Business
സെന്‍സെക്സ് 874 പോയന്റ് നേട്ടത്തോടെ ക്ലോസ് ചെയ്തു
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 2,787.10 നിലവാരത്തിലേക്കു കുതിച്ചു.
മുംബൈ| ഓഹരി വിപണി ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും ആഭ്യന്തര നിക്ഷേപകരുടെ ആത്മവിശ്വാസവുമാണ് സൂചികകളെ നേട്ടത്തിലെത്തിച്ചത്. സെന്‍സെക്സ് 874.18 പോയന്റ് ഉയര്‍ന്ന് 57,911.68ലും നിഫ്റ്റി 256.10 പോയന്റ് നേട്ടത്തില്‍ 17,392.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 2,787.10 നിലവാരത്തിലേക്കു കുതിച്ചു. ഇതോടെ വിപണിമൂല്യം 19 ലക്ഷം കോടി കടന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഇത്രയധികം വിപണി മൂല്യം നേടുന്നത്.
വ്യാഴാഴ്ചത്തെ സെഷനില്‍ മൈനിംഗ് ഓഹരികള്‍ ഉയര്‍ന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
ലെക്സസ് ഗ്രാനിറ്റോ, പൊകര്‍ണ, കോള്‍ ഇന്ത്യ, 20 മൈക്രോണ്‍, ആശാപുര മൈന്‍ചെം, ആരോ ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസ്, കെ.ഐ.ഒ.സി.എല്‍, ഗുജറാത്ത് മിനറല്‍ ഡിവിപിടി കോര്‍പ്പറേഷന്‍, ഒറീസ മിനറല്‍സ് ഡെവലപ്മെന്റ് കമ്പനി, മാധവ് മാര്‍ബിള്‍സ് ആന്‍ഡ് ഗ്രാനൈറ്റ്സ് എന്നിവ മികച്ച നേട്ടമുണ്ടാക്കി.
ഫാര്‍മ, ഓട്ടോ, ഐടി, പവര്‍, റിയാല്‍റ്റി, ബേങ്ക് ക്യാപിറ്റല്‍ ഗുഡ്സ് ഉള്‍പ്പടെ എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി.
ഐഷര്‍ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. സിപ്ല, ഹിന്‍ഡാല്‍കോ, ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.