Kerala
സോളാര്‍ സമരം നടത്തിയത് വി എസിന്റെ വാശിക്ക് വഴങ്ങി; വെളിപ്പെടുത്തലുമായി ചെറിയാന്‍ ഫിലിപ്പ്
'തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് വിളിച്ചത്. താന്‍ പറഞ്ഞിട്ടാണ് ജോണ്‍ ബ്രിട്ടാസ് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കാളിയായത്.
തിരുവനന്തപുരം | സോളാര്‍ സമരത്തില്‍ വെളിപ്പെടുത്തലുമായി ചെറിയാന്‍ ഫിലിപ്പ്. വി എസിന്റെ വാശിക്ക് വഴങ്ങിയാണ് സമരം നടത്തിയതെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് വിളിച്ചത്. ഇടതുമുന്നണിക്കും ഒത്തുതീര്‍പ്പിന് താത്പര്യമുണ്ടെന്ന് തിരുവഞ്ചൂരിനെ അറിയിച്ചു.
താന്‍ പറഞ്ഞിട്ടാണ് ജോണ്‍ ബ്രിട്ടാസ് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കാളിയായത്. ബ്രിട്ടാസിനൊപ്പം തിരുവഞ്ചൂരിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. സമരം തീര്‍ക്കാന്‍ ആര് മുന്‍കൈ എടുത്തുവെന്നത് പ്രസക്തമല്ല.
സമരം തീര്‍ക്കാന്‍ ഇരു മുന്നണികള്‍ക്കും താത്പര്യമുണ്ടായിരുന്നു. സി പി എം അണികളാണ് സമരം അവസാനിച്ചതില്‍ ഏറ്റവും സന്തോഷിച്ചതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചത്: തിരുവഞ്ചൂര്‍
സോളാര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് യു ഡി എഫിന് തോന്നിയെന്നും അതിന് ശ്രമം നടത്തുകയും പരിഹരിക്കുകയും ചെയ്തതായും തിരുവഞ്ചൂര്‍ പറഞ്ഞു. സമരം സി പി എമ്മും കോണ്‍ഗ്രസും തമ്മില്‍ ഒത്തുതീര്‍പ്പാക്കിയതാണെന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലില്‍ വിവാദമായൊന്നുമില്ല. അന്ന് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും എല്ലാവരുമായി ചര്‍ച്ച നടത്തിയെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാധ്യമപ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായ ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ച് ഉമ്മന്‍ ചാണ്ടിയോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍.