Connect with us

From the print

മഹാരാഷ്ട്രയില്‍ സീന്‍ മാറും; അജിതിനും ഷിന്‍ഡെക്കും നെഞ്ചിടിപ്പ്

എന്‍ സി പി സ്ഥാപകന്‍ ശരദ് പവാറിനെ ചോദ്യം ചെയ്ത് അജിത് പവാറിന്റെ നേതൃത്വത്തില്‍ ബി ജെ പി ക്യാമ്പിലേക്കു പോയ നേതാക്കള്‍ കൂട്ടത്തോടെ മാതൃസംഘടനയില്‍ തിരിച്ചെത്തുമെന്നതാണ് ഉടന്‍ സംഭവിക്കാന്‍ പോകുന്ന മാറ്റം.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ എന്‍ ഡി എ സഖ്യം കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ സംസ്ഥാനത്തെ കക്ഷികള്‍ക്കിടയില്‍ വന്‍ മാറ്റത്തിന് വഴിയൊരുങ്ങുന്നു. എന്‍ സി പി സ്ഥാപകന്‍ ശരദ് പവാറിനെ ചോദ്യം ചെയ്ത് അജിത് പവാറിന്റെ നേതൃത്വത്തില്‍ ബി ജെ പി ക്യാമ്പിലേക്കു പോയ നേതാക്കള്‍ കൂട്ടത്തോടെ മാതൃസംഘടനയില്‍ തിരിച്ചെത്തുമെന്നതാണ് ഉടന്‍ സംഭവിക്കാന്‍ പോകുന്ന മാറ്റം. നേതാക്കളെ പിടിച്ചുനിര്‍ത്താന്‍ അജിത് പവാര്‍ വല്ലാതെ വിയര്‍ക്കേണ്ടി വരും. അഥവാ തത്കാലം അതില്‍ വിജയിച്ചാലും ദീര്‍ഘകാലത്തേക്ക് കൊഴിഞ്ഞുപോക്ക് ഉറപ്പാണ്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുകയും ചെയ്യും.

ഒരു ഡസനിലേറെ അജിത്പക്ഷ എം എല്‍ എമാര്‍ പാര്‍ട്ടി സ്ഥാപകന്‍ ശരദ് പവാറുമായി സംസാരിച്ചുവെന്നാണ് വിവരം. ഇവര്‍ എന്‍ സി പി (ശരദ് പവാര്‍)യിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചുവത്രേ. എന്നാല്‍, ഇത് വെറും അഭ്യൂഹമാണെന്നും മുഴുവന്‍ എം എല്‍ എമാരും അജിത് പവാറിനൊപ്പം അടിയുറച്ച് നില്‍ക്കുകയാണെന്നും എന്‍ സി പി പ്രസിഡന്റ് സുനില്‍ തട്കറെ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ കേട്ട കാര്യമാണിത്. ഇതു സംബന്ധിച്ച് നിരവധി വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ കോര്‍ ഗ്രൂപ്പ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അജിത് പവാര്‍ വിഭാഗം നാല് സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്ത് മാത്രമാണ് ജയിച്ചത്.

ഒറ്റപ്പെട്ട് അജിത് പവാര്‍
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലെ 40 പേരില്‍ നിന്ന് 19 എം എല്‍ എമാര്‍ തിരിച്ചെത്തുമെന്ന് എന്‍ സി പി ശരദ് പവാര്‍ വിഭാഗം അവകാശപ്പെടുന്നു. 19 എം എല്‍ എമാര്‍ തിരിച്ചെത്താന്‍ താത്പര്യം അറിയിച്ചെന്നും 12 പേര്‍ ബി ജെ പിയുമായി ചര്‍ച്ച നടത്തിയെന്നുമാണ് പവാര്‍ കുടുംബത്തിലെ ഇളമുറക്കാരന്‍ രോഹിത് പവാറിന്റെ അവകാശവാദം. തിരഞ്ഞെടുപ്പ് വേളയില്‍ അജിത് പവാര്‍, പവാര്‍ കുടുംബത്തില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര ബാരാമതിയില്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയാ സുലേയോട് കനത്ത തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ശരദ് പവാര്‍ വിഭാഗം മത്സരിച്ച പത്ത് സീറ്റില്‍ എട്ടിലും വിജയക്കൊടി പാറിച്ചതോടെ അജിത് ശരിക്കും അപ്രസക്തനാകുകയായിരുന്നു. കൈയില്‍ സീറ്റുകളില്ലാതെ ബി ജെ പി ക്യാമ്പില്‍ കാത്തു കെട്ടി ക്കിടക്കുന്നതില്‍ അര്‍ഥമില്ലെന്ന വിലയിരുത്തലിലാണ് അജിത് പവാറിനൊപ്പമുള്ള നേതാക്കള്‍.

ഷിന്‍ഡെക്കും പരീക്ഷണ കാലം
ശിവസേന പിളര്‍ത്തി ബി ജെ പിക്കൊപ്പം ചേര്‍ന്ന് ഭരണം പിടിച്ച ഏക് നാഥ് ഷിന്‍ഡെ വിഭാഗത്തിനും പരീക്ഷണ കാലമാണ് വരാനിരിക്കുന്നത്. ശിവസേന ഷിന്‍ഡെ വിഭാഗത്തിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി ജെ പി നല്‍കിയത് 15 സീറ്റായിരുന്നു. ഇതില്‍ ഏഴ് സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് വിജയിക്കാനായത്.

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ട്രെന്‍ഡ് ആയാണ് ഈ ഫലത്തെ ഉദ്ധവ് വിഭാഗത്തിലെ നേതാക്കള്‍ കാണുന്നത്. അധികാരമോഹം മുന്‍നിര്‍ത്തി പാര്‍ട്ടി പിളര്‍ത്തിയത് ജനങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് ഈ നേതാക്കള്‍ പറയുന്നു. ഈ അഭിപ്രായമുള്ള നേതാക്കള്‍ ഉദ്ധവ് താക്കറെ വിഭാഗത്തിലേക്ക് ചേക്കേറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കുറേ പേരെ ആകര്‍ഷിക്കാന്‍ ബി ജെ പി ശക്തമായ ശ്രമം നടത്തുന്നുമുണ്ട്.

അജിത് പവാറിന്റെയും ഷിന്‍ഡെയുടെയും ഗ്രൂപ്പുകളുമായി സഹകരിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്ന വികാരം ബി ജെ പിയിലും ശക്തമായിട്ടുണ്ട്. ഇവരുമായുള്ള സഖ്യത്തിന് മുന്‍കൈയെടുത്ത ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ബി ജെ പിയുടെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റ് രാജി സന്നദ്ധത പ്രഖ്യാപിച്ചിരുന്നു. ഈ ഗ്രൂപ്പുകള്‍ക്ക് നിയമസഭയില്‍ കൂടുതല്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്താണ് ബി ജെ പി ലോക്സഭയിലേക്ക് 28 സീറ്റില്‍ മത്സരിച്ചത്. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെയും എന്‍ സി പി അജിത് പവാര്‍ വിഭാഗത്തിന്റെയും സീറ്റുകള്‍ പിടിച്ചെടുത്ത് ബി ജെ പി മത്സരിച്ചുവെന്ന പരാതി ഇരുകൂട്ടര്‍ക്കുമുണ്ട്. ഇതില്‍ പ്രതിഷേധമുള്ള ചിലര്‍ ബി ജെ പി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാനിറങ്ങിയെന്ന ഗൂഢാലോചനാ സിദ്ധാന്തവും അന്തരീക്ഷത്തിലുണ്ട്. ഇത്തരം കുറ്റപ്പെടുത്തലുകള്‍ക്കിടയില്‍ എന്തിന് ബി ജെ പിയോടൊപ്പം നില്‍ക്കണമെന്നാണ് ഇരു ഗ്രൂപ്പുകളിലെയും നേതാക്കള്‍ ചോദിക്കുന്നത്. ഇവരില്‍ പലരും മാതൃകക്ഷിയിലേക്ക് തിരിച്ചു പോകുകയാകും ചെയ്യുക. ചിലര്‍ ബി ജെ പിയിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.

ആകെയുള്ള 48 സീറ്റില്‍ 13ല്‍ വിജയിച്ച് വന്‍ മുന്നേറ്റമാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ് നടത്തിയത്. ബി ജെ പി ഒമ്പതിടത്ത് ഒതുങ്ങി. 2019ല്‍ ബി ജെ പിയുടെ സമ്പാദ്യം 23 ആയിരുന്നു. കോണ്‍ഗ്രസ്സ് അന്ന് ഒരിടത്ത് ഒതുങ്ങുകയായിരുന്നു.

 

Latest