Articles
വിത്ത് വിതക്കുന്നു, തളിരിടുന്നു
രാമനാട്ടുകര ജുമുഅ മസ്ജിദിലെ ഖാസി എ കെ അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ ഒരു വിഷമവൃത്തത്തിലായിരുന്നു. ജാമിഅയില്‍ നിന്ന് ഉത്ഭവിച്ച ധാര്‍മിക വിപ്ലവ പടയണി കൂട്ടായ്മ നാടുകളിലും പരിസര പ്രദേശങ്ങളിലും ഉയിര്‍ കൊള്ളുന്നുണ്ട്. സുന്നി സമൂഹത്തിന് നവജാഗരണം നല്‍കുന്ന, നവ- യുവതലമുറകളെ ധാര്‍മികാന്തരീക്ഷത്തില്‍ പിടിച്ചുനിര്‍ത്തി ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ ഉത്തേജനം പകരുന്ന എസ് എസ് എഫ് തന്റെ മഹല്ലിലും വേണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ട്. യുവജനതക്ക് ദിശാബോധം നല്‍കുന്ന സുന്നി സംഘടനയുടെ അഭാവവും അന്നുണ്ടായിരുന്നു. എസ് വൈ എസ് സജീവമായിരുന്നെങ്കിലും അന്നത്തെ പരിതസ്ഥിതിയില്‍ യുവാക്കളുടെ പ്രാതിനിധ്യം തുലോംകുറവായിരുന്നല്ലൊ.
രാമനാട്ടുകര ജുമുഅ മസ്ജിദിലെ ഖാസി എ കെ അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ ഒരു വിഷമവൃത്തത്തിലായിരുന്നു. ജാമിഅയില്‍ നിന്ന് ഉത്ഭവിച്ച ധാര്‍മിക വിപ്ലവ പടയണി കൂട്ടായ്മ നാടുകളിലും പരിസര പ്രദേശങ്ങളിലും ഉയിര്‍ കൊള്ളുന്നുണ്ട്. സുന്നി സമൂഹത്തിന് നവജാഗരണം നല്‍കുന്ന, നവ- യുവതലമുറകളെ ധാര്‍മികാന്തരീക്ഷത്തില്‍ പിടിച്ചുനിര്‍ത്തി ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ ഉത്തേജനം പകരുന്ന എസ് എസ് എഫ് തന്റെ മഹല്ലിലും വേണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ട്. യുവജനതക്ക് ദിശാബോധം നല്‍കുന്ന സുന്നി സംഘടനയുടെ അഭാവവും അന്നുണ്ടായിരുന്നു. എസ് വൈ എസ് സജീവമായിരുന്നെങ്കിലും അന്നത്തെ പരിതസ്ഥിതിയില്‍ യുവാക്കളുടെ പ്രാതിനിധ്യം തുലോംകുറവായിരുന്നല്ലൊ.
രാമനാട്ടുകരയിലെ ഖാസിയുടെ വിഷമാവസ്ഥക്ക് മറ്റൊരു കാരണവുമുണ്ട്. രാമനാട്ടുകര മുസ്‌ലിം യൂത്ത് ഫെഡറേഷന്‍ (ആര്‍ എം വൈ എഫ്) എന്ന പേരില്‍ ഒരു മുസ്‌ലിം യുവ കൂട്ടായ്മ അന്ന് ആ നാട്ടിലുണ്ട്. ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. അതില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ അനുഭാവികളായ വ്യത്യസ്ത വീക്ഷണമുള്ളവരുണ്ട്. സജീവമല്ലാത്ത ഈ കൂട്ടായ്മയെ എസ് എസ് എഫ് ആക്കി മാറ്റുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികമായി ഉയരും. വലിയ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാം.
അതിനാല്‍, നാട്ടുകാര്‍ തന്നെ അത്തരമൊരു ആവശ്യം മുന്നോട്ടുവെക്കുന്ന അവസരത്തിനായി കാത്തുനിന്നു ഖാസി. അങ്ങനെ ആ ദിവസമെത്തി. കൂട്ടായ്മയുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ അഭിപ്രായം തേടി ആര്‍ എം വൈ എഫ് ഭാരവാഹികള്‍ അദ്ദേഹത്തിന്റെ അടുക്കലെത്തി. സംഘടന പ്രാദേശികതലത്തില്‍ മാത്രം ഒതുങ്ങിയതിനാലാണ് പുരോഗതി കൈവരിക്കാത്തതെന്ന തിരിച്ചറിവും അവര്‍ക്കുണ്ടായിരുന്നു. സംസ്ഥാന തലത്തിലോ ജില്ലാ തലത്തിലോ പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക സ്വഭാവമുള്ള സംഘടനയുടെ കീഴ്ഘടകമായി പ്രവര്‍ത്തിക്കുമ്പോഴാണ് സംഘടനക്ക് ജീവനുണ്ടാകൂവെന്ന കാര്യം അവര്‍ പറഞ്ഞു. തേടിയ വള്ളി കാലില്‍ ചുറ്റിയ പ്രതീതിയായിരുന്നു എ കെ അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ക്ക്. ഇതര നാടുകളില്‍ എസ് എസ് എഫ് എന്ന സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം ഉരവം പ്രാപിക്കുന്ന കഥകള്‍ സംഘത്തിലുണ്ടായിരുന്ന ഹംസക്കോയ, ശാഫി എന്നീ യുവാക്കള്‍ പങ്കുവെച്ചു. ആര്‍ എം വൈ എഫിനെ എസ് എസ് എഫ് ആക്കിയാലോ എന്ന നിര്‍ദേശം കൂടി ഇവര്‍ മുന്നോട്ടുവെച്ചപ്പോള്‍ ഖാസിക്ക് സന്തോഷമായി. ഗ്രൗണ്ട് സപ്പോര്‍ട്ടുണ്ട്. ഇനി ധൈര്യത്തോടെ മുന്നോട്ടുപോകാം. ആര്‍ എം വൈ എഫിനെ എസ് എസ് എഫ് ആക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം ആ യുവാക്കളോട് വെളിപ്പെടുത്തി. നിങ്ങള്‍ കൂടി താത്പര്യം പ്രകടിപ്പിച്ചതിനാല്‍ നമുക്കത് സാധിപ്പിക്കണം. ഇക്കാര്യം നമ്മളല്ലാതെ പുറത്താരും അറിയരുതെന്ന പ്രായോഗിക തന്ത്രവും അദ്ദേഹം അവരോട് ഉപദേശിച്ചു. പുറത്തറിഞ്ഞാല്‍ ചിലപ്പോള്‍ നമ്മള്‍ ഉദ്ദേശിച്ചതു പോലെ കാര്യങ്ങള്‍ നടക്കില്ല. നിങ്ങള്‍ വേഗം ഒരു ജനറല്‍ ബോഡി വിളിക്കുക, അതില്‍ നമുക്ക് വേണ്ടതു ചെയ്യാം- അങ്ങനെ ആ യുവാക്കള്‍ വര്‍ധിത ഉത്തേജനത്തോടെ പള്ളിയില്‍ നിന്നിറങ്ങി.
മഹല്ല് കാരണവന്മാരില്‍ പ്രധാനികളാണ് ബിച്ചിക്കോയട്ടി ഹാജിയും ഡെപ്യൂട്ടി കളക്ടറായിരുന്ന അലവിക്കുട്ടി ഹാജിയും. ചെമ്മല്‍ പള്ളി കേന്ദ്രീകരിച്ച് ഉസ്താദ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും കൂടെ നിന്ന് പിന്തുണക്കുകയും ധൈര്യം പകരുകയും നിഴല്‍ പോലെ ഉസ്താദിനെ പിന്തുടരുകയും ചെയ്യുന്നവര്‍. തങ്ങളിലെ ആദര്‍ശവും വിശ്വാസവും ശക്തിപ്പെടുന്നതില്‍ ഉസ്താദ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പ്രദേശത്തെ പൗരപ്രമുഖനായ ബിച്ചിക്കോയട്ടി ഹാജി ഉദാര മനസ്‌കനും ജനസേവകനുമായിരുന്നു. സമുദായ രാഷ്ട്രീയ പാര്‍ട്ടിയോടൊട്ടി നില്‍ക്കുകയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മെമ്പറാകുകയും ചെയ്ത അദ്ദേഹം പിന്നീട് അതില്‍ നിന്നെല്ലാം മാറി നിന്ന് സുന്നത്ത് ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനായതില്‍ ഉസ്താദിന്റെ ഇടപെടലുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, ജനറല്‍ ബോഡിയില്‍ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ഇവരോട് പോലും ഉസ്താദ് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. സംഘടനയുടെ ആവശ്യകത യുവാക്കളെ ബോധ്യപ്പെടുത്താന്‍ യോഗ്യരായ രണ്ട് നേതാക്കളെ ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. ഖാസിയുടെ നിര്‍ദേശാനുസരണം സുന്നി പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ള വി എം കോയ മാസ്റ്റര്‍, ഫാറൂഖ് കോളജ് എസ് എസ് എഫ് യൂനിറ്റ് ഭാരവാഹി ഒ എം തരുവണ എന്നിവരെ ക്ഷണിച്ചു.
പ്രാദേശിക തലത്തില്‍ രൂപം നല്‍കി അവിടെ മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനക്ക് ഉണ്ടാകുന്ന മുരടിപ്പും പുറത്തേക്ക് ബന്ധങ്ങളുള്ള വിശാലമായ സംഘടനയോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ചാലുണ്ടാകുന്ന നേട്ടങ്ങളും ഖാസിയും കോയ മാസ്റ്ററും ഒ എം തരുവണയും ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു. സദസ്സിലുള്ളവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു എന്ന് മനസ്സിലാക്കിയ അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ താമസിയാതെ ആ പ്രഖ്യാപനം നടത്തി. നമ്മുടെ സംഘം ഇനി മുതല്‍ എസ് എസ് എഫ് ആയിരിക്കും. വഹാബികള്‍ നടത്തുന്ന റൗളതുല്‍ ഉലൂമില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഭൂരിപക്ഷം അനുകൂലിച്ചു. തക്ബീര്‍ ധ്വനികളോടെ തീരുമാനം പാസ്സായി. എസ് എസ് എഫ് ഭാരവാഹികളെ പ്രഖ്യാപിച്ചാണ് ആ യോഗം പിരിഞ്ഞത്. ഇങ്ങനെ വ്യത്യസ്ത വഴികളിലൂടെയാണ് നാടൊട്ടുക്കും എസ് എസ് എഫ് തളിരിട്ടതും പിന്നീട് വന്‍ വൃക്ഷമായതും.