Kerala
യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് തന്നെ; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അശ്രദ്ധയും ജാഗ്രത കുറവുമാണ് സംഭവത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
കോഴിക്കോട് | പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പോലീസ് കുന്നമംഗലം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയായ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണെന്ന് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അശ്രദ്ധയും ജാഗ്രത കുറവുമാണ് സംഭവത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളജ് എസിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
അതേസമയം ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്. ഈ മാസം13 ന് നിയമസഭയ്ക്ക് മുന്നില്‍ ഹര്‍ഷിന കുത്തിയിരിപ്പ് സമരം നടത്തും.സര്‍ക്കാര്‍ അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഹര്‍ഷിന വ്യക്തമാക്കി.
സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രതി ചേര്‍ത്ത് പോലീസ് കുന്നമംഗലം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചിരുന്നു.