Connect with us

ration shop

സെർവർ തകരാർ തുടരുന്നു; റേഷൻ കടകൾ ഇന്നും അടച്ചിടും

ഈ മാസത്തെ റേഷൻ വിഹിതം അടുത്ത മാസം അഞ്ച് വരെ വിതരണം ചെയ്യാൻ വ്യാപാരികൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Published

|

Last Updated

മട്ടാഞ്ചേരി | ഇ പോസ് മെഷീൻ സംവിധാനത്തിലെ സെർവർ തകരാർ കാരണം റേഷൻ വിതരണം ഇന്നും മുടങ്ങും. സെർവർ തകരാറിനെ തുടർന്ന് ഇന്നലെ റേഷൻ കടകൾ അടച്ചിട്ടിരുന്നു. റേഷൻ മേഖലയിലെ സംഘടനകളുമായി ഭക്ഷ്യ മന്ത്രി നടത്തിയ ഓൺലൈൻ യോഗത്തിലാണ് രണ്ട് ദിവസം കൂടി അടച്ചിടാൻ തീരുമാനമായത്. ഹൈദരാബാദിലെ സെർവറുമായി ബന്ധപ്പെട്ട ഡാറ്റാ മൈഗ്രേഷൻ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് പ്രശ്‌നം ഉടലെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ രണ്ട് ദിവസം കൂടി വേണ്ടിവരും. നാളെയും റേഷൻ കടകൾ പ്രവർത്തിക്കില്ല.

പ്രശ്‌നം പരിഹരിച്ചാലും ഈ മാസം 29, 30, മെയ് രണ്ട് തീയതികളിൽ റേഷൻ വിതരണം ഏഴ് ജില്ലകൾ വീതം ക്രമീകരിക്കും. ഇതുപ്രകാരം മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് ഏഴ് വരെയും ആയിരിക്കും റേഷൻ വിതരണം.

ഈ മാസത്തെ റേഷൻ വിഹിതം അടുത്ത മാസം അഞ്ച് വരെ വിതരണം ചെയ്യാൻ വ്യാപാരികൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മാസം ആറ് മുതലാണ് മെയിലെ റേഷൻ വിതരണം ആരംഭിക്കുക. ഇ പോസ് മെഷീൻ തുടർച്ചയായി തകരാറിലായതോടെ കാർഡ് ഉടമകളും വ്യാപാരികളും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇന്നലെ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ടത്.

റേഷൻ കടയുടമാ സംഘടനകളുടെ സംയുക്ത ഫെഡറേഷനാണ് അടച്ചുപൂട്ടൽ സമരാഹ്വാനം നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെടുകയാണ് . വിഷു, റമസാൻ, ഈസ്റ്റർ ആഘോഷ ദിനങ്ങൾ പിന്നിട്ടിട്ടും ഇതിനകം 40 ശതമാനത്തിൽ താഴെ മാത്രമേ ഭക്ഷ്യധാന്യ വിതരണം നടന്നിട്ടുള്ളൂവെന്നാണ് അധികൃതർ പറയുന്നത്.

---- facebook comment plugin here -----

Latest