Articles
ജൈവ യുക്തിയുള്ള കോടതി വിധികളാണ് പരിഹാരം
മരത്തിലിരിക്കുന്ന നൂറ് കിളികളിൽ ഒന്നിനെ വെടിവെച്ചു വീഴ്ത്തിയാൽ ബാക്കിയെത്രയെന്ന ചോദ്യത്തിന് ഉത്തരം തൊണ്ണൂറ്റൊമ്പത് എന്നാണെങ്കിൽ അത് യാന്ത്രിക യുക്തിയാണ്. വെടിയൊച്ച കേട്ടാൽ അപകടം മണക്കുന്ന പക്ഷിക്കൂട്ടം പാറിപ്പോകുമെന്നത് ജൈവ യുക്തിയും. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നാണെന്ന് കണ്ടെത്തുന്ന ബഷീറിയൻ സമവാക്യം ഒന്നും ഒന്നും കൂട്ടിയാൽ എപ്പോഴും രണ്ടായിരിക്കില്ലെന്ന ജീവിതഗന്ധിയായ ഓർമപ്പെടുത്തലാണ്. ജൈവ യുക്തിയിലേക്ക് ന്യായാധിപർ വളരേണ്ടി വരാറുള്ളത് നീതിന്യായ വ്യവഹാരങ്ങളിൽ അന്തിമ തീർപ്പ് നടത്തേണ്ട ഘട്ടങ്ങളിലാണ്
മരത്തിലിരിക്കുന്ന നൂറ് കിളികളിൽ ഒന്നിനെ വെടിവെച്ചു വീഴ്ത്തിയാൽ ബാക്കിയെത്രയെന്ന ചോദ്യത്തിന് ഉത്തരം തൊണ്ണൂറ്റൊമ്പത് എന്നാണെങ്കിൽ അത് യാന്ത്രിക യുക്തിയാണ്. വെടിയൊച്ച കേട്ടാൽ അപകടം മണക്കുന്ന പക്ഷിക്കൂട്ടം പാറിപ്പോകുമെന്നത് ജൈവ യുക്തിയും. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നാണെന്ന് കണ്ടെത്തുന്ന ബഷീറിയൻ സമവാക്യം ഒന്നും ഒന്നും കൂട്ടിയാൽ എപ്പോഴും രണ്ടായിരിക്കില്ലെന്ന ജീവിതഗന്ധിയായ ഓർമപ്പെടുത്തലാണ്. യാന്ത്രിക യുക്തിയുടെ പുറന്തോട് പൊളിച്ച് യാഥാർഥ്യബോധത്തിന്റെ ജൈവ യുക്തിയിലേക്ക് ന്യായാധിപർ വളരേണ്ടി വരാറുള്ളത് നീതിന്യായ വ്യവഹാരങ്ങളിൽ അന്തിമ തീർപ്പ് നടത്തേണ്ട ഘട്ടങ്ങളിലാണ്. അവിടെ ന്യായാധിപർ പരാജയപ്പെട്ടു പോകുന്നത് എത്രയും കണ്ടിട്ടുണ്ട് നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിൽ. അവ്വിധമൊരു വിധിതീർപ്പ് ഈയിടെ ഉണ്ടായത് ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യമനുവദിച്ച സുപ്രീം കോടതി വിധിയിലാണ്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഡിവിഷൻ ബഞ്ചാണ് ഡൽഹി മദ്യനയ അഴിമതിക്കേസിൽ പോയ വാരം അരവിന്ദ് കെജ്‌രിവാളിന് ജാമ്യമനുവദിച്ചത്. ജാമ്യമനുവദിക്കാമെന്ന കാര്യത്തിൽ മാത്രമായിരുന്നു രണ്ട് ന്യായാധിപർക്കും സ്വരച്ചേർച്ച ഉണ്ടായിരുന്നത്. കെജ്‌രിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്തതിന്റെ നിയമസാധുതയിൽ ഇരുവർക്കും വ്യത്യസ്ത നിരീക്ഷണങ്ങളായിരുന്നു. സി ആർ പി സി പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് ആം ആദ്മി പാർട്ടി നേതാവിനെ സി ബി ഐ അറസ്റ്റ് ചെയ്തത്. അതിനാൽ അറസ്റ്റ് ചെയ്ത സി ബി ഐ നടപടി ശരിവെക്കുന്നു എന്നതായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ പക്ഷം. എന്നാൽ അരവിന്ദ് കെജ്‌രിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്ത സാഹചര്യത്തെ ചോദ്യം ചെയ്യുകയായിരുന്നു ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. ഇ ഡി കേസിൽ കെജ്‌രിവാൾ ജയിൽ മോചിതനാകുന്നു എന്ന നില വന്നപ്പോൾ അതിന് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു സി ബി ഐ അറസ്റ്റെന്ന നിരീക്ഷണത്തിലെത്തി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. കെജ്‌രിവാൾ പുറം ലോകം കാണാൻ പോകുന്നെന്ന ബോധ്യം വന്നപ്പോഴാണ് 22 മാസത്തിലധികമായി അറസ്റ്റ് വേണ്ടിയിരുന്നില്ലാത്ത സി ബി ഐക്ക് അറസ്റ്റിന് ധൃതിയുണ്ടായതെന്ന ന്യായാധിപ നിരീക്ഷണം യാന്ത്രികതക്കപ്പുറത്തെ യാഥാർഥ്യ ബോധത്തോടെയുള്ള സമീപനമാണ്.
സി ആർ പി സി 41 എ വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്തതെന്ന നിരീക്ഷണം രേഖപ്പെടുത്തിയ ജസ്റ്റിസ് സൂര്യകാന്ത് അറസ്റ്റിന് കാരണമായി സി ബി ഐ ചൂണ്ടിക്കാട്ടിയ ന്യായീകരണം അവഗണിക്കുകയായിരുന്നു എന്നുവേണം കരുതാൻ. കുറ്റാരോപിതൻ പിടിതരാത്ത വിധത്തിലുള്ള മറുപടിയാണ് നൽകുന്നതെന്നും ചോദ്യം ചെയ്യുന്നതിനോട് നിസ്സഹകരിക്കുന്നെന്നുമായിരുന്നു അറസ്റ്റിന് നിദാനമായി സി ബി ഐ ചൂണ്ടിക്കാട്ടിയിരുന്നത്.
സി ആർ പി സി യുടെ 41എ(1) വകുപ്പ് പ്രകാരം കുറ്റാരോപിതൻ കസ്റ്റഡിയിൽ ഉണ്ടെങ്കിൽ പിന്നെ ചോദ്യം ചെയ്യാൻ ഔദ്യോഗിക നോട്ടീസ് അയക്കേണ്ടതില്ല. ഇ ഡി കസ്റ്റഡിയിലായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നതിനുള്ള സി ബി ഐ അപേക്ഷ ഇതു പ്രകാരമാണെന്നാണ് ജസ്റ്റിസ് സൂര്യകാന്ത് ജാമ്യ വിധിയിൽ രേഖപ്പെടുത്തിയത്. എന്നാൽ സി ആർ പി സിയിലെ 41എ(3) വകുപ്പ്, 41എ(1) പ്രകാരം കുറ്റാരോപിതനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സംരക്ഷണം നൽകുന്നുണ്ടെന്ന കാര്യം ജസ്റ്റിസ് സൂര്യകാന്തിന്റെ പരിഗണനയിൽ വന്നില്ല. കുറ്റാരോപിതന്റെ അറസ്റ്റ് അനിവാര്യമാക്കുന്ന കാരണങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രമാണ് അറസ്റ്റെന്നാണ് സി ആർ പി സി 41എ(3) വകുപ്പിന്റെ ഉള്ളടക്കം. കുറ്റാരോപിതനായ അരവിന്ദ് കെജ്‌രിവാൾ ഇ ഡി കസ്റ്റഡിയിലുണ്ടായിരിക്കെ സി ബി ഐക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ പ്രയാസമില്ല. അതേസമയം അറസ്റ്റ് ചെയ്യാൻ മതിയായ കാരണങ്ങൾ രേഖപ്പെടുത്താതിരിക്കെ സി ബി ഐ അറസ്റ്റിന് കീഴൊപ്പ് ചാർത്താൻ നിയമപരമായ പഴുതില്ല തന്നെ. പിടിതരാത്ത മറുപടിയാണ് കുറ്റാരോപിതൻ നൽകുന്നതെന്നും സഹകരിക്കുന്നില്ലെന്നുമുള്ള സി ബി ഐ വാദം അറസ്റ്റ് നിയമപരമാണെന്ന് വിധിയെഴുതാൻ പര്യാപ്തമല്ലെന്നിരിക്കെ ജസ്റ്റിസ് സൂര്യകാന്തിന്റെ വിധിനിരീക്ഷണങ്ങൾ യാന്ത്രികമായ സമീപനത്തിന്റെ ഫലമാണെന്നാണ് മനസ്സിലാക്കേണ്ടത്.
അറസ്റ്റിന് മതിയായ കാരണങ്ങളൊന്നും ഇല്ലാതിരിക്കെ ഇ ഡി കേസിൽ അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നു എന്ന് കണ്ടപ്പോൾ സി ബി ഐക്കുണ്ടായ ബോധോദയമാണ് അറസ്റ്റെന്ന നിരീക്ഷണം കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ജൈവ യുക്തിയുടെ തിരിച്ചറിവാണ്. ആ തിരിച്ചറിവിലേക്ക് വളരുക എന്നത് ന്യായാധിപ സമൂഹത്തിന് പ്രധാനമാണ്. അല്ലാത്തപക്ഷം പൗരന് സ്വാഭാവികമായി ലഭ്യമാകേണ്ട നീതി നിയമക്കുരുക്കുകളിലും സാങ്കേതികത്വങ്ങളിലും തട്ടിത്തെറിച്ചു പോകും. അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമങ്ങൾക്കപ്പുറത്തെ കോടതി നടപടികളുടെ സങ്കീർണതകളും കൂടി ചേർന്നതാണ് നമ്മുടെ ജുഡീഷ്യറി. അയവില്ലാത്ത നടപടിക്രമങ്ങളിലെ സങ്കീർണതകളാണ് നിയമ വ്യവഹാരങ്ങൾ കോടതികളിൽ തീർപ്പാകാൻ കാലങ്ങളെടുക്കുന്നതിന് പ്രധാന കാരണമെന്നിരിക്കെ നീതി ലഭ്യതയിൽ ന്യായാധിപർക്ക് വലിയ പങ്കുണ്ടെന്ന് കൂടി തെര്യപ്പെടുത്തുന്നുണ്ട് അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ വിധി.