Connect with us

തെളിയോളം

തിരയലാണ് നല്ലത് തേടലല്ല

താനല്ലാത്തവരൊക്കെ അനുഭവിക്കുന്നത് വലിയ സൗഭാഗ്യവും സന്തോഷവുമാണ് എന്ന് കരുതുന്നവർക്ക് ഈ കഥ ചില സന്ദേശങ്ങൾ പങ്കുവെക്കുന്നുണ്ട്. സുഖകരമായ സ്ഥിതിവിശേഷങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം എന്ന പ്രതീക്ഷയും അങ്ങനെ സംഭവിക്കാതിരിക്കുമ്പോൾ താൻ വല്ലാത്ത കഷ്ടതയിലാണ് എന്ന നിരാശയും ശരിയായ സന്തോഷത്തിന് വിഘാതം സൃഷ്ടിക്കും.

Published

|

Last Updated

രു കടലാസു പൂവിലും സുഗന്ധമുണ്ട്, കാരണം കടലാസുണ്ടാക്കുന്നത് മരത്തിൽ നിന്നാണ്. ആസ്വദിക്കാവുന്ന ഒരു ഗന്ധം കടലാസുണ്ടാക്കുന്ന മരത്തിനുമുണ്ടെന്ന വിചാരം മണക്കുന്നവരുടെ മനസ്സിലുണ്ടെങ്കിൽ അവർക്കത് അറിയാനും അനുഭവിക്കാനുമാകും. ജീവിത സന്തോഷമെന്നത് നാം തേടുകയല്ല, തിരഞ്ഞു പിടിക്കുകയാണ് വേണ്ടത്. എന്താണ് തേടലും തിരയലും തമ്മിലുള്ള വ്യത്യാസം? തേടൽ ഒരു യാചനയുടെ മനോനിലയാണ്. എത്ര കിട്ടിയാലും കുറഞ്ഞു പോയി എന്ന തോന്നലോടെ തൃപ്തി എന്ന അവസ്ഥ മിക്കവാറും ആ മനോനിലയിൽ പ്രാപ്യമാവില്ല. തിരയുക എന്നതിൽ ഒരു ഊന്നലിന്റെ സാധ്യതകളുണ്ട്. ചിലപ്പോൾ അന്വേഷിച്ചതിനേക്കാൾ ആനന്ദകരമായത് കണ്ടെത്തിയേക്കാം, അല്ലെങ്കിൽ എങ്ങും പോയിട്ടില്ല അതിവിടെ എവിടെയോ ഉണ്ട് എന്ന പ്രതീക്ഷയുടെ സുഖം ശേഷിപ്പിക്കും.

99 പൊൻ നാണയം നിധിയായി കിട്ടിയവൻ ഒരു നാണയം എവിടെ പോയതാകും എന്ന് സങ്കടപ്പെടുന്ന അവസ്ഥ പോലെയാണ് സന്തോഷം തേടൽ. പറന്നുപോകുന്ന ഒരു പക്ഷിയുടെ കാല് തലയിൽ തട്ടുമ്പോൾ ആനകൾക്ക് പറക്കാൻ കഴിയാത്തത് നന്നായല്ലോ എന്ന് ചിന്തിക്കുന്ന മാനസികാവസ്ഥയാണ് സന്തോഷം തിരയൽ. ഒന്നിനും ഒരു സന്തോഷം തോന്നുന്നില്ല എന്ന സ്ഥിരം സങ്കടക്കാരുടെ അവസ്ഥ പരിശോധിച്ചാൽ അവർ ഒന്നിലും സന്തോഷം കണ്ടെത്തുന്നില്ല എന്നതിനേക്കാൾ അവർ എല്ലാത്തിലും സന്തോഷം മാത്രം തേടുന്നു എന്നതാണ് പ്രശ്നം എന്ന് മനസ്സിലാകും.

തേടുന്നവർ കാണുന്നത് മറ്റുള്ളവരൊക്കെ വലിയ സന്തോഷത്തിലാണെന്നാകും. ഇത്തരക്കാരാണ് പലപ്പോഴും മയക്കുമരുന്നും മദ്യവുമൊക്കെ സന്തോഷത്തിനുള്ള ഉപാധിയാണെന്ന് ധരിക്കുന്നത്. നല്ല പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ പൂമുഖത്ത് വളരെ സന്തോഷവാനായി ഇരിക്കുന്നത് കണ്ട ഒരു ചെറുപ്പക്കാരൻ അയാളോട് “നിങ്ങളുടെ ഈ നീണ്ട സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യം എന്താണ്’ എന്ന് ചോദിച്ചു. “ഞാൻ നല്ല കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നു, ഒരിക്കലും വ്യായാമം ചെയ്യാറുമില്ല. ദിവസവും മൂന്ന് പായ്ക്ക് സിഗരറ്റ് വലിക്കുകയും ആഴ്ചയിൽ ഒരു കെയ്‌സ് വിസ്‌കി കുടിക്കുകയും ചെയ്യും’ അയാൾ മറുപടി പറഞ്ഞു. ചെറുപ്പക്കാരൻ അത്ഭുതത്തോടെ വീണ്ടും അയാളോട് ചോദിച്ചു. “നിങ്ങൾക്ക് എത്ര വയസ്സായി?’ “ഇരുപത്തിയെട്ട്’ ചുക്കിച്ചുളിഞ്ഞ കവിളുകാട്ടി അയാൾ പറഞ്ഞു!

താനല്ലാത്തവരൊക്കെ അനുഭവിക്കുന്നത് വലിയ സൗഭാഗ്യവും സന്തോഷവുമാണ് എന്ന് കരുതുന്നവർക്ക് ഈ കഥ ചില സന്ദേശങ്ങൾ പങ്കുവെക്കുന്നുണ്ട്. സുഖകരമായ സ്ഥിതിവിശേഷങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം എന്ന പ്രതീക്ഷയും അങ്ങനെ സംഭവിക്കാതിരിക്കുമ്പോൾ താൻ വല്ലാത്ത കഷ്ടതയിലാണ് എന്ന നിരാശയും ശരിയായ സന്തോഷത്തിന് വിഘാതം സൃഷ്ടിക്കും. പലപ്പോഴും പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെടാം, അത് സന്തോഷത്തിന് വിരുദ്ധമല്ല. പരാജയപ്പെടാനുള്ള കഴിവും ആ അനുഭവത്തെ ജീവിത പാഠമായി എടുത്ത് സ്വയം അഭിനന്ദിക്കാനുള്ള കഴിവും യഥാർഥത്തിൽ സന്തോഷനിർമാണത്തിനുള്ള അടിക്കല്ലുകളാണ്. ഇല്ലായ്മ സന്തോഷനഷ്ടത്തിനുള്ള കാരണമാകുന്നതിന് പകരം, നേടാനുള്ള പ്രയത്നങ്ങൾ സന്തോഷദായകമാണ് എന്ന തിരിച്ചറിവുണ്ടായിരിക്കുന്നതിലാണ് കാര്യം.

വെറുതെയിരുന്ന് മധുര മുന്തിരി കഴിക്കുന്നത് സന്തോഷമാണ്. ഒരു കിലോമീറ്റർ മാരത്തോൺ മത്സരത്തിൽ ജയിക്കുന്നതും സന്തോഷമാണ്. തീർത്തും അലസമായി ഒരു കാർട്ടൂൺ വീഡിയോ കാണുന്നത് സന്തോഷമാണ്. ഓടിച്ചാടി നടക്കുന്നത് വരെ ഒരു കുഞ്ഞിനെ വളർത്തി വലുതാക്കുന്നതും സന്തോഷമാണ്. ഒരു പുതിയ വസ്ത്രം വാങ്ങി ധരിക്കുന്നതും മൊബൈൽ അപ്ഡേറ്റ് ചെയ്യുന്നതും സന്തോഷമാണ്. സുഹൃത്തുക്കളുമൊത്ത് ബിസിനസ് തുടങ്ങി പണം സമ്പാദിക്കാൻ പാടുപെടുന്നതും സന്തോഷമാണ്. കഴിയുന്നില്ല എന്ന് നാം കരുതുന്ന, പരാജയപ്പെട്ടേക്കാവുന്ന ഓരോ കാര്യങ്ങളിലും തിരഞ്ഞു പോയാൽ നാം സന്തോഷം കണ്ടെത്തും, പകരം കഴിയില്ലെന്നും തോറ്റെന്നും വിചാരിച്ചിരുന്നാൽ തളർച്ച മാത്രമാകും ഫലം.

ഒന്നും പ്രവർത്തിക്കുകയോ യാതൊരു പ്രയാസവും അനുഭവിക്കുകയോ ചെയ്യാതെ സദാ സമയവും ഭ്രാന്തമായി സന്തോഷിച്ചു നടക്കുന്ന ചിലരെ കാണുമ്പോൾ “ഹൊ അവന്റെയൊക്കെയൊരു ഭാഗ്യം’ എന്ന് ചിന്തിച്ച് സ്വന്തം സാഹചര്യത്തെ പഴിക്കുന്ന നിങ്ങൾ തേടുന്ന ആ സന്തോഷം തികച്ചും വ്യാജമാണ്. എല്ലായ്പോഴും സന്തോഷവാനായിരിക്കണം എന്ന് നിങ്ങളുടെ ഉള്ളിലുണ്ടെങ്കിൽ യാഥാർഥ്യബോധം നഷ്ടപ്പെടാതിരിക്കണം. വേദനിക്കാനും പോരാടാനും തോൽക്കാനും നിരാശനാകാനും ഒക്കെ ഒരുക്കമുള്ള മനസ്സ് പാകപ്പെടുത്തണം. കടലാസു പൂവിലെ സുഗന്ധം ആസ്വദിക്കാൻ അറിയണം. ഒന്ന് കിട്ടി 99 ഉം കിട്ടാതിരുന്നാലും കിട്ടിയ ഒന്നിൽ 100 നിറയുന്നത് കാണണം.

---- facebook comment plugin here -----

Latest