Kerala
സ്വപ്നയുടെ രഹസ്യ മൊഴി നല്‍കില്ല; ക്രൈം ബ്രാഞ്ച് ആവശ്യം കോടതി തള്ളി
രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈം ബ്രാഞ്ചിന് എന്തിനാണെന്ന് ചോദിച്ച സ്വപ്നയുടെ അഭിഭാഷകന്‍ അത് നല്‍കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടു. മൊഴിയുടെ ആവശ്യം എന്താണെന്ന് കോടതിയും ക്രൈം ബ്രാഞ്ചിനോട് ചോദിച്ചിരുന്നു.
കൊച്ചി | സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് ഹരജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആവശ്യം തള്ളിയത്. കന്റോണ്‍മെന്റ് പോലീസ് സ്വപ്നക്കെതിരെ ചുമത്തിയ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അത്യാവശ്യമാണെന്നായിരുന്നു ക്രൈം ബ്രാഞ്ച് വാദം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ 164 മൊഴി പകര്‍പ്പ് ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചത്.
രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈം ബ്രാഞ്ചിന് എന്തിനാണെന്ന് ചോദിച്ച സ്വപ്നയുടെ അഭിഭാഷകന്‍ അത് നല്‍കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടു. മൊഴിയുടെ ആവശ്യം എന്താണെന്ന് കോടതിയും ക്രൈം ബ്രാഞ്ചിനോട് ചോദിച്ചിരുന്നു. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്തു കൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണമെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ പറഞ്ഞത്. ഗൂഢാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്നക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതില്‍ അന്വേഷണം വേണമെന്ന ആവശ്യവും ക്രൈം ബ്രാഞ്ച് കോടതിയില്‍ ഉന്നയിച്ചു.