Connect with us

യാത്രാനുഭവം

സ്നേഹവസന്തം പെയ്തിറങ്ങിയ മണ്ണും മനസ്സും

ഹളർമൗത്തിലെ റബീഅ് കാലം അവരുടെ തനത് മുദ്രകൾ കൊണ്ട് ശ്രദ്ധേയമാണ്. റബീഉൽ അവ്വൽ ഒന്നിന്റെ പുലരിയിൽ തന്നെ മൗലിദിന്റെ സദസ്സുകൾക്ക് ആരംഭം കുറിക്കും. ആദ്യ സദസ്സ് തരീം പട്ടണത്തിലെ മസ്ജിദുൽ മിഹ്‌ളാറിലാണ്. വാഹനത്തിലും കാൽനടയായും കൊടുംതണുപ്പിനെ വകവെക്കാതെ നാനാ ഭാഗത്ത് നിന്നും ജനങ്ങൾ ഓടിയെത്തും. പള്ളിയുടെ ഉയരമുള്ള മിനാരങ്ങളിൽ നിന്നും വിദൂരതയിലേക്ക് ഒഴുകുന്ന മദ്ഹിന്റെ ഈരടികൾ ഹൃദ്യമാണ്.

Published

|

Last Updated

ഹളർമൗത്തിൽ സ്‌നേഹവസന്തം പെയ്തിറങ്ങുന്ന റബീഇന്റെ നാളുകൾ കൊടുംതണുപ്പുള്ള കാലമാണ്. ഒന്നിലധികം വസ്ത്രങ്ങളും കമ്പിളിയും കോട്ടും ധരിച്ചാലും തുളച്ചുകയറുന്ന തണുപ്പ് ശരീരത്തെ കുത്തിനോവിക്കും. കൊടുംവേനലിൽ പള്ളിയും റൂമുകളും ശീതീകരിക്കാൻ ഉപയോഗിച്ചിരുന്ന “സ്വഹ്‌റാവി’കളെല്ലാം കവറിട്ട് മൂടും. ബാത്‌റൂമുകളിലും മറ്റും ഘടിപ്പിച്ചിരിക്കുന്ന ഹീറ്റർ നിരന്തരം പ്രവർത്തിക്കാൻ തുടങ്ങും. കമ്പിളിപ്പുതപ്പില്ലാത്തവർക്ക് ക്യാമ്പസിൽ സൗജന്യമായി തന്നെ അവ വിതരണം ചെയ്യും. എല്ലാവരും മൂടിപ്പുതച്ചാണ് പള്ളിയിൽ വരുന്നതും ക്ലാസുകളിലിരിക്കുന്നതും. പലരുടെയും മുഖം കരുവാളിച്ചിട്ടുണ്ടാകും. ചുണ്ട് കറുത്ത് തൂങ്ങും. ആകെ ഈർഷ്യം പിടിച്ച അവസ്ഥയായിരിക്കും. നടക്കുമ്പോൾ കാൽ വിണ്ടുകീറാതിരിക്കാനും ചിരിക്കുമ്പോൾ ചുണ്ട് വലിഞ്ഞ് പൊട്ടാതിരിക്കാനും നന്നായി പാടുപെടും. എപ്പോഴും തുറന്ന് കിടക്കുന്ന പള്ളിയുടെ വാതിലുകൾ അടഞ്ഞ് തന്നെ കിടക്കും. വാതിൽ തുറന്ന് അകത്ത് കടക്കുന്നവരെ നോക്കി ഉള്ളിലിരിക്കുന്നവർ അസ്വസ്തത പ്രകടിക്കുന്നത് കാണാം. പുറത്ത് നിന്നും അവരോടൊപ്പം അസഹനീയമായ തണുപ്പും അകത്തേക്ക് കുതിച്ച് വരുന്നതാണ് കാരണം. ഈ കൊടുംതണുപ്പിലും തിരുപ്പിറവിയുടെ വസന്ത നാളുകൾ വന്നാൽ ഹള്‌റമികളുടെ മനസ്സിലും ആനന്ദത്തിന്റെ കുളിർമഴ പെയ്യുന്നുണ്ടാകും.


ഹളർമൗത്തിലെ റബീഅ് കാലം അവരുടെ തനത് മുദ്രകൾ കൊണ്ട് ശ്രദ്ധേയമാണ്. റബീഉൽ അവ്വൽ ഒന്നിന്റെ പുലരിയിൽ തന്നെ മൗലിദിന്റെ സദസ്സുകൾക്ക് ആരംഭം കുറിക്കും. ആദ്യ സദസ്സ് തരീം പട്ടണത്തിലെ മസ്ജിദുൽ മിഹ്‌ളാറിലാണ്. ദാറുൽ മുസ്ത്വഫയിലെ സുബ്ഹി നിസ്‌കാരവും പ്രാർഥനയും കഴിഞ്ഞ് എല്ലാവരും അങ്ങോട്ട് പുറപ്പെടും. വാഹനത്തിലും കാൽനടയായും കൊടും തണുപ്പിനെ വകവെക്കാതെ നാനാ ഭാഗത്ത് നിന്നും ജനങ്ങൾ ഓടിയെത്തുകയായിരിക്കും. പള്ളിയുടെ ഉയരമുള്ള മിനാരങ്ങളിൽ നിന്നും വിദൂരതയിലേക്ക് ഒഴുകുന്ന മദ്ഹിന്റെ ഈരടികൾ ഹൃദ്യമാണ്. വാഹനം പാർക്ക് ചെയ്ത് പള്ളിയിലേക്ക് ഓടുകയാണെല്ലാവരും. മുന്നിലെത്താനുള്ള ആഗ്രഹമാണ്. ഇമാം അബ്ദുർറഹ്മാൻ ദീബഈ രചിച്ച “മൗലിദു ദീബഈ’യാണ് അവിടെ പാരായണം ചെയ്യുന്നത്. പള്ളിയിലെത്തുമ്പോൾ പള്ളി നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. വിശാലമായ നടുത്തളത്തിലാണ് സ്ഥലം കിട്ടിയത്. ഞങ്ങൾ അവിടെ ഇരുന്നു. ഒരാൾ ഒരു സദസ്സിൽ വന്നിരുന്നാൽ ഇരു ഭാഗങ്ങളിലും ഇരിക്കുന്നവരെ ഹസ്തദാനം ചെയ്യുക എന്നത് തരീമിലെ പതിവ് കാഴ്ചയാണ്. സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും നല്ല മാതൃകയാണിതെന്ന് തോന്നിയിട്ടുണ്ട്. എല്ലാവരും വലിയ ആവേശത്തിലാണ്. റബീഉൽ അവ്വൽ സമാഗതമായതിന്റെ സന്തോഷം അവരുടെ മുഖത്ത് കാണാം.

പിറകിലേക്ക് നോക്കിയപ്പോൾ നടുത്തളം നിറഞ്ഞ് ആളുകൾ പുറത്തേക്കെത്തിയിട്ടുണ്ട്. അകത്ത് മാത്രമേ ഇരിക്കാൻ കാർപ്പറ്റ് വിരിച്ചിട്ടുള്ളൂ. പുറത്തിരിക്കുന്നവർ കൈയിലുള്ള ശാളോ പുതപ്പോ വിരിക്കണം. അങ്ങനെ സദസ്സ് വലുതായി നിരത്തിലേക്ക് നീളും. ശരീരത്തിൽ തുളച്ചുകയറുന്ന കൊടുംതണുപ്പിൽ ഇവരെ പിടിച്ചിരുന്നത് തിരുനബി(സ)യോടുള്ള മഹബ്ബത് മാത്രമാണെന്നതാണ് യാഥാർഥ്യം. സയ്യിദന്മാരും പണ്ഡിതരും സദസ്സിന്റെ മുന്നിലായിരിക്കും. ഇത്തരം വിശേഷ ദിവസങ്ങളിൽ തരീമിലെ മുഴുവൻ സയ്യിദ് പ്രമുഖരും പണ്ഡിതന്മാരും സന്നിഹിതരായിരിക്കും. മൗലിദിന് നേതൃത്വം നൽകുന്ന ആലാപനക്കാരും അവർക്കൊപ്പമുണ്ടാകും. പ്രായം ചെന്നവരാണ് മൗലിദിന് നേതൃത്വം കൊടുക്കുന്നത്. യമനീ ശൈലിയിലുള്ള അവരുടെ പാരായണം ഹൃദ്യമാണ്. ബാഹർമി ഗോത്രക്കാരാണവർ. ഇമാം ഹദ്ദാദ് (റ)ന്റെ പാട്ടുകാരാണ് ബാ ഹർമികൾ. പാരമ്പര്യമായി അവർ ഈ ബഹുമതി ഇന്നും സൂക്ഷിച്ചു പോരുന്നുണ്ട്. ഇവിടെ കഹ്്വ വിതരണം ചെയ്യുന്നവരും ഊദ് പുകക്കുന്നവരും പ്രത്യേക ഗോത്രങ്ങളിൽ പെട്ടവരാണ്.

റബീഉൽ അവ്വൽ പതിനൊന്നിന് അസർ നിസ്‌കാര ശേഷം തരീമിലെ അൽ ഖലീഫ് പ്രദേശത്തെ മസ്ജിദ് ശുക്്റയിൽ നടക്കുന്ന മൗലിദ് പരിപാടിയോടെയാണ് ഹളർമൗത്തിൽ പന്ത്രണ്ടിലെ നബിദിനാഘോഷത്തിന്റെ തുടക്കം. ആലു അബീ അലവി കുടുംബത്തിലെ സയ്യിദുമാരുടെ നേതൃത്വത്തിലായിരിക്കും പരിപാടി. സയ്യിദ് ജാഫറുൽ ബർസഞ്ചി രചിച്ച “ബർസഞ്ചി മൗലിദാ’ണ് ഇവിടെ പാരായണം ചെയ്യുന്നത്. ബാ ഫള്ൽ പണ്ഡിതരാണ് മൗലിദ് ചൊല്ലുന്നത്.ശേഷം ബാ ഹർമികളുടെ നശീദയും ഉണ്ടാകും. പിന്നീട് ഓരോ ദിവസവും വ്യത്യസ്ത പള്ളികളിലും സാവിയകളിലും രിബാത്വ് കളിലും വിപുലമായ മൗലിദ് സദസ്സുകൾ നടക്കും.

റബീഉൽ അവ്വൽ 12 ന് ഹളർമൗത്തിൽ മുഴുക്കെ മീലാദാഘോഷങ്ങളുടെ അലയൊലികളായിരിക്കും. പക്ഷേ, ഞങ്ങൾ, ഏതാനും വിദ്യാർഥികൾക്ക് യമനിലെ വളരെ പ്രശസ്തമായ ഹുദൈദ, സബീദ് എന്നീ ചരിത്ര നഗരങ്ങൾ സന്ദർശിക്കാനായി ദീർഘമായ ഒരു യാത്ര തരപ്പെട്ടിരുന്നത് കൊണ്ട് ഹളർമൗത്തിലെ പന്ത്രണ്ടിലെ നബിദിനാഘോഷങ്ങളിൽ പങ്കെടുക്കാനായില്ല. ഹളർമൗത്തിനപ്പുറം യമനിന്റെ നോർത്ത് ഈസ്റ്റ് ഭാഗങ്ങളിൽ നടക്കുന്ന മീലാദാഘോഷങ്ങൾ എങ്ങനെയാണെന്നും അവിടേക്കുള്ള പാതയോരങ്ങളിൽ ഞങ്ങൾ കണ്ട കാഴ്ചകളും തിരുപ്പിറവിയുടെ സന്തോഷത്തെ വിളിച്ചോതുന്നതായിരുന്നു.

ദാറുൽ മുസ്ത്വഫയിലെ മീലാദ് പരിപാടി റബീഉൽ അവ്വലിലെ അവസാന തിങ്കളാഴ്ചയാണ്. പതിമൂന്ന് മുതൽ ക്യാമ്പസിൽ നടക്കുന്ന മൗലിദ് സദസ്സുകൾ വളരെ ഹൃദ്യമാണ്. റൂമുകളിലും വരാന്തയിലും കോണിപ്പടിയിലും മുറ്റത്തും മക്തബിലും തുടങ്ങി സ്ഥാപനത്തിനകത്ത് എല്ലാ കോണുകളിലും തിരു ഹബീബ് (സ) യുടെ മദ്ഹിന്റെ അലയൊലികൾ ഉയരുന്ന മജ്‌ലിസുകൾ സംഘടിപ്പിക്കും. വൈകുന്നേരം നടക്കുന്ന പ്രൗഢ ഗംഭീരമായ റാലിയോടെയാണ് സമാപന പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. പണ്ഡിതരും സാദാത്തുക്കളും മുന്നിൽ തന്നെ അണിനിരക്കും. നാട്ടിലെ ജനങ്ങളെല്ലാം പങ്കെടുക്കുന്ന റാലിയിൽ ദഫിന്റെ അകമ്പടിയിൽ മൗലിദിന്റെ ഈരടികളേറ്റുപാടും. ക്യാമ്പസിന്റെ മുറ്റത്താണ് റാലി സമാപിക്കുക. അന്നേ ദിവസം രാത്രിയിൽ നടക്കുന്ന പരിപാടി വളരെ ആകർഷണീയമാണ്. ഓരോ ട്രൂപ്പുകൾ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട പ്ലോട്ടുകൾ അവതരിപ്പിക്കും. ഇസ് ലാമിക ചരിത്രത്തെ അനുസ്മരിക്കുന്ന ഒട്ടേറെ മോഡലുകൾ പ്രദർശിപ്പിക്കും. കച്ചവക്കാർ അവരുടെ കടയിലിരുന്ന് ഖുർആൻ ഓതുന്ന മാതൃകയിലാണ് വരിക. ശേഷം കച്ചവടവുമായി ബന്ധപ്പെട്ട ഹദീസുകൾ അവർ വിശദീകരിക്കും. അറവുകാർ ആടുമായി വരും. സദസ്സിന് മുന്നിൽ വെച്ച് അതിനെ അറുക്കും. അറവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവർ സംസാരിക്കും. കർഷകർ കലപ്പയുമായി വരും. അമ്പെയ്ത്തുകാരും അയോധന കലാകാരന്മാരും അവരുടെ പ്രകടനങ്ങൾ കാഴ്ചവെക്കും. ഇങ്ങനെ ക്രിയാത്മകമായ ഒട്ടേറെ കാര്യങ്ങളാണ് ഹളർമൗത്തിലെ നബിദിനാഘോഷത്തിന്റെ ഭാഗമായി നടക്കാറുള്ളത്.

 

 

Latest