Connect with us

International

ഗസ്സയില്‍ സ്ഥിതി അതിരൂക്ഷം: ഉള്‍പ്രദേശങ്ങളിലേക്കും കടന്നുകയറി ഇസ്‌റാഈല്‍ സൈന്യം

2023 ഒക്ടോബര്‍ ഏഴ് മുതൽ കൊല്ലപ്പെട്ടത് 49,617 ഫലസ്തീനികള്‍; കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ പതിനായിരങ്ങളെ കാണാതായി

Published

|

Last Updated

ഗസ്സ സിറ്റി | ചൊവ്വാഴ്ച പുലര്‍ച്ചെ പുനരാരംഭിച്ച ഗസ്സക്കെതിരായ ഇസ്‌റാഈലിന്റെ സൈനിക നീക്കം അതിക്രൂരമായി തുടരുന്നു. ആക്രമണം ഇസ്‌റാഈല്‍ കടുപ്പിച്ചിരിക്കുകയാണ്. മറുപടിയായി ഹമാസ് റോക്കറ്റുകള്‍ തൊടുത്തതോടെ വീണ്ടും യുദ്ധഭീതിയിലാണ് ഗസ്സ.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തിലും കരയാക്രമണത്തിലുമായി മൂന്ന് ദിവസത്തിനിടെ 600 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം നൂറിലേറെ പേരെ കൊലപ്പെടുത്തി. ബോംബ് ആക്രമണങ്ങളില്‍ പലര്‍ക്കും ഗുരുതരമായി പരുക്കേറ്റതിനാല്‍ മരണ സംഖ്യ ഇനിയും കൂടിയേക്കും. പലയിടത്തും ആക്രമണങ്ങളില്‍ നിലം പൊത്തിയ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഗസ്സയില്‍ അങ്ങിങ്ങായി അധിനിവേശ സേന ആക്രമണം തുടരുകയാണ്. ഹമാസിനെതിരായ നീക്കമെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നതെങ്കിലും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെടുന്നവരിലേറെയും.

തെക്കന്‍ ഗസ്സയിലെ റഫയില്‍ കരസേന ആക്രമണം ആരംഭിച്ചതായും മധ്യ പ്രദേശങ്ങള്‍ക്കും ബൈത്ത് ലാഹിയ പട്ടണത്തിന് സമീപം വടക്കന്‍ ഭാഗത്തേക്കും സൈന്യം കടന്നുകയറിക്കൊണ്ടിരിക്കുകയാണെന്നും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. ഗസ്സയുടെ പ്രധാന പാതയായ നെറ്റ്‌സരിം ഇടനാഴിയുടെ നിയന്ത്രണം പൂര്‍ണമായും ഇസ്‌റാഈല്‍ സൈന്യം തിരിച്ചുപിടിച്ചു. തെക്കന്‍ മേഖലയിലുള്ളവര്‍ വടക്കന്‍ ഗസ്സയിലേക്ക് കടക്കുന്നത് സൈന്യം വിലക്കി. ഗസ്സ നഗരത്തിലെ സെയ്തൂണ്‍ മേഖലയില്‍ ഇസ്‌റാഈല്‍ തീവ്രമായ വ്യോമാക്രമണം നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ഗസ്സ സിറ്റി, ഖാന്‍ യൂനുസ് എന്നിവിടങ്ങളിലും ആക്രമണം കനപ്പിച്ചിട്ടുണ്ട്. ഗസ്സക്കൊപ്പം വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ സൈനിക നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 49,617 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 112,950 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

 

Latest