Ongoing News
ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തും വരെ തിരച്ചില്‍ തുടരും: കൃഷി മന്ത്രി പി പ്രസാദ്
ഇനി ലഭ്യമാകുന്ന ശരീര ഭാഗങ്ങള്‍ ഡി എന്‍ എ പരിശോധന നടത്തി ഇവിടെ തന്നെ സംസ്‌കരിക്കും
നിലമ്പൂര്‍: വയനാട്ടിലെ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവന്‍ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. നേവിയുടെയും ഹെലികോപ്റ്ററിന്റെയും സഹകരണം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇനി ലഭ്യമാകുന്ന ശരീര ഭാഗങ്ങള്‍ ഡി എന്‍ എ പരിശോധന നടത്തി ഇവിടെ തന്നെ സംസ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലമ്പൂരില്‍ നടന്ന ഉന്നത തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ചാലിയാര്‍ പുഴയിലും തീരപ്രദേശങ്ങളിലും എത്തിയ മുഴുവന്‍ മൃതേദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരും. ഹെലികോപ്റ്റര്‍, മണ്ണിനടിയില്‍ തിരച്ചില്‍ നടത്താനുള്ള ആധുനിക യന്ത്ര സൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കും. ആവശ്യമായ ഭാഗങ്ങളില്‍ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തും. ഇതിനായി അയല്‍ സംസ്ഥാനങ്ങളുടെയും സഹകരണം ലഭ്യമാക്കും. ഉരുള്‍പൊട്ടല്‍ മേഖലയോട് ചേര്‍ന്ന ഭാഗം മുതല്‍ ചാലിയാമിന്റെ അവസാന ഭാഗം വരെ തിരച്ചില്‍ നടത്തും.
മണ്ണില്‍ മൃതദേഹങ്ങള്‍ അകപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പാലങ്ങളിലും റഗുലേറ്റര്‍ കം ബ്രിഡ്ജുകളിലും അടിത്ത മരങ്ങള്‍ മാറ്റി തിരച്ചില്‍ നടത്തും. വി അന്‍വര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം, നഗരസഭാ അധ്യക്ഷന്‍, കലക്ടര്‍ വി ആര്‍ അനില്‍, അസിസ്റ്റന്റ് കലക്ടര്‍, ഡി എം ഒ ഡോ. ആര്‍ രേണുക, ആശുപത്രി സൂപ്രണ്ട് ഡോ. ഷി നാസ് ബാബു, ഡി എഫ് ഒ കാര്‍ത്തിക്, റീജണല്‍ ഫയര്‍ ഓഫീസര്‍, എച്ച് എം സി അംഗങ്ങള്‍, ആരോഗ്യ വിഭാഗം, പോലീസ, ഫയര്‍ സേന പ്രതിനിധികള്‍ സംബന്ധിച്ചു.
ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നലെ രാത്രി വൈകി ലഭിച്ച മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് രാവിലെ യോടെ പൂര്‍ത്തിയായി. ഇതോടെ 60 മൃതദേഹങ്ങളും 113 ശരീര ഭാഗങ്ങളും അടക്കം 173 ആണ് ഇതുവരെ ആകെ ലഭിച്ചത്. പോലീസ്, ഫയര്‍ഫോഴ്‌സ്, എന്‍ ഡി ആര്‍ എഫ് , നാട്ടുകാര്‍, നൂറുകണക്കിന് വളണ്ടിയര്‍മാര്‍ തുടങ്ങിയവരാണ് നാലാം ദിവസവും തിരച്ചില്‍ നടത്തുന്നത്. പുഴയുടെ കൈവഴികള്‍ അടക്കം വനത്തിന് ഉള്ളിലേക്ക് കയറിയാണ് തിരച്ചില്‍ നടക്കുന്നത്. കിട്ടിയ മൃതദേഹങ്ങളില്‍ 143 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു.