Uae
ബ്രാൻഡ് പകർപ്പുകളുടെ വിഷുക്കണി
വിഷു, ശുദ്ധമായ ഉത്പന്നങ്ങളുടെ കാലത്തെ ഓർമിപ്പിക്കുന്നു. രാസവളമിടാതെ സ്വന്തം ഭൂമിയിൽ വിളയിച്ച പച്ചക്കറികൾ ഒരു കുട്ടയിൽ നിരത്തി വെക്കുന്നതായിരുന്നു കണി.

വിഷുക്കാലമാണ്. മലയാളികളുടെ കാർഷികോത്സവമാണ്. ഗൾഫിൽ, മലയാളികൾക്കിടയിൽ, ഇതുമായി ബന്ധപ്പെട്ട വലിയ ആഘോഷങ്ങൾ പണ്ടേയില്ല. ഓണവുമായി താരതമ്യം ചെയ്യുമ്പോൾ ഉത്സാഹത്തിമിർപ്പിന്റെ ഒരു കണിവെള്ളരിപോലും കാണാറില്ല. കൃഷിയില്ല. വിഷു വരുമ്പോൾ പൂക്കാനാകാത്ത കൊന്നയും അപൂർവം. എന്നാലും കുടുംബങ്ങൾ കണി ഒരുക്കാറുണ്ട്. കുട്ടികൾക്ക് കൈനീട്ടം നൽകാറുണ്ട്. പുതുവസ്ത്രം ധരിക്കാറുണ്ട്. കമ്പോളം അതിനനുസരിച്ച് ഉണർന്നു നിൽക്കുന്നു. പകർപ്പുകളുടെ കാലമാണിത്, പലതരം തട്ടിപ്പുകളുടെയും. മികച്ച ബ്രാൻഡുകളുടെ പകർപ്പുകൾ കമ്പോളങ്ങളിൽ യഥേഷ്ടം. അധികൃതർക്ക് വലിയ തലവേദനയാണ് ഇത് സൃഷ്ടിക്കുന്നത്. ദുബൈ കടുത്ത നടപടിയാണ് ഇതിനെതിരെ കൈക്കൊള്ളുന്നത്. വ്യാപക പരിശോധന നടത്താറുണ്ട്. കോടിക്കണക്കിനു ദിർഹമിന്റെ ഉത്പന്നങ്ങൾ പിടികൂടുന്നു. എന്നാലും ശമനമില്ല.
സുഗന്ധ ദ്രവ്യങ്ങൾ, വാച്ച്, മൊബൈൽ ഫോൺ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിങ്ങനെ എന്തിന്റെയും പകർപ്പുകൾ ലോക കമ്പോളങ്ങളിൽ സുലഭം. യഥാർഥ ഉത്പന്നത്തിന്റെ വിലയുടെ പത്തിലൊന്നു പോലും നൽകേണ്ടതില്ല. പക്ഷേ ഗുണനിലവാരം തീരെ ഉണ്ടാകില്ല. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഉപയോഗ ശൂന്യമാകും. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാൻ ആധുനിക സംവിധാനങ്ങളുള്ള ദുബൈയിൽ പോലും ഇത്തരത്തിൽ വ്യാജ ഉത്പന്നങ്ങൾ എത്തുന്നുണ്ടെങ്കിൽ മറ്റു കമ്പോളങ്ങളിലെ അവസ്ഥ പറയേണ്ടതില്ല. നാട്ടിൽ, ബ്രാൻഡ് ഉത്പന്നങ്ങളിൽ പലതും വ്യാജമാണെന്നാണ് വിവരം. കള്ളനോട്ട് പോലെ, എളുപ്പം തിരിച്ചറിയാൻ കഴിയില്ല.
ഇതിനൊരു മറുവശവുമുണ്ട്. നെല്ലേത് പതിരേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം മുതലെടുക്കുന്നു ചിലർ. സാമൂഹിക മാധ്യമങ്ങളെയാണ് അതിന് ഉപയോഗപ്പെടുത്തുന്നത്.
പ്ലാസ്റ്റിക് കൊണ്ടുള്ള ബസ്മതി അരിയെക്കുറിച്ച് മുമ്പ് കേട്ടിരുന്നു. മിക്ക ദൃശ്യങ്ങളും ചൈനയെ ലക്ഷ്യമാക്കിയാണ് പടച്ചുവിടുന്നത്. പക്ഷേ തറക്കുന്നത് പലരുടെയും നെഞ്ചത്താണ്. മികച്ച ബ്രാൻഡുകളുടെ പകർപ്പുകൾ പലതും എത്തുന്നത് ചൈനയിൽ നിന്ന് മാത്രമല്ല.
സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. പകർപ്പവകാശ നിയമങ്ങൾ ശക്തമായത് ഇഷ്ടപ്പെടാത്തവരോ കഠിനാദ്ധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും ഉന്നതിയിലെത്തിയ ഗ്രൂപ്പുകളെ അസൂയയോടെ കാണുന്നവരോ ആണ് വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ. തട്ടിപ്പുകൾക്ക് കരുവാക്കുന്നതും ഇത്തരം കമ്പനികളെ. വൻ തുക സമ്മാനം ലഭ്യമായിട്ടുണ്ടെന്ന വ്യാജ സന്ദേശമോ ഫോൺ വിളിയോ വ്യാപകം. വൻകിട കമ്പനിയുടെ പേര് പറയുമ്പോൾ ആളുകൾ എളുപ്പം വലയിൽ വീഴുമല്ലോ.
കഷണ്ടിക്കും കുടവയറിനും പ്രതിവിധി വാഗ്ദാനം ചെയ്തു ചിലർ. റോഡിലൂടെ നടന്നു പോകുന്നവരെയാണ് തട്ടിപ്പുകാർ ലക്ഷ്യംവെക്കുന്നത്. ഒറ്റദിവസം കൊണ്ട് കുടവയർ മാറ്റിത്തരാം എന്നായിരിക്കും പ്രലോഭനം. മലയാളികൾ മിക്കവരും കുടവയറന്മാർ ആയതിനാൽ ലക്ഷ്യം മറ്റാരുമല്ല. മലയാളിയുടെ വലിയ വ്യാധികളിലൊന്ന്, കല്യാണപ്രായമായപ്പോഴേക്കു കുടവയർ വരുന്നു എന്നതാണ്. അത് കുറക്കാൻ വ്യായാമം ചെയ്യാൻ മടി കാരണം പറ്റുന്നില്ല. അപ്പോഴാണ് ഒരു പാകിസ്ഥാനി ഒറ്റമൂലിയുമായി രംഗപ്രവേശം ചെയ്തത്. കുപ്പിയിലാക്കിയ ഔഷധം ഒറ്റ ദിവസം നാലുനേരം കുടിച്ചാൽ മതി. മലയാളി വലിയ വില കൊടുത്തു വാങ്ങി. കല്യാണത്തിന് നാട്ടിലെത്തിയ ഉടൻ മരുന്ന് കുടിച്ചു. അബോധാവസ്ഥയിലായ ഇയാൾ ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു.
വിഷു, ശുദ്ധമായ ഉത്പന്നങ്ങളുടെ കാലത്തെ ഓർമിപ്പിക്കുന്നു. രാസവളമിടാതെ സ്വന്തം ഭൂമിയിൽ വിളയിച്ച പച്ചക്കറികൾ ഒരു കുട്ടയിൽ നിരത്തി വെക്കുന്നതായിരുന്നു കണി. ആരോ അവയിൽ കുറച്ചു “ആചാരം’ കൂടി ചേർത്തു. ഇപ്പോൾ ആ ആചാരമായി മുഖ്യം. ഉത്പന്നങ്ങൾ പ്ലാസ്റ്റിക്ക് ആയാലും കുഴപ്പമില്ല. വലിയ ബ്രാൻഡുകളുടെ പകർപ്പായാൽ ശാസ്ത്രവുമായി.
ഗൾഫിൽ റെസ്റ്റോറന്റുകൾ വിഷു സദ്യ ഒരുക്കാറുണ്ട്. അസംസ്‌കൃത വസ്തുക്കൾക്ക് വില കൂടിയതിനനുസരിച്ച് സദ്യയും കയ്യിലൊതുങ്ങാതെയായി. സദ്യക്ക് ധാരാളം വിഭവങ്ങൾ വേണ്ടതിനാൽ വീട്ടിൽ പാചകം ചെയ്യാൻ ഏവർക്കും മടി. റെസ്റ്റോറന്റുകൾ തന്നെ ശരണം.