Connect with us

International

മഞ്ഞുരുകുന്നു; ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റൈസി സഊദി അറേബ്യ സന്ദര്‍ശനത്തിന്

മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ഇറാനിയന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.

Published

|

Last Updated

തെഹ്‌റാന്‍ | ഇറാനും സഊദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റൈസി സഊദി സന്ദര്‍ശിക്കും. നേരത്തെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് ഇറാന്‍ പ്രസിഡന്റിനെ സഊദിയിലേക്ക് ക്ഷണിച്ചു കൊണ്ട് കത്തയച്ചിരുന്നു.

സല്‍മാന്‍ രാജാവിന്റെ കത്ത് കിട്ടിയെന്നും സന്തോഷത്തോടെ സ്വീകരിച്ചുവെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ഉപദേഷ്ടാവ് അറിയിച്ചു. സന്ദര്‍ശന തീയതിയെക്കുറിച്ചോ അതിന്റെ ക്രമീകരണങ്ങളെക്കുറിച്ചോ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ചൈനയുടെ മധ്യസ്ഥതയില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ കരാറുണ്ടാക്കിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും ഭാവി നടപടികളെക്കുറിച്ചും
സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരനും ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുല്ലാഹിയാനും ഞായറാഴ്ച ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.

മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ഇറാനിയന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ബന്ധങ്ങളിലെ അനുരഞ്ജനത്തില്‍ സംഭവിക്കുന്നത് കേവലം യാദൃശ്ചികമായ കാര്യങ്ങളല്ലെന്നും അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുകയെന്നതാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ പറഞ്ഞു.

 

 

Latest