളിതരെയും പിന്നാക്ക ജനസമൂഹങ്ങളെയും ലക്ഷ്യം വെക്കുന്ന ആര്‍ എസ് എസിന്റെ ചാതുര്‍വര്‍ണ്യാധിഷ്ഠിത ഹിന്ദുത്വത്തിനെതിരായ പോരാട്ടത്തിലൂടെയാണ് ഇന്ത്യയെന്ന ആധുനിക ദേശരാഷ്്ട്രസങ്കല്‍പ്പം വളര്‍ന്നുവന്നത്. ഗാന്ധിജിയും നെഹ്റുവുമെല്ലാം ഈയൊരു ആധുനിക ദേശരാഷ്്ട്ര സങ്കല്‍പ്പത്തെ ഉയര്‍ത്തിക്കൊണ്ടാണ് ബ്രിട്ടീഷ്- കൊളോണിയല്‍ അധികാരത്തെ അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യസമരം നയിച്ചത്. എന്നാല്‍ അതിന് നേര്‍ വിപരീതമായ സാമ്രാജ്യത്വ ദാസ്യവും ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ബ്രാഹ്്മണ്യ പ്രത്യയശാസ്്ത്രത്തിന്റെ പരിചാരകവൃത്തിയുമാണ് ആര്‍ എസ് എസ് നടത്തിയിട്ടുള്ളത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിലെവിടെയും ആര്‍ എസ് എസ് ഒരു പങ്കും വഹിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പൊതുപ്രക്ഷോഭങ്ങളിലും മുന്നേറ്റങ്ങളിലും ആര്‍ എസ് എസ് ഒരിക്കലും പങ്കാളിയായിരുന്നില്ല. അവരുടെ ലക്ഷ്യം ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നില്ല. ഹിന്ദു രാഷ്്ട്ര രൂപവത്കരണത്തിന് വേണ്ടിയുള്ള അവസരമായിരുന്നു. അതിന് വേണ്ടിയാണ് അവര്‍ ഗാന്ധിജിയെ വധിച്ചതും സ്വതന്ത്ര ഇന്ത്യ ഹിന്ദു രാഷ്്ട്രമായി മാറണമെന്ന് വാദിച്ചതും. ഗാന്ധിജി ഇന്ത്യയിലെയും പാകിസ്്താനിലെയും ജനങ്ങളെ സഹോദരരായി കണ്ടപ്പോള്‍ പാകിസ്്താനും മുസ്്ലിം ജനതക്കും ഇന്ത്യ അംഗീകരിച്ച് കരാറായിട്ടുള്ള ഒരു ആനുകൂല്യവും നല്‍കരുതെന്നുള്ള നിലപാടായിരുന്നു ആര്‍ എസ് എസിന്റേത്.

അവരുടെ വര്‍ഗീയ അജൻഡയോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയതിന് ശിക്ഷയായിട്ടാണ് ഗാന്ധിജിയുടെ ജീവിതം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനകള്‍ സവര്‍ക്കറുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ചതും 1948 ജനുവരി 30ന് മഹാത്മാവിന്റെ വിരിമാറിലേക്ക് വെടിയുണ്ടയുതിര്‍ത്തതും. ഗാന്ധിജിയുടെ പാരമ്പര്യത്തെയും ഓര്‍മയെപ്പോലും ഹിന്ദുത്വവാദികള്‍ക്ക് ഭയമാണ്. തുഷാര്‍ ഗാന്ധിക്കെതിരായ ആക്രണമങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും രാജ്യത്താകെ നടക്കുന്ന ഗാന്ധി- നെഹ്റു നിരാകരണത്തിന്റെയും തങ്ങള്‍ക്കനഭിമതരായ ആശയങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ക്കുമെതിരായി നടക്കുന്ന ഫാസിസ്റ്റ് കടന്നാക്രമണങ്ങളുടെയും ഭാഗമാണെന്നും തിരിച്ചറിയേണ്ടതുണ്ട്.

 

Latest