Kerala
അര്‍ജുനായുള്ള തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു; കേരളത്തില്‍ നിന്നും ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ എത്തിക്കാന്‍ തീരുമാനം
അതേ സമയം തിരച്ചില്‍ ഒരു കാരണവശാലും നിര്‍ത്തരുതെന്നും ദൗത്യം തുടരണമെന്നും അര്‍ജുന്റെ കുടുംബം
ബെംഗളൂരു | കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് വൈകുന്നേരം നടന്ന ഉന്നതലയോഗത്തിനുശേഷം കര്‍ണാടക സര്‍ക്കാരാണ് തീരുമാനം അറിയിച്ചത്. അതേ സമയം സാഹചര്യങ്ങള്‍ അനുകൂലമായാല്‍ തിരച്ചില്‍ വീണ്ടും തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. കേരളത്തില്‍ നിന്നും കേരള കാര്‍ഷി സര്‍വകലാശാലയുടെ കൈയിലുള്ള ഉപകരണം തിരച്ചിലിന് എത്തിക്കുമെന്നും എംഎല്‍എ പറഞ്ഞു. അതേ സമയം തിരച്ചില്‍ ഒരു കാരണവശാലും നിര്‍ത്തരുതെന്നും ദൗത്യം തുടരണമെന്നും അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു.
അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും ഫലം കാണാതെ വന്നതോടെയാണ് തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. കേരളം തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരച്ചില്‍ തുടരാനാവില്ലെന്ന് കര്‍ണാടക വ്യക്തമാക്കി.
ദൗത്യത്തില്‍ പങ്കെടുക്കാനായി തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലെത്തും. കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ബാര്‍ജ് നദിയില്‍ ഉറപ്പിച്ച് നിര്‍ത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റര്‍മാര്‍ പോകുന്നത്.ഹിറ്റാച്ചി ബോട്ടില്‍ കെട്ടി നിര്‍മ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍. കോള്‍പ്പടവുകളില്‍ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങി നല്‍കിയ ഈ മെഷീന്‍ ഇപ്പോള്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ കൈയ്യിലാണുള്ളത്. 18 മുതല്‍ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കര്‍ ചെയ്യാന്‍ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത.