Connect with us

Articles

ടൂറിസത്തിന്റെ മണ്ണിലും വിദ്വേഷ വിത്തുകള്‍

പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ ഹിമാചൽ പ്രദേശ് സമീപകാലത്ത് ഏതാനും വിദ്വേഷ പ്രചാരകരുടെ കൈയിലേക്ക് വഴുതി മാറിയിരിക്കുകയാണ്. മുസ്‌ലിം ജനസംഖ്യയുടെയും പള്ളികളുടെയും വഖ്ഫ് ബോര്‍ഡിന്റെയും പേരുപറഞ്ഞ് സംസ്ഥാനത്തിന്റെ തെരുവോരങ്ങള്‍ ഹിന്ദുത്വ വാദികള്‍ കൈയടക്കിയിട്ട് ഒരു മാസത്തോളമായി.

Published

|

Last Updated

haneefakurikkalakath13@gmail.com
ഹിമാലയത്തോട് ചേര്‍ന്ന മഞ്ഞു നിറഞ്ഞ പര്‍വത പ്രദേശം. കൊടുമുടികള്‍ കൊണ്ടും നദീ തടങ്ങള്‍ കൊണ്ടും സമ്പന്നമായ സംസ്ഥാനം. ടൂറിസ്റ്റുകളുടെ സ്വപ്‌ന ഭൂമിയായ ഹിമാചല്‍ പ്രദേശ് വിഭജന കാലത്തുണ്ടായ രക്തച്ചൊരിച്ചിലിന്റെ ഇരുണ്ട ഓര്‍മയല്ലാതെ അതിനു ശേഷം വര്‍ഗീയത കടന്നു ചെല്ലാത്ത പ്രദേശമാണ്. നേരത്തേ ഹിമാചല്‍ പ്രദേശ് പഞ്ചാബിന്റെ ഭാഗമായിരുന്നു. പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ ഈ ഭൂമി സമീപകാലത്ത് ഏതാനും വിദ്വേഷ പ്രചാരകരുടെ കൈയിലേക്ക് വഴുതി മാറിയിരിക്കുകയാണ്. മുസ്‌ലിം ജനസംഖ്യയുടെയും പള്ളികളുടെയും വഖ്ഫ് ബോര്‍ഡിന്റെയും പേരുപറഞ്ഞ് സംസ്ഥാനത്തിന്റെ തെരുവോരങ്ങള്‍ ഹിന്ദുത്വ വാദികള്‍ കൈയടക്കിയിട്ട് ഒരു മാസത്തോളമായി. ഷിംലയിലെ ഒരു ബാര്‍ബര്‍ തൊഴിലാളി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അശ്ലീല ആംഗ്യം കാണിച്ചു എന്ന് പറഞ്ഞു തുടങ്ങിയ ആള്‍ക്കൂട്ട അക്രമം പള്ളി തകര്‍ക്കുന്നതിലേക്കും ഒരു വിഭാഗത്തെ നുഴഞ്ഞുകയറ്റക്കാരാക്കുന്നതിലേക്കും ഭക്ഷണ വില്‍പ്പന സ്ഥാപനങ്ങളില്‍ ഉടമസ്ഥരുടെയും ജീവനക്കാരുടെയും പേരും വിലാസവും എഴുതി പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യത്തിലേക്കും എത്തിച്ചിരിക്കുകയാണ്. സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ആണെങ്കിലും ഒരു മന്ത്രി വിചാരിച്ചാല്‍ കോണ്‍ഗ്രസ്സ് ഭരണത്തിലും ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഹിമാചല്‍ പ്രദേശ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അശ്ലീല ആംഗ്യം കാണിച്ചുവെന്ന് പറഞ്ഞ് തെരുവിലിറങ്ങിയവര്‍ ഷിംല സഞ്ജൗലിയിലെ മസ്ജിദിലേക്കാണ് നീങ്ങിയത്. മസ്ജിദ് അനധികൃതമാണെന്നും അത് പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ബന്ദ് നടത്തി. 1947ല്‍ പണിത പള്ളിയാണിത്. 2010ല്‍ പുതുക്കിപ്പണിതു. അനധികൃതം എന്ന് ആരോപിച്ച് രംഗത്തു വന്നവര്‍ മണ്ഡാലിയിലെ മറ്റൊരു പള്ളിയുടെ ചുമര്‍ തകര്‍ത്തതിനു പിറകെ സിര്‍മൗര്‍ ജില്ലയിലെ ചമ്പ, കാന്‍ഗ്ര, ബിലാസ്പുര്‍ എന്നിവിടങ്ങളിലെ പള്ളികളും അനധികൃതമാണെന്ന് ആരോപിച്ച് സമരം നടത്തുകയാണ്. ദേവഭൂമി സംഘര്‍ഷ് സമിതി എന്ന സംഘ്പരിവാര്‍ സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. മുസ്‌ലിം കുടിയേറ്റം അവസാനിപ്പിക്കണമെന്നും മുസ്‌ലിം വ്യാപാരികള്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്നും പാര്‍ലിമെന്റില്‍ അവതരിപ്പിച്ച വഖ്ഫ് ഭേദഗതി ബില്ല് സംസ്ഥാനത്ത് നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുകയാണ്.
ഇതിനിടയിലാണ് പൊതുമരാമത്ത്, നഗര വികസന മന്ത്രി വിക്രമാദിത്യ സിംഗ് ഒരു എഫ് ബി പോസ്റ്റിട്ടത്. സംസ്ഥാനത്തെ ഹോട്ടല്‍, റസ്റ്റോറന്റ്, തട്ടുകടകള്‍, ജ്യൂസ്-പഴം കടകള്‍ എന്നീ ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേരും മേല്‍വിലാസവും എഴുതി പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു എഫ് ബി പോസ്റ്റ്. വ്യാപാരികളുടെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും യോഗത്തിലെടുത്ത തീരുമാനമെന്ന നിലക്കാണ് മന്ത്രി എഫ് ബി പോസ്റ്റിട്ടത്. മുസ്‌ലിംകള്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തുകയും സമരത്തിലേര്‍പ്പെടുകയും ചെയ്യുന്നവരുടെ ആവശ്യങ്ങളില്‍ ഒന്ന് ഇതായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശില്‍ നടപ്പാക്കാന്‍ ശ്രമിച്ച അതേ തീരുമാനമാണ് ഹിമാചലില്‍ നടപ്പാക്കുന്നതെന്ന് മന്ത്രി വിക്രമാദിത്യ സിംഗ് തന്റെ എഫ് ബി പോസ്റ്റില്‍ കുറിക്കുകയും ചെയ്തു.
ഓപറേഷന്‍ താമരയിലൂടെ ഹിമാചല്‍ ഭരണം പിടിച്ചടക്കാനുള്ള ബി ജെ പി ശ്രമം മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പരാജയപ്പെടുത്തിയത് അഞ്ച് മാസം മുമ്പായിരുന്നു. എന്നാല്‍ സ്വന്തം മന്ത്രിസഭയിലെ ഒരംഗം പാര്‍ട്ടി നിലപാടില്‍ നിന്ന് മാറി ബി ജെ പി അജന്‍ഡ നടപ്പാക്കുമ്പോള്‍ സുഖ്‌വീന്ദര്‍ സിംഗ് സര്‍ക്കാര്‍ തിരുത്തല്‍ പ്രസ്താവനകള്‍ നടത്തി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ജൂലൈയില്‍ കാൻവാര്‍ യാത്രയുമായി ബന്ധപ്പെട്ട് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മുസഫര്‍പൂരിലെ ഭക്ഷണ വില്‍പ്പന സ്ഥാപനങ്ങളില്‍ ഉടമസ്ഥരുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെയാണ് ഹിമാചല്‍ മന്ത്രി എഫ് ബി പേജില്‍ ഉദ്ധരിച്ചത്. ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് പിറകെ ഉത്തരാഖണ്ഡ് സര്‍ക്കാറും ഭക്ഷണ വില്‍പ്പന സ്ഥാപനങ്ങളില്‍ ഉടമസ്ഥരുടെയും ജീവനക്കാരുടെയും പേരുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് അന്ന് ഉത്തരവിടുകയുണ്ടായി.
എന്നാല്‍ ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകളുടെ അന്നത്തെ തീരുമാനം ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി സ്റ്റേ ചെയ്യുകയുണ്ടായി. കാന്‍വാര്‍ തീര്‍ഥാടകര്‍ക്ക് സസ്യാഹാരം ഉറപ്പ് വരുത്തുന്നതിനാണ് ഉത്തരവെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഏത് തരം ഭക്ഷണമാണ് വില്‍ക്കുന്നതെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ അല്ലാതെ ഉടമകളുടെയോ ജീവനക്കാരുടെയോ പേരുകള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ പ്രസ്തുത ഉത്തരവിനെ ചോദ്യം ചെയ്യുന്ന നിലപാടാണ് ഹിമാചല്‍ മന്ത്രി സ്വീകരിച്ചത്. ജയ്്റാം താക്കൂര്‍, പ്രേംകുമാര്‍ ധുമാല്‍, ശാന്തകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുണ്ടായിരുന്ന ബി ജെ പി സര്‍ക്കാര്‍ കാണിക്കാത്ത മുസ്‌ലിം വിരോധമാണ് കോണ്‍ഗ്രസ്സ് മന്ത്രിസഭയിലെ ഒരംഗം സംസ്ഥാനത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
ഷിംലയിലെ സഞ്ജൗലി മസ്ജിദ് അനധികൃതമാണെന്ന ഹിന്ദുത്വ വാദികളുടെ വാദം മന്ത്രി വിക്രമാദിത്യ സിംഗ് നിയമസഭയില്‍ ശരിവെച്ചിരുന്നു. ബി ജെ പി സര്‍ക്കാറിന്റെ വഖ്ഫ് ഭേദഗതി ബില്ലിനെയും അദ്ദേഹം സ്വാഗതം ചെയ്യുകയുണ്ടായി. ഫെബ്രുവരിയില്‍ അയോധ്യയിലെ രാമ ക്ഷേത്രത്തില്‍ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തു കൊണ്ടും വിക്രമാദിത്യ സിംഗ് ഹിന്ദുത്വ വാദികളോടുള്ള കൂറ് പരസ്യമാക്കിയിരുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങിനെതിരെ കോണ്‍ഗ്രസ്സ് നേതൃത്വം ശക്തമായ നിലപാടെടുത്തപ്പോള്‍ കോണ്‍ഗ്രസ്സ് മന്ത്രിയായ വിക്രമാദിത്യ കാവി ഷാള്‍ പുതച്ച് പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി.
കഴിഞ്ഞ മാര്‍ച്ചില്‍ സുഖ്‌വീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിച്ചപ്പോള്‍ അതിന് വിക്രമാദിത്യ സിംഗിന്റെ പരോക്ഷ പിന്തുണയുണ്ടായിരുന്നു. മാര്‍ച്ചില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അറുപതംഗ നിയമസഭയില്‍ 40 എം എല്‍ എമാരുള്ള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്ക് ജയിക്കാനായില്ല. മുതിര്‍ന്ന നേതാവ് അഭിഷേക് സിംഗ്‌വിയായിരുന്നു കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി. എന്നാല്‍ ഏതാനും കോണ്‍ഗ്രസ്സ് എം എല്‍ എമാര്‍ കൂറുമാറി ബി ജെ പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതിനെ തുടര്‍ന്ന് വിജയം ഉറപ്പിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പരാജയപ്പെടുകയായിരുന്നു. കൂറുമാറി വോട്ട് ചെയ്ത എം എല്‍ എമാരെ പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ്സ് പുറത്താക്കി. ഇവര്‍ കുളുവിലെ ഒരു റിസോര്‍ട്ടില്‍ കേന്ദ്രീകരിച്ച് ബി ജെ പിയുടെ ആശീര്‍വാദത്തോടെ കോണ്‍ഗ്രസ്സ് ഭരണത്തെ അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കിക്കൊണ്ടിരിക്കെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വിക്രമാദിത്യ സിംഗ് രാജിപ്രഖ്യാപനം നടത്തുകയും പാര്‍ട്ടി പുറത്താക്കിയ എം എല്‍ എമാരെ റിസോര്‍ട്ടില്‍ ചെന്ന് കാണുകയും ചെയ്തു. പി സി സി അധ്യക്ഷയും മാതാവുമായ പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു ലക്ഷ്യം. പ്രതിഭാ സിംഗും വിക്രമാദിത്യ സിംഗും ആറ് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിംഗിന്റെ ഭാര്യയും മകനുമാണ്. വിക്രമാദിത്യ സിംഗിന്റെ ബി ജെ പി ബന്ധത്തിനെതിരെ കോണ്‍ഗ്രസ്സ് കണ്ണടക്കുന്നത് ഇതുകൊണ്ടാണ്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ് ജനകീയനായ നേതാവായിരുന്നു. അദ്ദേഹത്തെ ആരാധിക്കുന്ന വലിയൊരു വിഭാഗം സംസ്ഥാനത്തുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എം എല്‍ എമാര്‍ക്ക് സ്പീക്കര്‍ അയോഗ്യത പ്രഖ്യാപിച്ചതോടെ ഓപറേഷന്‍ താമര എന്ന ബി ജെ പിയുടെ സ്വപ്‌നം വിഫലമായി.
ഭക്ഷണ വില്‍പ്പന സ്ഥാപനങ്ങളില്‍ ഉടമസ്ഥരുടെയും ജീവനക്കാരുടെയും പേരും വിലാസവും എഴുതി വെക്കണ മെന്ന മന്ത്രി വിക്രമാദിത്യ സിംഗിന്റെ ഉത്തരവിനെതിരെ സംസ്ഥാനത്തിന് പുറത്തുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തു വരികയുണ്ടായി. ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ ടി എസ് സിംഗര്‍ ദേവ്, കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്‍ നേതാവ് ഇംറാന്‍ പ്രതാപ്കര്‍, ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് എം പി താരിഖ് അഹമദ് തുടങ്ങിയവര്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയുണ്ടായി. തുടര്‍ന്ന് എ ഐ സി സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹിമാചല്‍ മന്ത്രി വിക്രമാദിത്യ സിംഗിനോട് വിശദീകരണം തേടി. ഇതേത്തുടര്‍ന്ന് ഹിമാചല്‍ സര്‍ക്കാര്‍ ഒരു വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.
ഉടമസ്ഥരുടെയും ജീവനക്കാരുടെയും പേരോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഭക്ഷ്യ വില്‍പ്പന സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല എന്നും വഴിയോരക്കച്ചവടക്കാരെ കുറിച്ച് ചില പരാതി ലഭിച്ചതിനാല്‍ അതേക്കുറിച്ച് പഠിക്കാന്‍ മന്ത്രിമാരടങ്ങിയ സമിതി രൂപവത്കരിക്കുകയാണ് ചെയ്തതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ മന്ത്രി വിക്രമാദിത്യ സിംഗ് തന്റെ തീരുമാനത്തെ ന്യായീകരിക്കുകയാണ്.
സംസ്ഥാനത്ത് കുടിയേറ്റ വ്യാപാരികള്‍ കൂടിവരികയാണെന്ന പരാതിയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതെന്നും ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുണ്ടെന്നുമായിരുന്നു മന്ത്രിയുടെ ന്യായീകരണം.
സര്‍ക്കാര്‍ വിശദീകരണം പുറത്തുവന്നെങ്കിലും ഹിന്ദുത്വവാദികള്‍ പിന്നോട്ടില്ല. വ്യാപാര ലൈസന്‍സ് പ്രാദേശിക വ്യാപാരികളായ ഹിന്ദുക്കള്‍ക്കായി പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഷിംലയില്‍ റാലി നടന്നു. മണാലി, കുളു, ഷിംല, ധര്‍മശാല തുടങ്ങി പതിനെട്ടോളം പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹിമാചല്‍ പ്രദേശില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ കച്ചവടം നടത്തരുത് എന്ന് പറയുന്നത് അപ്രായോഗികമാണ്.
വ്യത്യസ്ത സമുദായങ്ങളിലും പ്രദേശങ്ങളിലുമുള്ളവര്‍ ഒരുമിച്ചു ജീവിക്കുകയും സാഹോദര്യ മനസ്സോടെ വ്യാപാരങ്ങള്‍ നടത്തുകയും ചെയ്യുന്ന പ്രദേശമാണ് ഷിംല. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും രാജ്യത്തെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും വ്യാപാരം നടത്താനും സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. ടൂറിസം പ്രധാന വരുമാനമായി കാണുന്ന സംസ്ഥാനത്ത് പുറത്ത് നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ ടൂറിസം വ്യവസായത്തെ സാരമായി ബാധിക്കും.

---- facebook comment plugin here -----

Latest