Connect with us

Kerala

അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; നാളെ പുലര്‍ച്ചയോടെ പുന:രാരംഭിക്കും

കാസര്‍ക്കോട് നിന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നാല് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ ഇവരും പങ്കാളികളാകും.

Published

|

Last Updated

ബെംഗളൂരു |  കര്‍ണാടക അങ്കോലയിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. രാത്രി 9തോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. നാളെ പുലര്‍ച്ചെ 5.30നു വീണ്ടും തിരച്ചില്‍ ആരംഭിക്കും. കനത്ത മഴയും മണ്ണിടിച്ചില്‍ സാധ്യതകളുംമുന്‍ നിര്‍ത്തിയാണ് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചത്

നേവിയും എന്‍ഡിആര്‍എഫും സംയുക്തമായാണ് പരിശോധന തുടരുന്നത്. ലൈറ്റുകളെത്തിച്ച് രാത്രിയും തിരച്ചില്‍ തുടര്‍ന്നിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് പരിശോധന നടന്നത്. ജിപിഎസ് സിഗ്‌നല്‍ കിട്ടിയ സ്ഥലത്തെ മണ്ണ് നീക്കിയാണ് പ്രധാന പരിശോധന.അര്‍ജുനടക്കം അഞ്ച് വാഹനങ്ങളിലായി 10 പേര്‍ മണ്ണിനടിയില്‍ തന്നെ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് നിഗമനം.

കാസര്‍ക്കോട് നിന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നാല് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ ഇവരും പങ്കാളികളാകും. അര്‍ജുനടക്കം 10പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നു ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയയാണ് വ്യക്തമാക്കിയത്. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും ശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുന്നെന്നും കലക്ടര്‍ പറഞ്ഞു. 8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതില്‍ 5 പേര്‍ ഒരു കുടുംബത്തിലെ ആളുകളാണ്. സമീപത്ത് ചായക്കട നടത്തുന്ന കുടുംബമാണ് ദുരന്തത്തിനിരയായത്