Connect with us

Kerala

അമേരിക്ക തിരിച്ചയച്ച കുടിയേറ്റക്കാരുടെ രണ്ടാം ബാച്ചിനേയും കൂച്ചുവിലങ്ങിട്ടു

119 അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ യു എസ് സൈനിക വിമാനം ശനിയാഴ്ച രാത്രിയാണ് അമൃത്‌സറില്‍ എത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി | അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയച്ച രണ്ടാമത്തെ ബാച്ചിനേയും എത്തിച്ചത് കൈയിലും കാലിലും വിലങ്ങണിയിച്ചാണെന്ന് റിപ്പോര്‍ട്ട്. സംഘത്തില്‍ ഉണ്ടായിരുന്നവരെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിട്ടും കൂച്ചുവിലങ്ങിടുന്ന കാര്യത്തില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

119 അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ യു എസ് സൈനിക വിമാനം ശനിയാഴ്ച രാത്രിയാണ് അമൃത്‌സറില്‍ എത്തിയത്. യാത്രയിലുടനീളം ഞങ്ങളുടെ കാലുകള്‍ ചങ്ങലയിട്ടതായും കൈകള്‍ ബന്ധിക്കുകയും ചെയ്തുവെന്ന് ഇവര്‍ ആരോപിച്ചു. നാടുകടത്തപ്പെട്ടവരുടെ ആദ്യ ബാച്ചും സമാനമായ പരാതികള്‍ ഉന്നയിച്ചിരുന്നു. നാടുകടത്തപ്പെട്ടവരുടെ രണ്ടാമത്തെ ബാച്ചില്‍ പഞ്ചാബില്‍ നിന്നുള്ള 65 പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും ഗുജറാത്തില്‍ നിന്നുള്ള എട്ട് പേരും ഉത്തര്‍പ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ വീതവും ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ വ്യക്തിയും ഉള്‍പ്പെടുന്നു.

തിരിച്ചെത്തിയവര്‍ക്കായി പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ പ്രത്യേക യാത്രാ സൗകര്യങ്ങള്‍ ഒരുക്കി. നാടുകടത്തപ്പെട്ട 157 പേരുമായി മൂന്നാമത്തെ വിമാനം ഞായറാഴ്ച അമൃത്സറില്‍ ഇറങ്ങും. 13 കുട്ടികളടക്കം 104 പേരെ വഹിച്ചുകൊണ്ട് ഫെബ്രുവരി അഞ്ചിനാണ് ആദ്യവിമാനം അമൃത്സറില്‍ എത്തിയത്. കൈകാലുകളില്‍ വിലങ്ങണിയിച്ചാണ് ഇവരെ എത്തിച്ചത്. തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദര്‍ശനത്തോടെ കാര്യങ്ങളില്‍ അയവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.

അനധികൃത കുടിയേറ്റക്കാരെ അമേരിക്ക മാന്യമായി പരിഗണിക്കുമെന്നും സൈനിക വിമാനത്തിന് പകരം യാത്രാ വിമാനം നല്‍കുമെന്നും പ്രതീക്ഷിച്ചെങ്കിലും പഴയപടി തന്നെയാണ് അമേരിക്ക ഇന്ത്യന്‍ കുടിയേറ്റക്കാരോട് പെരുമാറുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

Latest