Editors Pick
തുരങ്ക ദൗത്യം വിജയിച്ചതിൽ നിർണായകമായത് റാറ്റ് ഹോൾ തൊഴിലാളികളുടെ സേവനം
കൽക്കരി ഖനികളിൽ സേവനം ചെയ്യുന്നവരാണ് റാറ്റ്ഹോൾ തൊഴിലാളികൾ. പേര് സൂചിപ്പിക്കുന്ന പ്രകാരം എലികളെ പോലെ മല തുരന്ന് കുഴിയുണ്ടാക്കുകയാണ് ഇവരുടെ ദൗത്യം.
ഉത്തരകാശി | സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാൻ നടത്തിയ 17 ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിൽ നിർണായകമായത് റാറ്റ് ഹോൾ തൊഴിലാളികളുടെ സേവനം. അമേരിക്കൻ നിർമിത അത്യാധുനിക ഓഗർ മെഷീൻ ഉൾപ്പെടെയുള്ള യന്ത്രസംവിധാനങ്ങൾ പാതിവഴിയിൽ പരാജയപ്പെട്ടപ്പോളാണ് മാന്വൽ ഡ്രില്ലിംഗ് നടത്തി രക്ഷാദൗത്യം തുടരാൻ അധികൃതർ തീരുമാനമെടുത്തത്. തുടർന്ന് മാന്വൽ ഡ്രില്ലിംഗിൽ വിദഗ്ധരായ റാറ്റ്ഹോൾ തൊഴിലാളികളെ ഈ ദൗത്യം ഏൽപ്പിക്കുകയായിരുന്നു.
കൽക്കരി ഖനികളിൽ സേവനം ചെയ്യുന്നവരാണ് റാറ്റ്ഹോൾ തൊഴിലാളികൾ. പേര് സൂചിപ്പിക്കുന്ന പ്രകാരം എലികളെ പോലെ മല തുരന്ന് കുഴിയുണ്ടാക്കുകയാണ് ഇവരുടെ ദൗത്യം. 4 അടിയിൽ കൂടുതൽ വീതിയില്ലാത്ത വളരെ ചെറിയ കുഴികൾ കുഴിച്ച് കൽക്കരി വേർതിരിച്ചെടുക്കുന്ന ഒരു രീതിയാണ് റാറ്റ്-ഹോൾ ഖനനം. മലയുടെ വശത്തുനിന്നും കനം കുറഞ്ഞ കുഴിയുണ്ടാക്കി ശേഷം ചെറിയ ഹാൻഡ് ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് സാവധാനം തുരന്ന് അവശിഷ്ടങ്ങൾ കൈകൊണ്ട് പുറത്തെടുക്കുകയാണ് ഇവർ ചെയ്യുന്നത്.
സിൽക്യാരയിൽ 800 എംഎം പൈപ്പിൽ പ്രവേശിച്ചാണ് റാറ്റ്ഹോൾ തൊഴിലാളികൾ ഡ്രില്ലിംഗ് നടത്തിയത്. അവർ ഓരോരുത്തരായി പൈപ്പിനുള്ളിലേക്ക് പോകും, എന്നിട്ട് കൈകൾ ഉപയോഗിച്ച് ഒരു ചെറിയ ചട്ടുകം കൊണ്ട് കുഴിയെടുക്കും. കുഴിയെടുക്കുമ്പോൾ ലഭിക്കുന്ന അവശിഷ്ടങ്ങൾ ട്രോളിയിൽ പുറത്തെത്തിക്കും. ഏകദേശം 2.5 ക്വിന്റൽ അവശിഷ്ടങ്ങൾ ഒരു സമയം ട്രോളിയിൽ പുറത്തേക്ക് കൊണ്ടുവരും.
പൈപ്പിനുള്ളിൽ, എല്ലാവർക്കും സംരക്ഷണത്തിനായി ഓക്സിജൻ മാസ്കും കണ്ണുകളെ സംരക്ഷിക്കാൻ പ്രത്യേക ഗ്ലാസുകളും വായുവിനുള്ള ബ്ലോവറും ഉണ്ടാകും. ഒരാൾ അൽപം കുഴിയെടുത്ത ശേഷം പിന്മാറും. പിന്നീട് മറ്റൊരാൾ പൈപ്പിനുള്ളിൽ പ്രവേശിച്ച് കുഴിയെടുക്കുന്നത് തുടരും.
കൽക്കരി ഖനനത്തിൽ റാറ്റ് ഹോൾ മൈനിംഗ് എന്ന് വിളിക്കപ്പെടുന്ന ഒരു പ്രക്രിയ സാധാരണയായി ഉപയോഗിക്കുന്നു. ജാർഖണ്ഡ്, ഛത്തീസ്ഗഡ്, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ റാറ്റ് ഹോൾ ഖനനം വ്യാപകമാണ്. എന്നാൽ അശാസ്ത്രീയമായതിനാൽ ദേശീയ ഹരിത ട്രൈബ്യൂണൽ 2014-ൽ റാറ്റ് ഹോൾ ഖനനം നിരോധിച്ചിട്ടുണ്ട്. എങ്കിലും ഖനികളിൽ വ്യാപകമായ രീതിയിലാണ് ഇത് തുടരുന്നുണ്ട്.