Connect with us

National

ഒരു കൈയിൽ ഭാര്യയുടെ അറുത്തുമാറ്റിയ തല; മറു കൈയിൽ കത്തി; തെരുവിൽ കറങ്ങി ഭീതി സൃഷ്ടിച്ച യുവാവ് പിടിയിൽ

ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാൾ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ്

Published

|

Last Updated

ഭാര്യയുടെ അറുത്തുമാറ്റിയ തലയുമായി ഉത്തർപ്രദേശിൽ റോഡിലൂടെ നീങ്ങുന്ന യുവാവ്. ഭാര്യയുടെ അറുത്തുമാറ്റിയ തലയുമായി പശ്ചിമബംഗാളിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന യുവാവ് (വലത്ത്)

ലഖ്‌നൗ | ഒരു കൈയിൽ ഭാര്യയുടെ അറുത്തുമാറ്റിയ തലയും മറുകൈയിൽ കത്തിയുമായി പൊതുസ്ഥലത്ത് കറങ്ങിനടന്നയാൾ പിടിയിൽ. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. അനിൽ എന്നയാളാണ് ക്രൂരകൃത്യം ചെയ്ത ശേഷം അറുത്തുമാറ്റിയ തലയുമായി റോഡിലിറങ്ങിയത്. വഴിയാത്രക്കാർ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എട്ട് വർഷം മുമ്പായിരുന്നു ഇയാളുടെ വിവാഹം. ഇപ്പോൾ ഇരുവരും പിരിഞ്ഞാണ് കഴിയുന്നത്. ഇതിനിടെ, ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാൾ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്.

ബുധനാഴ്ച സമാനമായ സംഭവം പശ്ചിമബംഗാളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. 40 വയസ്സുള്ള ഒരാൾ തൻ്റെ ഭാര്യയുടെ അറുത്ത തലയുമായി ഒരു ബസ് സ്റ്റോപ്പിന് സമീപം ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുടുംബ പ്രശ്‌നങ്ങളുടെ പേരിൽ ഗൗതം ഗുചൈത് എന്നയാളാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലായിരുന്നു സംഭവം.

ഒരു കൈയിൽ തലയും മറ്റൊരു കയ്യിൽ അരിവാളുമായി നിൽക്കുന്ന ഇയാളുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നു. ഒരു മണിക്കൂറിന് ശേഷം പോലീസ് എത്തി ഇയാളെ പിടികൂടി.

2021ൽ കൊൽക്കത്തയിലെ അലിപൂർ മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ ഇയാൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കുടുംബം പറയുന്നു.

Latest