Connect with us

Articles

‘ഹിന്ദുത്വ ആത്മീയത'യുടെ കുടില ഭാവങ്ങള്‍

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വ ആത്മീയ നേതാക്കള്‍ മുസ്‌ലിം സ്ത്രീകളെ ബലാത്കാരം ചെയ്യാനും ക്ഷേത്ര പരിസരങ്ങളില്‍ നിന്ന് മുസ്‌ലിം വ്യാപാരികളെ നിഷ്‌കാസനം ചെയ്യാനും വംശഹത്യകള്‍ക്കും നിരന്തരം പ്രസ്താവനകളിറക്കുന്നു. മുസ്‌ലിം മുക്ത ഭാരതം എന്ന ആശയം പ്രയോഗത്തില്‍ വരുത്തുന്നതിന് ആവശ്യമായ ഭീകര ആശയങ്ങളാണ് പല പേരുകളില്‍ ആത്മീയ നേതാക്കള്‍ എന്ന് അറിയപ്പെടുന്നവരിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Published

|

Last Updated

2021 ഡിസംബര്‍ 17, 18, 19 തീയതികളിലാണ് ഹരിദ്വാറില്‍ ഹിന്ദു ധര്‍മ സംസ്‌കൃതി എന്ന പേരില്‍ ഹിന്ദുമത പാര്‍ലിമെന്റ് ചേരുന്നത്. ആ സമ്മേളനത്തില്‍ വെച്ചാണ് യതി നരസിംഹാനന്ദ സരസ്വതി എന്ന ഹിന്ദു ആത്മീയ നേതാവ് പരസ്യമായി മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുന്നത്. അതിന് മുമ്പ് പ്രത്യക്ഷമായും പരോക്ഷമായും കലാപത്തിനും വംശഹത്യക്കുമുള്ള ആഹ്വാനങ്ങള്‍ ഇന്ത്യയില്‍ നിരന്തരമായി ഉണ്ടായിരുന്നു. 60 ലക്ഷം നല്‍കിയാല്‍ കലാപങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കപ്പെടും എന്ന കുപ്രസിദ്ധമായ പ്രസ്താവന സംഘ്പരിവാര്‍ നേതാവ് പ്രമോദ് മുത്തലികിന്റേതാണ്. ഫാസിസ്റ്റ് ആശയങ്ങള്‍ പങ്കുവെക്കുന്ന ഒരു ക്രിമിനല്‍ നടത്തിയ കൊലവിളിയായിരുന്നു അത്. സമാനമായ നിരവധി കൊലവിളികള്‍ വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. 2014ന് ശേഷം കൊലവിളികള്‍ നടത്തുന്നവര്‍ക്ക് പരോക്ഷമായ ഭരണകൂട പിന്തുണയും ലഭിച്ചിട്ടുണ്ട്. കൊലവിളി നടത്തുന്നവരുടെ കൈകളില്‍ വിലങ്ങ് വീഴണം, അതാണ് ജനാധിപത്യത്തിന്റെ കരുത്ത്. അതിന് പകരം 2014ന് ശേഷം ഇന്ത്യയില്‍ കൊലവിളികള്‍ക്കും കൊള്ളരുതായ്മകള്‍ക്കും പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് കണ്ടുവരുന്നത്.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെയാണ് റാം റഹീം മിത്ര മണ്ഡല്‍ എന്ന ഇന്ത്യന്‍ മതനിരപേക്ഷതയുടെ മഹത്തായ സ്മരണകളിരമ്പുന്ന ഒരു സ്മാരകത്തിന്റെ സമീപത്ത് വെച്ച് ഒരു മുസ്ലിം ഐ ടി പ്രതിഭ അടിച്ചുകൊലചെയ്യപ്പെടുന്നത്. ഈ ക്രൂര ദൃശ്യങ്ങളാകെ വീഡിയോയില്‍ പകര്‍ത്തി പിന്നീട് വ്യാപകമായി ആഘോഷിക്കപ്പെടുകയും ചെയ്തു. 2014ന് മുമ്പ് നടന്ന സംഘര്‍ഷങ്ങളൊക്കെ പൊതുവില്‍ ആ സംഘര്‍ഷങ്ങളോടെ അവസാനിപ്പിക്കപ്പെട്ടു. അതേസമയം, 2014ന് ശേഷമുള്ള പൊതു പ്രവണത, കൊലവിളി നടത്തുന്നവര്‍ തന്നെ കൊലവിളി വീഡിയോകള്‍ പകര്‍ത്തി സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നതാണ്. ഒരു പ്രദേശത്ത് കലാപമുണ്ടാകുമ്പോള്‍ അതില്ലാതാക്കാന്‍ ശ്രമിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. അതിന് പകരം കലാപത്തെ വ്യത്യസ്ത രീതികളില്‍ ആഘോഷിക്കുന്ന പ്രവണത കലാപത്തേക്കാള്‍ അപകടകരമാണ്. എന്നാല്‍ അതിനേക്കാള്‍ ഭീകരമാണ് 2021 ഡിസംബറില്‍ നടന്ന ധര്‍മ സംസ്‌കൃതി സമ്മേളനത്തിലെ ആഹ്വാനങ്ങള്‍. 1893ല്‍ ചിക്കാഗോയില്‍ നടന്ന ലോകമത സമ്മേളനത്തില്‍ ഹിന്ദു ആത്മീയ നേതാവായ വിവേകാനന്ദന്‍ നടത്തിയ പ്രസംഗത്തിലും 1924ല്‍ ആലുവയില്‍ ശ്രീനാരായണ ഗുരു നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിലും മനുഷ്യത്വത്തിന് കാവലാകുക എന്നതല്ലാതെ മനുഷ്യത്വത്തെ ക്രൂശിക്കണം എന്ന് അര്‍ഥം വരുന്ന ഒരു വാക്ക് പോലും ഉച്ചരിക്കപ്പെട്ടിട്ടില്ല. മതസമ്മേളനങ്ങള്‍ പൊതുവില്‍ സമാധാനം, സൗഹൃദം എന്ന ആശയമാണ് മുന്നോട്ടുവെക്കാറുള്ളത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഹരിദ്വാറിലെ മതസമ്മേളനം മാറിയെന്നത് മനുഷ്യത്വത്തിനും മാനവികതക്കും ഇന്ത്യന്‍ മതേതരത്വത്തിനും മാനഹാനി ഉണ്ടാക്കി. കൊലവിളി പ്രസംഗം നടത്തിയത് ആത്മീയ ആചാര്യനെന്ന് അവര്‍ വിശേഷിപ്പിക്കുന്ന നരസിംഹാനന്ദ സരസ്വതിയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഒരു ആത്മീയ നേതാവും നടത്താന്‍ സാധ്യതയില്ലാത്ത കൊലവിളികളാണ് അദ്ദേഹം നടത്തിയത്. മുസ്ലിംകളെ റോഹിംഗ്യന്‍ മോഡല്‍ കൂട്ടക്കൊല നടത്തുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം നല്‍കും, യുവാക്കള്‍ മുന്നോട്ടുവരണം, ശ്രീലങ്കയില്‍ പുലി പ്രഭാകരനെ മാതൃകയാക്കി ഹിന്ദു പ്രഭാകര്‍ മാതൃകയിലേക്ക് ഹിന്ദു യുവാക്കള്‍ ഉണരണം. അവര്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നായിരുന്നു പ്രസംഗത്തിന്റെ ചുരുക്കം. ഇത്തരമൊരു ആത്മീയ വേദിയില്‍ നിന്ന് എല്ലാതരം ആത്മീയതയെയും മനുഷ്യത്വത്തെയും ലജ്ജിപ്പിക്കുന്ന പ്രസ്താവന നടത്തിയ അദ്ദേഹത്തെയും അത് നിഷ്‌ക്രിയമായി കേട്ടുനിന്നവരെയും ഏത് മത തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണക്കേണ്ടത്.

ഹരിദ്വാര്‍ പുണ്യ നഗരിയായാണ് പതിനായിരങ്ങള്‍ വിശ്വസിക്കുന്നത്. ആ നഗരിക്ക് പോലും കളങ്കമായി മാറിയ ഈ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാല്‍ ജാമ്യം കിട്ടി പുറത്തുവന്നപ്പോള്‍ ഇന്ത്യയുടെ തലസ്ഥാന നഗരിയിലെത്തിയ നരസിംഹാനന്ദ സരസ്വതി നേരത്തേ നടത്തിയ കലാപാഹ്വാനങ്ങളേക്കാള്‍ മാരാകമായ രീതിയിലാണ് സംസാരിച്ചത്. ഇത് എന്തിന്റെ അടയാളമാണ്. ഭരണകൂടത്തിന്റെ നിര്‍ലോഭമായ പിന്തുണയില്ലാതെ ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം പ്രഭാഷണങ്ങള്‍ നിര്‍വഹിക്കപ്പെടുമോ? ഇതൊരു സരസ്വതിയുടെ മാത്രം പ്രഭാഷണമാണെന്ന് കരുതി സമാധാനിക്കാന്‍ സാധിക്കില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വ ആത്മീയ നേതാക്കള്‍ മുസ്ലിം സ്ത്രീകളെ ബലാത്കാരം ചെയ്യാനും ഹിന്ദു ക്ഷേത്ര പരിസരങ്ങളില്‍ നിന്ന് മുസ്ലിം വ്യാപാരികളെ നിഷ്‌കാസനം ചെയ്യാനും നിരന്തരം പ്രസ്താവനകളിറക്കുന്നു. അതായത് മുസ്ലിം മുക്ത ഭാരതം എന്ന ആശയം പ്രയോഗത്തില്‍ വരുത്തുന്നതിന് ആവശ്യമായ ഭീകര ആശയങ്ങളാണ് പല പേരുകളില്‍ ആത്മീയ നേതാക്കള്‍ എന്ന് അറിയപ്പെടുന്നവരിലൂടെ ഒരു ഭാഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മറുഭാഗത്ത് ശാസ്ത്ര സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്ത് മുസ്ലിം സ്ത്രീകളെ ലേലത്തിന് വേക്കുന്ന ആപ്പുകള്‍ ഉന്നത വിദ്യാഭ്യാസമുണ്ടെന്ന് കരുതപ്പെടുന്ന യുവാക്കളില്‍ നിന്ന് പുറത്തുവരുന്നു. അതോടൊപ്പം ഇന്ത്യയിലെ പല ഭാഗങ്ങളില്‍ വാങ്ക് വിളിക്കെതിരെയും മുസ്ലിം വിശ്വാസ ആചാരങ്ങള്‍ക്കെതിരെയും ഒരു തരത്തിലുമുള്ള ജനാധിപത്യ പിന്തുണയും കൂടാതെ എതിര്‍പ്പുകള്‍ സൃഷ്ടിക്കപ്പെടുന്നു. കേരളത്തില്‍ പോലും, പള്ളികളില്‍ നിന്ന് വാങ്ക് വിളിയുയരില്ല എന്ന രീതിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിക്കപ്പെട്ടു. കര്‍ണാടകയില്‍ ഹിജാബ് കൂട്ട സംഘര്‍ഷത്തിലേക്ക് വഴിയൊരുക്കാനുള്ള ഉപകരണമായി പരിവര്‍ത്തിപ്പിക്കാന്‍ ശ്രമം നടന്നു. പൊതുവില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ വിധ്വംസകമായ ആശയങ്ങളുടെ താഴേത്തട്ടിലേക്കുള്ള വിതരണമാണ് പല സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്.

2002ലെ ഗുജറാത്ത് വംശഹത്യക്ക് മുമ്പ് ഗുജറാത്തിന്റെ പല ഭാഗങ്ങളിലും ഹിന്ദു രാഷ്ട്രത്തിലേക്ക് സ്വാഗതം എന്ന വലിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതുപോലെ വംശഹത്യക്ക് മുമ്പ് ഗുജറാത്തിലെ പാഠപുസ്തകങ്ങളില്‍ പലവിധത്തിലുള്ള തിരുത്തലുകള്‍ വരുത്തിയതായും വംശഹത്യയെ കുറിച്ചുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതായത് ഒരു വംശഹത്യയും കലാപവും പെട്ടെന്നുള്ള വൈകാരിക ക്ഷോഭത്തിന്റെ ഫലമായുണ്ടാകുന്നതല്ല. അതിന് പിറകില്‍ കൃത്യമായ ആശയ പ്രചാരണത്തിന്റെയും ആശയങ്ങളെ തന്നെ പ്രയോഗമാക്കിത്തീര്‍ക്കുന്ന നിരന്തര പ്രവര്‍ത്തനത്തിന്റെയും ഒരു ചരിത്രമുണ്ടാകും.

2019ന് ശേഷം ചെറുതും വലുതുമായ വിദ്വേഷ പ്രചാരണങ്ങള്‍ വലിയ അപകടത്തിലേക്കാണ് ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് വൈറസിനെ ജാഗ്രത കൊണ്ടും മരുന്ന് കൊണ്ടും ഒരു പരിധിവരെ നാം അതിജീവിച്ചു. എന്നാല്‍ കൊവിഡ് വൈറസിനെ നിഷ്പ്രഭമാക്കും വിധം ജനാധിപത്യ മതനിരപേക്ഷ പ്രതിരോധ വൈറസുകളെ മുഴുവന്‍ പരിഹസിക്കും വിധത്തില്‍ വെറുപ്പിന്റെ ഫാസിസ്റ്റ് വൈറസുകള്‍ നമ്മുടെ ജീവിതത്തെ വേട്ടയാടിപ്പിടിക്കാനുള്ള ഓട്ടത്തിലാണ്. പരിസ്ഥിതി സംബന്ധിച്ച പുസ്തകങ്ങളില്‍, കൊടുങ്കാറ്റ് വന്നാല്‍ ഭൂമിയുടെ മേല്‍മണ്ണ് പറന്നുപോകാന്‍ ഒരു മണിക്കൂര്‍ മതിയെന്നും എന്നാല്‍ അത്രയും മണ്ണ് പുനഃസൃഷ്ടിക്കാന്‍ മൂവായിരം വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും വായിച്ചതോര്‍മയുണ്ട്. അതനുസരിച്ച്, എത്രയോ സഹസ്രാബ്്ദങ്ങളിലെ ഒന്നിച്ചുള്ള ജീവിതത്തിലൂടെ ഇന്ത്യന്‍ മനുഷ്യരില്‍ രൂപപ്പെട്ട സൗഹൃദം ഇത്തരം വിദ്വേഷ പ്രചാരണങ്ങളില്‍ പറന്നുപോയാല്‍ തിരിച്ചെടുക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. അതുകൊണ്ട് നമ്മുടെ മുന്നിലുള്ള ഉത്തരവാദിത്വം, ഈ വിദ്വേഷ പ്രചാരണങ്ങള്‍ തുടര്‍ന്നുകൊള്ളട്ടെ എന്ന് വിചാരിക്കുകയല്ല. മറിച്ച് ഈ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ മനുഷ്യത്വത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുള്ള മുഴുവന്‍ മനുഷ്യരെയും ഒരുമിച്ചു നിര്‍ത്തി പ്രതിരോധം സൃഷ്ടിക്കണം. അത്തരം പ്രതിരോധ നിരകളില്‍ മനുഷ്യത്വമുള്ളവരെ മുഴുവന്‍ ഐക്യപ്പെടുത്താന്‍ സാധിക്കുന്ന ഒരു മാര്‍ഗമാണ് മതനിരപേക്ഷത. അതുകൊണ്ട് നവ ഫാസിസ്റ്റ് കൊലവിളികള്‍ക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രതിരോധങ്ങള്‍ വികേന്ദ്രീകൃതമായും കേന്ദ്രീകൃതമായും രൂപപ്പെട്ടുവരേണ്ടതുണ്ട്.

സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണങ്ങള്‍ മുസ്ലിംകള്‍ക്കെതിരെ മാത്രമാണെന്ന വാദത്തിന് നേതൃത്വം കൊടുക്കുന്നത് മുസ്ലിംകള്‍ക്കെതിരെ വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന സംഘ്പരിവാര്‍ തന്നെയാണ്. സത്യത്തില്‍ വിദ്വേഷ പ്രചാരണങ്ങളും തുടര്‍ന്നുണ്ടാകുന്ന കലാപങ്ങളും ജനാധിപത്യത്തിനും മതനിരപേക്ഷതക്കും സകലമാന ഇന്ത്യന്‍ മൂല്യങ്ങള്‍ക്കും എതിരായ ഒന്നാണ്. കാരണം ഒരു പ്രദേശത്ത് കാട്ടുതീയുണ്ടായാല്‍, മനുഷ്യര്‍ മാത്രമല്ല പുല്‍ക്കൊടി ഉള്‍പ്പെടെയുള്ള ജീവജാലങ്ങളാകെ കത്തിച്ചാമ്പലാകും. അതുപോലെ തന്നെ ഒരു പ്രദേശത്ത് വംശഹത്യയും കലാപവും സൃഷ്ടിക്കപ്പെട്ടാല്‍ അത് ഉണ്ടാക്കിയവരും അതിന് ഇരകളായവരും ഒരുപോലെ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും. മനുഷ്യര്‍ എന്നും ജീവിക്കുമെന്ന് ഒരു ഉറപ്പുമില്ല. ഏത് നിമിഷവും ഇല്ലാതായിപ്പോകുന്നവരാണ് അവര്‍. എന്നാല്‍ മനുഷ്യ സമൂഹത്തില്‍ അനിവാര്യമായിട്ടുള്ള സ്നേഹവും പരസ്പര ബഹുമാനവും എന്നും നിലനില്‍ക്കേണ്ടതാണ്. അതുകൊണ്ട് സംഘ്പരിവാര്‍ പ്രചരിപ്പിക്കും പോലെ ഇത്തരം വംശഹത്യാഹ്വാനങ്ങള്‍, ബലാത്കാര ആഹ്വാനങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രം എതിരായതിനാല്‍ ഞങ്ങളെയത് ബാധിക്കുകയില്ലല്ലോ എന്ന് ആശ്വസിക്കുന്ന നിഷ്‌കളങ്കരായ മനുഷ്യര്‍ തിരിച്ചറിയേണ്ടത്, ഒരിക്കല്‍ ചോര രുചിച്ച ഭീകരര്‍ പിന്നീട് ഒരിക്കലും അതിന്റെ രുചി മറക്കുകയില്ല എന്ന പഴയൊരു തത്വമാണ്. ഒരു വംശഹത്യയുടെയും കലാപത്തിന്റെയും മുമ്പുള്ള ജീവിതവും ശേഷമുള്ള ജീവിതവും ഒന്നായിരിക്കില്ലെന്ന് മനസ്സിലാക്കാനുള്ള പ്രാഥമിക വിവേകമെങ്കിലും എല്ലാവര്‍ക്കും ഉണ്ടായിരിക്കണം

 

http://www.kenblogonline.wordpress.com/

---- facebook comment plugin here -----

Latest