Kannur
കിൻഫ്ര വ്യവസായ പാർക്ക് രണ്ടാം ഘട്ട പ്രവൃത്തിക്ക് തുടക്കമായി
അഡ്മിനിസ്‌ട്രേഷൻ കം ഫെസിലിറ്റേഷൻ ബ്ലോക്ക് ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു
മട്ടന്നൂർ | വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്കിൽ അഡ്മിനിസ്‌ട്രേഷൻ കം ഫെസിലിറ്റേഷൻ ബ്ലോക്കിന്റ ശിലാസ്ഥാപനം മന്ത്രി പി രാജീവ് നിർവഹിച്ചു.
കിൻഫ്ര പാർക്കിൽ സ്ഥാപിക്കുന്ന 110 കെ വി സബ് സ്റ്റേഷന്റെ തറക്കല്ലിടൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി ഓൺലൈനായി നിർവഹിച്ചു.
പാർക്ക് ഓഫീസ്, സ്ഥലമേറ്റെടുപ്പ് ഓഫീസ്, മിനി കോൺഫറൻസ് ഹാൾ, ഫുഡ് കോർട്ട്, മഴവെള്ള സംഭരണി തുടങ്ങിയവയാണ് കെട്ടിടത്തിന്റെ ഭാഗമായി ഉണ്ടാകുക. പാർക്കിൽ ഭക്ഷ്യോത്പന്ന നിർമാണ യൂനിറ്റ്, ഭക്ഷ്യ സംസ്‌കരണ കേന്ദ്രം, സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി, അതിഥി മന്ദിരം, ഭക്ഷണശാല തുടങ്ങിയവ നിർമിക്കാനും പദ്ധതിയുണ്ട്.
പാർക്കിലേക്ക് വേണ്ട വൈദ്യുതി എത്തിക്കുന്നതിന് 15 കോടി രൂപ ചെലവിട്ടാണ് 110 കെ വി സബ് സ്റ്റേഷൻ നിർമിക്കുന്നത്. കാഞ്ഞിരോട് നിന്നും മട്ടന്നൂരിലേക്ക് പോകുന്ന 110 കെ വി ലൈനിൽ പുതുതായി ടവർ സ്ഥാപിച്ച് ലൈൻ നിർമിച്ചാണ് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുക. പാർക്കിനകത്ത് നിന്ന് 110 കെ വി ഫീഡറുകൾ പുറത്തേക്കും കൊണ്ടുപോകുന്നതിനാൽ മട്ടന്നൂർ, കീഴല്ലൂർ, അഞ്ചരക്കണ്ടി, ഇരിക്കൂർ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്കും പ്രയോജനം ലഭിക്കും.
വ്യവസായ പാർക്കിനായി വെള്ളിയാംപറമ്പിൽ 128.59 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തിട്ടുള്ളത്. 54 ഏക്കർ കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കെ കെ ശൈലജ എം എൽ എ അധ്യക്ഷത വഹിച്ചു. ഡോ.വി ശിവദാസൻ എം പി, മട്ടന്നൂർ നഗരസഭ ചെയർപേഴ്‌സൻ അനിത വേണു, വൈസ് ചെയർമാൻ പി പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്കെ വി മിനി, വൈസ് പ്രസിഡന്റ് കെ അനിൽ കുമാർ, വി കെ സുരേഷ് ബാബു, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ഡോ.ടി ഉണ്ണികൃഷ്ണൻ, കെ ശ്രീധരൻ, ഷിജു എടയന്നൂർ, മുബീന ഷാനിദ്, ഡി മുനീർ, എൻ വി ചന്ദ്രബാബു, സുരേഷ് മാവില തുടങ്ങിയവർ പ്രസംഗിച്ചു.