Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരം

പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ രണ്ടാമത്തെ കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയയും വിജയകരമായി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി 53കാരനാണ് കരള്‍ മാറ്റിവച്ചത്. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച രോഗിക്ക് അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവാണ് കരള്‍ നല്‍കിയത്. ശസ്ത്രക്രിയ വിജയകരമായതിനു പിന്നാലെ രോഗിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. ട്രാന്‍സ് പ്ലാന്റ് ടീമിന് ആരോഗ്യമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം എട്ടിനായിരുന്നു കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയ നടന്നത്.സര്‍ജിക്കല്‍ ഗ്യാസ്ട്രോ, അനസ്തേഷ്യ ആന്റ് ക്രിട്ടിക്കല്‍ കെയര്‍, മെഡിക്കല്‍ ഗ്യാസ്ട്രോ, കാര്‍ഡിയോളജി തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നൂറോളം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കിയത്. സൂക്ഷ്മമായ പരിശോധനകള്‍ക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.

ഇത്തരത്തില്‍ പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കോട്ടയം തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ യാഥാര്‍ഥ്യമാക്കിയെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയും കരള്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമായി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest