school curriculum
സ്‌കൂൾ പാഠ്യ പദ്ധതി ചട്ടക്കൂട്: ചർച്ചകളിൽ കടുത്ത വിമർശം
വിമർശം ലിംഗ സമത്വം, യുക്തിബോധം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ
കോഴിക്കോട് | സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പുറത്തിറക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലെ കരട് സ്‌കൂളുകളിൽ പൊതു ചർച്ചക്ക് വിധേയമാക്കിയതോടെ കടുത്ത വിമർശങ്ങളുയരുന്നു. ലിംഗ സമത്വം, യുക്തിബോധം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ രക്ഷിതാക്കളും പൊതുജനങ്ങളും പങ്കെടുക്കുന്ന ചർച്ചകളിൽ കടുത്ത എതിർപ്പാണ് രൂപപ്പെടുന്നത്. കേരളത്തിലെ മത-സാമൂഹിക രംഗത്ത് ഇത്തരം ആശയങ്ങൾ വിപരീത പ്രത്യാഘാതമുണ്ടാക്കുമെന്നാണ് അഭിപ്രായം.
ചട്ടക്കൂടിൽ ഏറ്റവുമധികം പ്രതിപാദിച്ചിട്ടുള്ള വാചകങ്ങളിലൊന്നാണ് ലിംഗ തുല്യത (ലിംഗ സമത്വം). സ്ത്രീ സംരക്ഷണത്തിന് ലിംഗ നീതിയാണ് നടപ്പാക്കേണ്ടതെന്നും ആൺ- പെൺ എന്നത് പ്രകൃതിപരമാണെന്നും ലിംഗ സമത്വമെന്ന വാദത്തിലൂടെ ഇത് മറികടക്കാനാവില്ലെന്നും മത-സാമൂഹിക സംഘടനകൾ ഉയർത്തുന്നതിനിടക്കാണ് ലിംഗ സമത്വത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത്.
ലിംഗ സമത്വമടക്കമുള്ള കാര്യങ്ങൾ കുട്ടികളിൽ വളർത്താൻ സ്‌കൂൾ വിദ്യാഭ്യാസ ഘട്ടത്തിലെ പരിമിതികൾ അഭിമുഖീകരിക്കണമെന്നും പാഠ പുസ്തകങ്ങൾ, പഠന ബോധന രീതികൾ, സ്‌കൂൾ ക്യാമ്പസ്, കളിസ്ഥലം എന്നിവ ജെൻഡർ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും ചട്ടക്കൂടിലെ പേജ് 21ലെ 28-ാം അധ്യായത്തിൽ വ്യക്തമാക്കുന്നു.
എട്ട്, 18, 69 പേജുകളിൽ ലിംഗ സമത്വത്തിന്റെ പ്രാധാന്യം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ലിംഗ സമത്വം വെല്ലുവിളികൾ നേരിടുകയാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
യുക്തിചിന്ത, ലിംഗാവബോധം, ആരോഗ്യകരമായ ലിംഗാവബോധം എന്നീ വാക്കുകൾ ചട്ടക്കൂടിലെ പലയിടങ്ങളിലായി ആവർത്തിക്കുന്നു. കൂടുതലായും വിവിധ മതങ്ങളിൽപ്പെട്ടവർ തിങ്ങിത്താമസിക്കുന്ന സംസ്ഥാനത്ത് ഈ വാക്കുകൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.
സ്‌കൂൾ സമയമാറ്റത്തെക്കുറിച്ചും ചട്ടക്കൂടിൽ അഭിപ്രായങ്ങൾ തേടുന്നുണ്ട്. ഇത് മദ്‌റസാ സംവിധാനങ്ങളേയും മറ്റും അട്ടിമറിക്കപ്പെടുമെന്ന പരാതി നേരത്തേ ഉയർന്നിരുന്നു. കൂടാതെ, ലിംഗഭേദം എന്നത് പ്രകൃതി യാഥാർഥ്യമാണെന്നതിന് പകരം സാമൂഹിക നിർമിതിയാണെന്ന വാദം ഉയർത്തുകയും ഇതിന് സാമൂഹികമായി പരിഹാരം ഉണ്ടാക്കാമെന്ന വികലവാദമുയർത്തുകയുമാണ് പേജ് 80ലെ പരാമർശങ്ങൾ. സർക്കാറിന്റെ ഒത്താശയോടെ കോഴിക്കോട് ബാലുശ്ശേരി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം പദ്ധതി നടപ്പാക്കിയതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ചട്ടക്കൂടിലെ പരാമർശങ്ങൾക്കെതിരെ ഉയരുന്ന വിമർശങ്ങൾ സർക്കാറിന് എങ്ങനെ ഉൾക്കൊള്ളാനാകുമെന്ന ചോദ്യമാണ് ഉയരുന്നത്. മൊത്തം 113 പേജുകളിൽ 26 അധ്യായങ്ങളിലായാണ് പൊതു ചർച്ചക്കുള്ള കരട് തയ്യാറാക്കിയിരിക്കുന്നത്.
സ്‌കൂളുകളിൽ പ്രത്യേകം വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. തുടർന്ന് ചർച്ചയുടെ ആകത്തുക സർക്കാറിലേക്ക് സമർപ്പിക്കണം. ചട്ടക്കൂട് സംബന്ധിച്ച് വിഷയാധിഷ്ഠിതമായി ചർച്ചയിൽ പങ്കെടുക്കുന്നതിനുള്ള അറിവ് ലഭിക്കാത്ത സാധാരണക്കാരായ രക്ഷിതാക്കളാണ് യോഗത്തിനെത്തുന്നത്. ഇത് ചർച്ച പ്രഹസനമാകുന്നതിനും ഇടയാക്കുന്നുണ്ട്.