Connect with us

International

ആകാശത്ത് നീല കലർന്ന പിങ്ക് നിറത്തിൽ വർണവിസ്മയം; പിന്നിലെ കാരണം ഇതാണ്

ബ്രിട്ടൻ്റെയും വടക്കേ അമേരിക്കയുടെയും യൂറോപ്പിൻ്റെയും ആകാശമാണ് നീലയും പിങ്കും കലർന്ന നിറത്തിൽ പ്രകാശിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | ഭൂമിക്ക് നേരെ അടിച്ചുവീശിയ അതിശക്തമായ സൗര കൊടുങ്കാറ്റിന്റെ ഫലമായി ആകാശം വർണാഭമായി. ബ്രിട്ടൻ്റെയും വടക്കേ അമേരിക്കയുടെയും യൂറോപ്പിൻ്റെയും ആകാശമാണ് നീലയും പിങ്കും കലർന്ന നിറത്തിൽ പ്രകാശിച്ചത്. ഈ കാഴ്ച കണ്ട് ആളുകൾ ആദ്യം ഞെട്ടി. പിന്നെ ക്യാമറയിൽ പകർത്തുന്ന തിരക്കായി.

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സോളാർ കൊടുങ്കാറ്റാണ് ഭൂമിക്ക് മേൽ പതിച്ചത്. ഇതിന്റെ പ്രതിഫലനമാണ് ടാസ്മാനിയ മുതൽ നിന്ന് ബ്രിട്ടൻ വരെ ആകാശം പിങ്ക് നീല നിറത്തിൽ വെട്ടിത്തിളങ്ങാനിടയാക്കിയത്.

ഇത്തരം നിമിഷങ്ങൾ വളരെ അപൂർവമാണെന്ന് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വന്നതിൽ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ഇത്തവണ ഉണ്ടായതെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ കാന്തിക കൊടുങ്കാറ്റ് ഭൂമിയിൽ പതിക്കുന്നത് സംബന്ധിച്ച് നേരത്തെ ശാസ്ത്ര ലോകം മുന്നറിയിപ്പ് നൽകിയിരുന്നു.

 

ഗ്രീൻവിച്ച് മീൻ ടൈം വൈകീട്ട് നാലിനാണ് നിരവധി കൊറോണൽ മാസ് എജക്ഷനുകളിൽ (CMEs) (സൂര്യനിൽ നിന്നുള്ള പ്ലാസ്മയുടെയും കാന്തികക്ഷേത്രങ്ങളുടെയും പുറന്തള്ളൽ) ആദ്യത്തേത് ഭൂമിയിൽ പതിച്ചതെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ്റെ (NOAA) സ്‌പേസ് വെതർ പ്രെഡിക്ഷൻ സെൻ്റർ അറിയിച്ചു. പിന്നീട് ഇത് “തീവ്രമായ” ഭൂകാന്തിക കൊടുങ്കാറ്റായി മാറുകയായിരുന്നു.

2003 ഒക്‌ടോബറിലെ “ഹാലോവീൻ കൊടുങ്കാറ്റ്” സ്വീഡനിൽ തടസ്സമുണ്ടാക്കുകയും ദക്ഷിണാഫ്രിക്കയിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളെ തകരാറിലാക്കുകയും ചെയ്തതിന് ശേഷമുള്ള ആദ്യത്തെ ശക്തിയേറിയ സൗര കൊടുങ്കാറ്റാണ് ഇപ്പോഴുണ്ടായത്.

അതേസമയം, സൗരകൊടുങ്കാറ്റിന്റെ ആഘാതത്തിൽ ആശയ വിനിമയ, പവർ ഗ്രിഡ് സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

 

Latest