Connect with us

Kerala

ജോയിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു; കെട്ടിക്കിടക്കുന്ന മാലിന്യം പ്രതിസന്ധി

40 ടണ്‍ മാലിന്യമാണ് ഇതുവരെ നീക്കിയത്. പരിശോധനക്കായി മൂന്ന്, നാല് പ്ലാറ്റ്‌ഫോമുകളിലെ ട്രെയിന്‍ ഗതാഗതം ഒഴിവാക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസവും പുരോഗമിക്കുന്നു. തോട്ടിലെ മാലിന്യം നീക്കിയുള്ള തിരച്ചിലാണ് നടത്തുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഒരേസമയത്ത് രണ്ടിടത്തായാണ് പരിശോധന. തോടിന്റെ കരകളിലും പരിശോധന നടത്തുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സ്‌കൂബ ഡൈവേഴ്‌സിന്റെയും 30 അംഗ സംഘമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

കാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രം തോട്ടില്‍ ഇറക്കിയിട്ടുണ്ട്. റെയില്‍വേ പ്ലാറ്റ്‌ഫോമുകളുള്ളതിനാല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് വെല്ലുവിളിയാണ്. ഇതിനാല്‍ ഈ ഭാഗത്തെ മാന്‍ഹോളിലൂടെയുള്ള പരിശോധന നിര്‍ത്തിവച്ചിട്ടുണ്ട്. 40 മീറ്റര്‍ മുന്നോട്ടു പോയ ശേഷം തിരച്ചില്‍ സംഘം തിരിച്ചുകയറുകയായിരുന്നു. കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യം തടസ്സമുണ്ടാക്കിയതായി സംഘം പറഞ്ഞു. 40 ടണ്‍ മാലിന്യമാണ് ഇതുവരെ നീക്കിയത്. വെള്ളം കുറവായത് മുന്നോട്ട് പോകുന്നതില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

പരിശോധനക്കായി മൂന്ന്, നാല് പ്ലാറ്റ്‌ഫോമുകളിലെ ട്രെയിന്‍ ഗതാഗതം ഒഴിവാക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് റെയില്‍ പാളങ്ങളാണ് തോടിനു മുകളിലൂടെ കടന്നുപോകുന്നത്. കൂടുതല്‍ അഗ്നിശമന സേന പ്രദേശത്തേക്ക് നീങ്ങിയിട്ടുണ്ട്.

ഇന്നലെ രാവിലെ 11ഓടെയാണ് തോട് വൃത്തിയാക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയി (42)യെ കാണാതായത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക ശുചീകരണ ജീവനക്കാരനാണ് ജോയി.

 

---- facebook comment plugin here -----

Latest