kuwait
കുവൈത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് രക്ഷകനായത് സ്വദേശി പൗരന്‍
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്ത് കനത്ത ശൈത്യമാണ് അനുഭവപ്പെട്ടു വരുന്നത്
കുവൈത്ത് സിറ്റി | കുവൈത്തില്‍ ഫാം ഹൗസില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ രണ്ട് തൊഴിലാളികള്‍ക്ക് സ്വദേശിയുടെ അവസരോചിതമായ ഇടപെടല്‍ മൂലം തിരികെ ലഭിച്ചത് പുതു ജീവിതം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്ത് കനത്ത ശൈത്യമാണ് അനുഭവപ്പെട്ടു വരുന്നത്. തന്റെ ഫാം ഹൗസില്‍ ജോലി ചെയ്യുന്നവരുടെ വിശേഷങ്ങള്‍ അറിയാനാണ് സ്വദേശിയായ ഉടമ തൊഴിലാളികളെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ഇവരില്‍ നിന്ന് പ്രതികരണം ലഭിക്കാതായതോടെ ഉടമ സ്ഥലത്ത് എത്തുകയും ഇവരുടെ മുറി പരിശോധിക്കുകയുമായിരുന്നു. അപ്പോള്‍ രണ്ടു പേരും അബോധാവസ്ഥയില്‍ കിടക്കുന്നതാണ് ഉടമ കണ്ടത്. ഉടന്‍ തന്നെ ഇദ്ദേഹം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ രണ്ടു പേരും അപകട നില തരണം ചെയ്തുവെങ്കിലും ഒരാളുടെ നില ഗുരുതരമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൊടും തണുപ്പില്‍ നിന്ന് രക്ഷ നേടാനായി തൊഴിലാളികള്‍ റൂമില്‍ കല്‍ക്കരി ഹീറ്ററാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇതാണ് അപകടത്തിനു കാരണമായത്. അടച്ചിട്ട മുറികളില്‍ കല്‍ക്കരി ഹീറ്ററുകള്‍ ഉപയോഗിക്കുന്നത് മൂലം ഇവയിലൂടെ വിഷ വസ്തുക്കള്‍ ഉത്പാദിപ്പിക്കപ്പെടുകയും ഇവ മരണത്തിനു കാരണമാകാമെന്നും അഗ്‌നിശമന വിഭാഗം മുന്നറിയിപ്പ് നല്‍കി.