Connect with us

Kerala

കുറ്റവാളികളെ സൃഷ്ടിക്കുന്ന സാമൂഹിക അന്തരീക്ഷം വളരുന്നു; പാലക്കാട്ട് ബ്രൂവറി തുടങ്ങാനുള്ള നീക്കം സര്‍വനാശത്തിലേക്ക്: മാര്‍ത്തോമ്മാ മെത്രാപ്പൊലിത്ത

മലയാളികളുടെ മാനസിക ആരോഗ്യം തകര്‍ക്കുന്നതില്‍ മദ്യ- മയക്കു മരുന്ന് ഉപയോഗങ്ങളുടെ വര്‍ധനവ് വലിയ പങ്കു വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

മാരാമണ്‍(കോഴഞ്ചേരി) |  പാലക്കാട്ട് ബ്രൂവറി തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍, ഇപ്പോള്‍ തന്നെ മദ്യത്തില്‍ മുങ്ങിയ ഈ നാടിനെ സര്‍വ്വനാശത്തിലേക്ക് നയിക്കുമെന്ന് മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലിത്ത. 130ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ മഹായോഗം മാരാമണ്ണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പൊലിത്ത.

കുറ്റവാളികളെ സൃഷ്ടിക്കുന്ന സാമൂഹിക അന്തരീക്ഷം കേരളത്തില്‍ വളരുന്നതായി
മെത്രാപൊലീത്ത അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പോലും ക്രിമിനല്‍ കേസുകളിലും പോക്സോ കേസുകളിലും പ്രതികളാകുന്നു. ക്രൂരമായ കൊലപാതകങ്ങളുടെ വാര്‍ത്തകളാണ് ദിവസവും കേള്‍ക്കേണ്ടി വരുന്നത്. മലയാളികളുടെ മാനസിക ആരോഗ്യം തകര്‍ക്കുന്നതില്‍ മദ്യ- മയക്കു മരുന്ന് ഉപയോഗങ്ങളുടെ വര്‍ധനവ് വലിയ പങ്കു വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്കെതിരായ പോരാട്ടത്തില്‍ വിവിധ സമുദായ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മാര്‍ത്തോമ്മാ സഭ സന്നദ്ധമാണെന്നും മെത്രാപ്പൊലിത്ത പറഞ്ഞു.

സാമൂഹിക മാധ്യമ ഉപയോഗത്തില്‍ വിശ്വാസ സമൂഹം കുറച്ചു കൂടി മാന്യതയും മാതൃകയുമായി വര്‍ത്തിക്കണം. സൈബര്‍ ധാര്‍മ്മികത നിലനിര്‍ത്തണം. സോഷ്യല്‍ മീഡിയയിലെ ഗോസിപ്പുകള്‍, സൈബര്‍ ലോകത്തിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ സൈ്വര്യജീവിതം തകര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

 

Latest