Connect with us

editorial

ഇസ്റാഈലിനെ നിലക്ക് നിര്‍ത്തുകയാണ് പരിഹാരം

പശ്ചിമേഷ്യയിലെ തുറന്ന യുദ്ധം ഒഴിവാക്കാന്‍ ലോകം ഒരുമിച്ച് ശ്രമിക്കുകയാണ് വേണ്ടത്. അതിന് ആദ്യം സംഭവിക്കേണ്ടത് ഇസ്റാഈലിന്റെ ചോരക്കൊതിക്ക് തടയിടുകയാണ്. അതിന് സാധിക്കുന്ന ഒരു രാജ്യമേയുള്ളൂ, യു എസ്. അവരത് ചെയ്യില്ല എന്നുറപ്പാണ്.

Published

|

Last Updated

പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക കനത്തുനില്‍ക്കുന്നു അന്തരീക്ഷത്തില്‍. ഇസ്‌റാഈലിന്റെ നിരന്തര അതിക്രമങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ കഴിഞ്ഞ ദിവസം തെല്‍ അവീവിനു മേല്‍ നടത്തിയ മിസൈല്‍ ആക്രമണമാണ് മേഖലയില്‍ യുദ്ധഭീതി കനപ്പിച്ചത്. ഇതുവരെ ഗസ്സയിലും ബെയ്റൂത്തിലും ഏകപക്ഷീയ ആക്രമണം നടത്തുകയായിരുന്നു ഇസ്റാഈല്‍. യു എന്‍ പ്രമേയങ്ങളും അഭ്യര്‍ഥനകളും തള്ളി. അന്താരാഷ്ട്ര സമൂഹത്തിന്റെ മുറവിളികള്‍ അവഗണിച്ചു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അട്ടിമറിച്ചു. ഗസ്സയെ ശ്മശാനമാക്കിയേ അവസാനിപ്പിക്കൂ എന്നായിരുന്നു നെതന്യാഹുവിന്റെ പിടിവാശി. അതിനായി ആശുപത്രികളിലും അഭയാര്‍ഥി ക്യാമ്പുകളിലും ബോംബ് വര്‍ഷിച്ചു. ആകാശ, കര മാര്‍ഗങ്ങളില്‍ മരണം വിതച്ചു.

ഗസ്സയില്‍ ഇതിനകം കൊന്നുതള്ളിയത് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 40,000ത്തിലേറെപ്പേരെ. ഗസ്സ ആക്രമണത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ലബനാനിലെ ബെയ്റൂത്തിലും ഇസ്റാഈല്‍ ആക്രമണത്തിനിറങ്ങിയത്. അവിടെയും മരണം പെരുകിക്കൊണ്ടിരിക്കുന്നു.
ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയെ ഇസ്റാഈല്‍ വകവരുത്തിയത് ഇറാനില്‍ കയറിയാണ്.

പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മസൂദ് പെസഷ്‌കിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനെത്തിയപ്പോഴാണ് ഹനിയ്യയെ ഇസ്റാഈല്‍ വകവരുത്തിയത്. ഇറാന്‍ നാണക്കേടിലേക്ക് എടുത്തെറിയപ്പെട്ട സംഭവമായിരുന്നു ഹനിയ്യയുടെ കൊലപാതകം. തങ്ങളുടെ അധികാര പരിധിയില്‍ കടന്നുവന്ന് മറ്റൊരു രാജ്യം തങ്ങളുടെ അതിഥിയുടെ ജീവനെടുത്തു എന്നത് ഇറാന് പൊറുക്കാന്‍ കഴിയുമായിരുന്നില്ല. അതിന്റെ രോഷം കത്തിനില്‍ക്കെയാണ് ലബനാനിലെ പേജര്‍ സ്ഫോടനത്തില്‍ ഹിസ്ബുല്ല നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെടുന്നത്. ഇസ്റാഈല്‍ ആസൂത്രണം ചെയ്തതായിരുന്നു ഈ സ്‌ഫോടനവും. പിറകെ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെയും വധിച്ചു ഇസ്റാഈല്‍. ആക്രമണം ലബനാനില്‍ ആയിരുന്നെങ്കിലും കൊണ്ടത് ഇറാനിനായിരുന്നു.

ഇസ്‌റാഈല്‍ വിരുദ്ധതയാണ് ഇറാന്റെ പൊതുവായ രാഷ്ട്രീയ സ്വഭാവം. പ്രത്യക്ഷത്തില്‍ ഇസ്റാഈല്‍ വിരോധം പ്രകടിപ്പിക്കുമ്പോഴും സയണിസ്റ്റ് രാജ്യവുമായി അണിയറയില്‍ കൊടുക്കല്‍വാങ്ങലുകള്‍ നടത്തുന്നുണ്ട് ഇറാന്‍ എന്ന ആരോപണമുണ്ട്. തെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്നുകയറി ഇസ്മാഈല്‍ ഹനിയ്യയെ കൊല്ലാന്‍ ഇസ്റാഈലിന് സാധിച്ചതെങ്ങനെ എന്ന ചോദ്യത്തിന് ഇനിയും കൃത്യമായ ഉത്തരം നല്‍കാന്‍ ഇറാന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ശിയാ ഭരണകൂടത്തില്‍ നിന്ന് ആരുടെയെങ്കിലും സഹായം ലഭിക്കാതെ അത് സാധ്യമാണോ എന്ന സംശയവും അസ്ഥാനത്തല്ല. പക്ഷേ ഇറാനിലെ ജനങ്ങള്‍ ഈ തരത്തിലുള്ള രഹസ്യ ബന്ധങ്ങളെ ഒരു നിലക്കും അംഗീകരിക്കില്ല. ഹനിയ്യ കൊല്ലപ്പെട്ടതിന് പിറകെ ശക്തിപ്പെട്ട ഇസ്റാഈല്‍ വിരുദ്ധ ജനവികാരം നസ്‌റുല്ലയുടെ കൊലപാതകത്തോടെ മൂര്‍ധന്യതയിലെത്തി എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ ഭരണകൂടത്തിന് അടങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെയാണ് തെഹ്‌റാനില്‍ നിന്ന് തെല്‍ അവീവിലേക്ക് മിസൈലുകള്‍ പറന്നത്.

ഇസ്റാഈല്‍ തന്നെയാണ് യു എസ്, യു എസ് തന്നെയാണ് ഇസ്റാഈല്‍. രണ്ട് രാജ്യങ്ങളായിരിക്കുമ്പോഴും അവര്‍ ഒറ്റ രാഷ്ട്രീയ ശരീരമാണ്. അത് മുമ്പും തെളിയിച്ചിട്ടുള്ളതാണ്. യു എസ് കൂടെയുണ്ടാകും എന്ന ഉറപ്പില്‍ മാത്രമാണ് ഗസ്സയില്‍ ഇസ്റാഈല്‍ മരണമഴ പെയ്യിച്ചത്. ലബനാനില്‍ ആക്രമണം നടത്തുമ്പോഴും അമേരിക്ക തന്നെയാണ് സയണിസ്റ്റ് ഭരണകൂടത്തിന് കാവല്‍. ഇറാനില്‍ നിന്ന് ഇസ്റാഈലിനെ ലക്ഷ്യമാക്കി മിസൈലുകള്‍ പാഞ്ഞു എന്നറിഞ്ഞപ്പോള്‍ യു എസ് പ്രകടിപ്പിച്ച വെപ്രാളം ലോകം കണ്ടതാണ്. ജൂതരാഷ്ട്രത്തിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ കുറിച്ചാണ് ജോ ബൈഡന്‍ അന്നേരം സംസാരിച്ചത്. 1948 മെയ് 14ന് ബ്രിട്ടന്റെ വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന അമേരിക്കയുടെ സന്തതിയാണ് ഇസ്റാഈല്‍. ഈ അക്രമി രാജ്യത്തിന്റെ ഇപ്പോഴത്തെയും സംരക്ഷകര്‍ യു എസും ബ്രിട്ടനുമാണ്. ഇസ്‌റാഈല്‍ ഭീകരതയെ അമേരിക്കയാണ് കൂടുതല്‍ പാലൂട്ടിയത്. ഇനിയും അതില്‍ മാറ്റമുണ്ടാകില്ല. ട്രംപ് പോയി ബൈഡന്‍ വന്നപ്പോള്‍ പശ്ചിമേഷ്യയില്‍ നീതിപൂര്‍വകമായ നിലപാട് സ്വീകരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു പലരും. ഇനി ബൈഡന്‍ പോയി കമലാ ഹാരിസോ ഡൊണാള്‍ഡ് ട്രംപ് തന്നെയുമോ വന്നാലും ഇസ്റാഈലിനോടുള്ള യു എസിന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ല. ലക്ഷക്കണക്കിന് മനുഷ്യരെ ജൂതരാജ്യം കൊന്നുതള്ളിയാലും തോളില്‍ കൈയിട്ട് അഭിനന്ദിക്കാന്‍ യു എസ് ഉണ്ടാകും. അതാണ് ബൈഡന്‍ നെതന്യാഹുവിന് നൽകുന്ന ഉറപ്പ്. ഗസ്സയിലെയും ബെയ്റൂത്തിലെയും ചോരക്കളിയില്‍ കൈകെട്ടി നിന്ന യു എസ്, ഇറാനില്‍ നിന്നുള്ള മിസൈലുകള്‍ ഇസ്റാഈലില്‍ പതിക്കുമ്പോള്‍ കാണിക്കുന്ന നടുക്കത്തിന്റെ നൂറിലൊരംശം ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ സ്വിച്ചിട്ട പോലെ നിന്നേനെ സയണിസ്റ്റ് അതിക്രമം.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ലോകാടിസ്ഥാനത്തില്‍ തന്നെ ജനജീവിതത്തെ ബാധിക്കും. ക്രൂഡ് ഓയിലിന് വില വര്‍ധിക്കും. സ്വര്‍ണ വില കുതിക്കും. ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോള്‍ അതിന്റെ പ്രതിഫലനം എല്ലാ രാജ്യങ്ങളിലുമുണ്ടാകും. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കും. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാകും. യുദ്ധത്തിന്റെ കണക്കെടുപ്പില്‍ നഷ്ടങ്ങള്‍ ഏതെങ്കിലും പ്രദേശത്ത് മാത്രമായി ഒതുങ്ങില്ല. പശ്ചിമേഷ്യയിലെ തുറന്ന യുദ്ധം ഒഴിവാക്കാന്‍ ലോകം ഒരുമിച്ച് ശ്രമിക്കുകയാണ് വേണ്ടത്. അതിന് ആദ്യം സംഭവിക്കേണ്ടത് ഇസ്റാഈലിന്റെ ചോരക്കൊതിക്ക് തടയിടുകയാണ്. അതിന് സാധിക്കുന്ന ഒരു രാജ്യമേയുള്ളൂ, യു എസ്. അവരത് ചെയ്യില്ല എന്നുറപ്പാണ്. ഇറാനെ ഉപദേശിച്ചും ഗുണദോഷിച്ചും എന്തെങ്കിലും ചെയ്തുവെന്ന് വരുത്താനുള്ള ശ്രമമാണ് ലോകരാജ്യങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. പശ്ചിമേഷ്യന്‍ പ്രശ്നത്തിന്റെ മര്‍മം സയണിസ്റ്റ് ഭീകരതയാണ്. അത് തൊടാതെയുള്ള ഏത് പ്രതികരണവും പരിഹാസ്യമായ നടപടി ആയിരിക്കും.

Latest